2017 വേനല്‍ക്കാലത്ത്, ഹാര്‍വി ചുഴലിക്കൊടുങ്കാറ്റ് യു.എസിന്റെ ഗള്‍ഫ് തീരത്ത് വന്‍ നാശനഷ്ടങ്ങളും ദാരുണമാംവിധം ജീവഹാനിയും വരുത്തുകയുണ്ടായി. അടിയന്തിരാവശ്യത്തിലിരിക്കുന്നവര്‍ക്ക് അനേകയാളുകള്‍ ഭക്ഷണവും വെള്ളവും വസ്ത്രവും പാര്‍പ്പിടവും നല്‍കുകയുണ്ടായി.

മെരിലാന്‍ഡിലെ ഒരു പിയാനോ സ്‌റ്റോറിന്റെ ഉടമയ്ക്ക് കൂടുതലായി എന്തെങ്കിലും ചെയ്യുവാന്‍ പ്രേരണയുണ്ടായി. സകലവും നഷ്ടപ്പെട്ട ആളുകളെ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനും പ്രത്യേക നിലയില്‍ സൗഖ്യം നല്‍കുന്നതിനും സംഗീതത്തിനുള്ള പ്രത്യേക കഴിവിനെക്കുറിച്ചദ്ദേഹം ചിന്തിച്ചു. അതിനെത്തുടര്‍ന്ന് അദ്ദേഹവും സ്റ്റാഫും പഴയ പിയാനോകള്‍ നന്നാക്കി, എവിടെയാണ് ഏറ്റവും കൂടുതല്‍ ആവശ്യം എന്നന്വേഷിച്ചു. ആ വസന്തകാലത്ത്, ഡീന്‍ ക്രാമറും ഭാര്യ ലോയിസും ട്രക്കില്‍ നിറയെ സൗജന്യ പിയാനോകളുമായി ടെക്‌സസിലെ ഹ്യൂസ്റ്റണിലേക്ക് യാത്ര ചെയ്തു. ദുരന്തബാധിത പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കും സഭകള്‍ക്കും സ്‌കൂളുകള്‍ക്കും അവ വിതരണം ചെയ്തു. അവരത് നന്ദിയോടെ ഏറ്റുവാങ്ങി.

അയല്‍ക്കാരന്‍ എന്ന പദത്തിന് സമീപം പാര്‍ക്കുന്നവന്‍ അല്ലെങ്കില്‍ കുറഞ്ഞപക്ഷം നമുക്കറിയാവുന്ന ആള്‍ എന്നാണര്‍ത്ഥമെന്ന് നാം ചിലപ്പോള്‍ ചിന്തിക്കാറുണ്ട്. എന്നാല്‍ ലൂക്കൊസ് 10 ല്‍ നമ്മുടെ അയല്‍ക്കാരോടുള്ള നമ്മുടെ സ്‌നേഹത്തിന് അതിരുകള്‍ ഉണ്ടാകരുതെന്നു പഠിപ്പിക്കുന്നതിനായി നല്ല ശമര്യക്കാരന്റെ ഉപമ യേശു പറഞ്ഞു. ശമര്യയില്‍ നിന്നുള്ള മനുഷ്യന്‍ മുറിവേറ്റ അപരിചിതന് സൗജന്യമായി നല്‍കി – ആ മനുഷ്യന്‍ ശമര്യരുമായി നല്ല ബന്ധത്തിലല്ലായിരുന്ന ഒരു യെഹൂദന്‍ ആയിരുന്നിട്ടു കൂടി (വാ. 25-37).

എന്തുകൊണ്ടാണ് ഈ പിയാനോകളെല്ലാം സൗജന്യമായി നല്‍കിയതെന്ന് ചോദിച്ചപ്പോള്‍ ഡീന്‍ ക്രാമര്‍ ലളിതമായി വിശദീകരിച്ചു: ‘നമ്മുടെ അയല്‍ക്കാരെ സ്‌നേഹിക്കാന്‍ നമ്മോട് പറഞ്ഞിരിക്കുന്നു. യേശുവാണ് പറഞ്ഞത്, ദൈവത്തെയും നമ്മുടെ അയല്‍ക്കാരെയും സ്‌നേഹിക്കുന്നതിലും വലിയ കല്പന വേറെയില്ല എന്ന് (മര്‍ക്കൊസ് 12:31).