Month: ഏപ്രിൽ 2019

അതാരാണ്?

ഒരു മനുഷ്യന്‍ തന്റെ വീടിന് പുറത്ത് സെക്യൂരിറ്റി ക്യാമറ ഘടിപ്പിച്ചിട്ട്, അത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാന്‍ വീഡിയോ പരിശോധിച്ചു. കറുത്ത വസ്ത്രങ്ങളണിഞ്ഞ ആജാനുബാഹുവായ ഒരു മനുഷ്യന്‍ തന്റെ മുറ്റത്തിന് ചുറ്റും നടക്കുന്നത് കണ്ട് അയാള്‍ ഭയപ്പെട്ടു. അയാളെന്താണ് ചെയ്യുന്നതെന്ന് കാണാന്‍ വീട്ടുടമ സൂക്ഷ്മമായി നിരീക്ഷിച്ചു. അതിക്രമിച്ചു കയറിയയാള്‍ പരിചിതനായി തോന്നി. ഒടുവില്‍ തന്റെ മുറ്റത്തു കണ്ടയാള്‍ അപരിചിതനല്ലെന്നും താന്‍ കണ്ടുകൊണ്ടിരിക്കുന്നത് തന്റെ തന്നെ ഒരു റെക്കോഡിങ് ആണെന്നും അയാള്‍ക്ക് ബോധ്യപ്പെട്ടു.

നമ്മില്‍ നിന്നും നാം അകന്ന് നിന്ന് ചില പ്രത്യേക സാഹചര്യങ്ങളില്‍ നമ്മെത്തന്നെ വീക്ഷിച്ചാല്‍ നാം എന്തായിരിക്കും കാണുന്നത്? ബേത്ത് ശേബയുമായുള്ള ബന്ധത്തില്‍ ദാവീദിന്റെ ഹൃദയം കഠിനപ്പെടുകയും ബാഹ്യമായ ഒരു കാഴ്ചപ്പാട് - ദൈവീക കാഴ്ചപ്പാട് - അവനാവശ്യമായി വരികയും ചെയ്തപ്പോള്‍, രക്ഷാദൗത്യത്തിനായി ദൈവം നാഥാനെ അയച്ചു (2 ശമൂവേല്‍ 12).

ഒരു ദരിദ്രനുണ്ടായിരുന്ന ഒരേയൊരാടിനെ മോഷ്ടിച്ച ധനവാനെക്കുറിച്ചുള്ള കഥ നാഥാന്‍ ദാവീദിനോട് പറഞ്ഞു. ധനവാനു മൃഗസമ്പത്ത് ധാരാളമുണ്ടായിട്ടും അവന്‍ ദരിദ്രനുണ്ടായിരുന്ന ഏക ആടിനെ അറുത്ത് ഭക്ഷണമുണ്ടാക്കി. കഥ ദാവീദിന്റെ പ്രവൃത്തികളെയാണ് ചിത്രീകരിക്കുന്നതെന്ന് നാഥാന്‍ വെളിപ്പെടുത്തിയപ്പോള്‍, താന്‍ ഊരിയാവിനോട് ചെയ്തത് എത്ര കഠിനമായിരുന്നുവെന്ന് ദാവീദ് ഗ്രഹിച്ചു. ഭവിഷ്യത്തുകളെക്കുറിച്ചു നാഥാന്‍ വിശദീകരിച്ചു, അതിലും പ്രധാനമായി അവന്‍ ഉറപ്പ് പറഞ്ഞത് 'യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു' (വാ. 13) എന്നായിരുന്നു.

നമ്മുടെ ജീവിതത്തിലെ പാപം ദൈവം വെളിപ്പെടുത്തുന്നുവെങ്കില്‍, അവന്റെ ആത്യന്തിക ലക്ഷ്യം നമ്മെ ശിക്ഷിക്കുകയല്ല മറിച്ച് നമ്മെ യഥാസ്ഥാനപ്പെടുത്തുകയും നാം വേദനിപ്പിച്ചവരോട് നിരപ്പു പ്രാപിക്കാന്‍ നമ്മെ സഹായിക്കുകയുമാണ്. മാനസാന്തരം, ദൈവത്തിന്റെ ക്ഷമയുടെയും കൃപയുടെയും ശക്തിയിലൂടെ ദൈവത്തോടു പുതുക്കപ്പെട്ട അടുപ്പം പുലര്‍ത്തുവാന്‍ വഴി തുറക്കുന്നു.

ചീന്തിയ തിരശ്ശീല

യെരുശലേമിന്റെ പ്രാന്തപ്രദേശത്തെ ഇരുണ്ടതും പ്രസന്നമല്ലാത്തതുമായ ഒരു ദിനമായിരുന്നു അത്. നഗരമതിലിനു പുറത്തുള്ള ഒരു കുന്നിന്‍മുകളില്‍, കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി അന്വേഷണ കുതുകികളായ അനുയായി വൃന്ദങ്ങളെ ആകര്‍ഷിച്ചു വന്ന ഒരു മനുഷ്യന്‍, ഒരു പരുക്കന്‍ മരക്കുരിശില്‍ അപമാനത്തിലും വേദനയിലും തൂങ്ങിക്കിടക്കുന്നു. വിലപിക്കുന്നവര്‍ ദുഃഖത്തോടെ കരയുകയും കണ്ണീരൊഴുക്കുകയും ചെയ്യുന്നു. ഉച്ചയ്ക്കു ശേഷം സൂര്യന്‍ ശോഭിച്ചതേയില്ല. ക്രൂശില്‍ കിടന്ന മനുഷ്യന്‍ 'നിവൃത്തിയായി' എന്ന് ഉച്ചത്തില്‍ കരഞ്ഞപ്പോള്‍ അവന്റെ കഠിനമായ കഷ്ടത അവസാനിച്ചു (മത്തായി 27:50; യോഹന്നാന്‍ 19:30).

ആ നിമിഷത്തില്‍, നഗരത്തിന്റെ എതിര്‍വശത്തുള്ള ദൈവാലയത്തില്‍ നിന്നും മറ്റൊരു ശബ്ദമുയര്‍ന്നു - തിരശ്ശില കീറുന്ന ശബ്ദം. അത്ഭുതകരമായി, മാനുഷിക ഇടപെടല്‍ കൂടാതെ, പരിശുദ്ധ സ്ഥലത്തെ അതിപരിശുദ്ധ സ്ഥലത്തു നിന്നും വേര്‍തിരിക്കുന്ന വലിയ, കട്ടിയേറിയ തിരശ്ശില മുകള്‍തൊട്ട് അടിയോളം രണ്ടായി ചീന്തിപ്പോയി (മത്തായി 27:51).
ചീന്തിയ തിരശ്ശീല ക്രൂശിന്റെ യാഥാര്‍ത്ഥ്യത്തിന്റെ പ്രതീകമാണ്: ദൈവത്തിങ്കലേക്കു ഒരു പുതുവഴി തുറന്നിരിക്കുന്നു! ക്രൂശിലെ മനുഷ്യനായ യേശു, അവസാന യാഗമായി തന്റെ രക്തം ചൊരിഞ്ഞു - മതിയായ ഏക സത്യയാഗം (എബ്രായര്‍ 10:10) - തന്മൂലം അവനില്‍ വിശ്വസിക്കുന്നവര്‍ക്ക് പാപക്ഷമയും ദൈവവുമായുള്ള ബന്ധത്തിലേക്കു പ്രവേശനവും സാധ്യമാകുന്നു (റോമര്‍ 5:6-11).

ആദ്യത്തെ ആ ദുഃഖ വെള്ളിയിലെ ഇരുട്ടിന്റെ മധ്യത്തില്‍, എക്കാലത്തെയും മികച്ച വാര്‍ത്ത നാം കേട്ടു - നമ്മുടെ പാപങ്ങളില്‍ നിന്നും നാം രക്ഷിക്കപ്പെടുന്നതിനും ദൈവത്തോട് എന്നന്നേക്കും കൂട്ടായ്മ അനുഭവിക്കേണ്ടതിനുമായി ഒരു മാര്‍ഗ്ഗം യേശു തുറന്നു (എബ്രായര്‍ 10:19-22). ചീന്തിയ തിരശ്ശീലയില്‍ നിന്നുള്ള സന്ദേശത്തിനായി ദൈവത്തിനു നന്ദി!

ആ നിമിഷത്തില്‍

ആംബുലന്‍സിന്റെ വാതില്‍ അടയ്ക്കാന്‍ തുടങ്ങുകയായിരുന്നു - എന്നെ ഉള്ളില്‍ കിടത്തി. പുറത്ത്, എന്റെ മകന്‍ എന്റെ ഭാര്യയ്ക്ക് ഫോണ്‍ ചെയ്യുകയാണ്. എന്റെ പാതി മയക്കത്തില്‍ ഞാന്‍ അവന്റെ പേര് വിളിച്ചു. ഒരു നിമിഷം അവന്‍ ശ്രദ്ധിച്ചപ്പോള്‍ ഞാന്‍ സാവകാശം പറഞ്ഞു, 'നിന്റെ മമ്മിയോട് പറ, ഞാന്‍ അവളെ വളരെയധികം സ്‌നേഹിക്കുന്നുവെന്ന്.'
വ്യക്തമായും ഇത് യാത്രപറച്ചിലായിരിക്കുമെന്ന് ഞാന്‍ ചിന്തിച്ചു, അതെന്റെ വേര്‍പിരിയലിന്റെ വാക്കുകളായിരിക്കണമെന്ന് ഞാനാഗ്രഹിച്ചു. ആ നിമിഷത്തില്‍ എന്നെ സംബന്ധിച്ച് അത് വിലപ്പെട്ടതായിരുന്നു.

യേശു തന്റെ ഏറ്റവും അന്ധകാര നിമിഷത്തെ നേരിട്ടപ്പോള്‍, അവന്‍ നമ്മെ സ്‌നേഹിക്കുന്നു എന്നു കേവലം പറയുക മാത്രമായിരുന്നില്ല; പ്രത്യേക രീതിയില്‍ അവനതു കാണിച്ചു തരികയും ചെയ്തു. തന്നെ ക്രൂശില്‍ തറച്ച പരിഹാസികളായ പടയാളികള്‍ക്ക് അവനതു കാണിച്ചുകൊടുത്തു: 'പിതാവേ, ഇവര്‍ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട്് ഇവരോട് ക്ഷമിക്കണമേ' (ലൂക്കൊസ് 23:34). തന്നോടൊപ്പം ക്രൂശിക്കപ്പെട്ട കുറ്റവാളിക്ക് അവന്‍ പ്രത്യാശ പകര്‍ന്നു കൊടുത്തു: 'ഇന്ന് നീ എന്നോട് കൂടെ പറുദീസയില്‍ ഇരിക്കും'' (വാ. 43). അന്ത്യത്തോടടുത്തപ്പോള്‍ അവന്‍ തന്റെ മാതാവിനെ നോക്കി: 'ഇതാ,

നിന്റെ മകന്‍ എന്ന് അമ്മയോടു പറഞ്ഞു.' തന്റെ അരുമ ശിഷ്യനോട്: 'ഇതാ, നിന്റെ അമ്മ' എന്നും പറഞ്ഞു (യോഹന്നാന്‍ 19:26-27. തുടര്‍ന്ന് തന്റെ പ്രാണന്‍ തന്നില്‍ നിന്ന് വഴുതിപ്പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍, യേശുവിന്റെ അവസാനത്തെ സ്‌നേഹപ്രവൃത്തി തന്റെ പിതാവിനെ ആശ്രയിക്കുക എന്നതായിരുന്നു. 'നിന്റെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഭരമേല്‍പിക്കുന്നു' (ലൂക്കൊസ് 23:46) എന്നവന്‍ പറഞ്ഞു.

തന്റെ പിതാവിനോടുള്ള അനുസരണം വെളിപ്പെടുത്തേണ്ടതിനും നമ്മോടുള്ള സ്‌നേഹത്തിന്റെ ആഴത്തിലും യേശു മനഃപൂര്‍വ്വം ക്രൂശ് തിരഞ്ഞെടുത്തു, അവസാനം വരെ തന്റെ മാറ്റമില്ലാത്ത സ്‌നേഹം അവന്‍ കാണിച്ചു.

പുഷ്പം പോലെ തഴയ്ക്കുക

എന്റെ ഏറ്റവും ഇളയ കൊച്ചുമകന് രണ്ടു മാസം പ്രായമേ ഉള്ളുവെങ്കിലും ഞാന്‍ അവനെ കാണുമ്പോഴൊക്കെ ചെറിയ വ്യത്യാസങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അടുത്തയിടെ, ഞാന്‍ അവനെ ലാളിച്ചപ്പോള്‍ അവന്‍ എന്നെ നോക്കി പുഞ്ചരിച്ചു! പെട്ടെന്ന് ഞാന്‍ കരയാന്‍ തുടങ്ങി. അതൊരു പക്ഷേ സന്തോഷത്തോടൊപ്പം അനേക വര്‍ഷങ്ങള്‍ക്കു മുമ്പു ഞാന്‍ കണ്ട എന്റെ സ്വന്തം മക്കളുടെ ആദ്യ പുഞ്ചരിയുടെ ഓര്‍മ്മ കൂടിക്കലര്‍ന്നതു കൊണ്ടാകാം; എങ്കിലും അത് ഇന്നലത്തെപ്പോലെ എനിക്കനുഭവപ്പെടുന്നു. ചില നിമിഷങ്ങള്‍ അങ്ങനെയാണ് - വിശദീകരിക്കാനാവാത്തവ.

സങ്കീര്‍ത്തനം 103 ല്‍ ദൈവത്തെ സ്തുതിക്കുന്ന ഒരു ഗാനം ദാവീദ് എഴുതുകയും അതില്‍ നമ്മുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ എത്ര വേഗത്തിലാണ് കടന്നുപോകുന്നതെന്ന് ധ്യാനിക്കയും ചെയ്തു: 'മനുഷ്യന്റെ ആയുസ്സു പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവന്‍ പൂക്കുന്നു. കാറ്റ് അതിന്മേല്‍ അടിക്കുമ്പോള്‍ അത് ഇല്ലാതെപോകുന്നു' (വാ. 15-16).

എന്നാല്‍, ജീവിതത്തിന്റെ ക്ഷണികതയെ അംഗീകരിക്കുമ്പോള്‍ തന്നേ, പൂവിനെ തഴയ്ക്കുന്നത് അഥവാ പുഷ്ടി പ്രാപിക്കുന്നത് ആയിട്ടാണ് ദാവീദ് വിവരിക്കുന്നത്. ഓരോ ഒറ്റയൊറ്റ പുഷ്പവും പെട്ടെന്ന് മൊട്ടിടുകയും വിടരുകയും ചെയ്യുന്നെങ്കിലും അതിന്റെ സുഗന്ധവും വര്‍ണ്ണവും സൗന്ദര്യവും വലിയ സന്തോഷമാണ് നല്‍കുന്നത്. ഒരു ഒറ്റ പുഷ്പം പെട്ടെന്ന് വിസ്മരിക്കപ്പെട്ടാലും - 'അതിന്റെ സ്ഥലം പിന്നെ അതിനെ അറികയുമില്ല' (വാ. 16) - നേരെ വിപരീതമായി നമുക്കുള്ള ഉറപ്പ്, ''യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാര്‍ക്ക്' ഉണ്ടാകും എന്നാണ് (വാ. 17).

പൂക്കളെപ്പോലെ, ഒരു നിമിഷത്തേക്ക് നമുക്ക് സന്തോഷിക്കയും പുഷ്ടിപ്പെടുകയും ചെയ്യാം, എങ്കിലും നമ്മുടെ ജീവിതത്തിലെ നിമിഷങ്ങള്‍ ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല എന്ന സത്യത്തെ നമുക്ക് ആഘോഷിക്കാം. നമ്മുടെ ജീവിതത്തിന്റെ എല്ലാ വിശദാംശങ്ങളെയും ദൈവം പിടിച്ചിരിക്കുന്നു, അവന്റെ ശാശ്വത സ്‌നേഹം തന്റെ മക്കള്‍ക്ക് എന്നേക്കും ഉണ്ടായിരിക്കും!

സൃഷ്ടിപരത ആഘോഷിക്കുക

കാലിഫോര്‍ണിയയിലെ ബാജായ്ക്കടുത്ത് സമുദ്രത്തില്‍ നാലായിരം അടി താഴ്ചയില്‍, അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ഒരു ജെല്ലിഫിഷ് ജലപ്രവാഹത്തിനനുസരിച്ച് തുള്ളിക്കളിച്ചു. ഇരുണ്ടിരുന്ന ജലത്തിന്റെ പശ്ചാത്തലത്തില്‍ അതിന്റെ ശരീരം നീലയുടെയും പര്‍പ്പിളിന്റെയും പിങ്കിന്റെയും ഇരുട്ടത്തു തിളങ്ങുന്ന നിറങ്ങളില്‍ ജ്വലിച്ചു. അതിന്റെ ചാരുതയാര്‍ന്ന സ്പര്‍ശനികള്‍ സുന്ദരമായി ചലിപ്പിച്ചുകൊണ്ട് മണിയുടെ ആകൃതിയിലുള്ള ശിരസ്സ് ചുരുങ്ങുകയും വികസിക്കുകയും ചെയ്തു. നാഷണല്‍ ജ്യോഗ്രഫിക് വീഡിയോയില്‍ ഹാലിട്രെഫെസ് മാസി എന്ന ഈ ജെല്ലിഫിഷിനെക്കുറിച്ചുള്ള വിസ്മയകരമായ ചിത്രീകരണം കണ്ടുകൊണ്ടിരുന്നപ്പോള്‍ ഈ സുന്ദരമായ പശപോലെയുള്ള ജീവിക്ക് എങ്ങനെ ഈ പ്രത്യേക രൂപകല്പന ദൈവം തിരഞ്ഞെടുത്തു എന്ന് ഞാന്‍ ചിന്തിച്ചു. ഒക്ടോബര്‍ 2017 വരെ ശാസ്ത്രജ്ഞന്മാര്‍ തിരിച്ചറിഞ്ഞ മറ്റ് 2000 ഇനത്തില്‍പെട്ട ജെല്ലി ഫിഷുകളെയും അവന്‍ രൂപപ്പെടുത്തിയതാണ്.

ദൈവത്തെ സ്രഷ്ടാവായി നാം അംഗീകരിക്കുന്നുവെങ്കിലും, ബൈബിളിന്റെ ഒന്നാം അദ്ധ്യായത്തില്‍ വെളിപ്പെടുത്തിയിരിക്കുന്ന അടിസ്ഥാനപരമായ സത്യം യഥാര്‍ത്ഥമായി മനസ്സിലാക്കുന്നതിനായി നാം സമയം കണ്ടെത്തുന്നുണ്ടോ? തന്റെ വചനത്തിന്റെ ശക്തിയാല്‍ താന്‍ രൂപം കൊടുത്ത സൃഷ്ടിപരമായി വൈവിധ്യമുള്ള ലോകത്തിലേക്ക് നമ്മുടെ അത്ഭുതവാനായ ദൈവം വെളിച്ചവും ജീവനും കൊണ്ടുവന്നു. ''വലിയ തിമിംഗലങ്ങളെയും വെള്ളത്തില്‍ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതു തരം ജീവജന്തുക്കളെയും'' അവന്‍ രൂപപ്പെടുത്തി (ഉല്പത്തി 1:21). ആദിയില്‍ ദൈവം സൃഷ്ടിച്ച അതിശയകരമായ ജീവജാലങ്ങളുടെ ഒരു ഭാഗം മാത്രമേ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുള്ളു.

ലോകത്തിലെ ഓരോ വ്യക്തിയെയും ദൈവം മനഃപൂര്‍വ്വം മെനഞ്ഞെടുക്കുകയും നാം ആദ്യശ്വാസമെടുക്കുന്നതിന് മുമ്പേ നമ്മുടെ ജീവിതത്തിലെ ഓരോ ദിവസത്തിനും ഉദ്ദേശ്യം നല്‍കുകയും ചെയ്തു (സങ്കീര്‍ത്തനം 139:13-16). കര്‍ത്താവിന്റെ സൃഷ്ടിപരതയെ നാം ആഘോഷിക്കുമ്പോള്‍ തന്നേ അവന്റെ മഹത്വത്തിനായി അവനോടു ചേര്‍ന്ന് സങ്കല്പിക്കാനും സൃഷ്ടിക്കാനും അവന്‍ നമ്മെ സഹായിക്കുന്ന അനവധി വഴികളെ ഓര്‍ത്ത് സന്തോഷിക്കുവാനും നമുക്ക് കഴിയും.