1840 കളുടെ ഒടുവില്‍ അയര്‍ലണ്ടിലുണ്ടായ ദുരന്തപൂര്‍ണ്ണമായ ഉരുളക്കിഴങ്ങു ക്ഷാമം നിമിത്തമുള്ള മരണത്തെ അതിജീവിക്കുവാന്‍ അറ്റ്‌ലാന്റിക് കടന്നവരെ അനുസ്മരിക്കുന്ന ”കണ്ണുനീരിന്റെ പാത്രം കടക്കുക” എന്നെഴുതിയ ഒരു പ്ലക്കാര്‍ഡ് മസാച്ചുസെറ്റ്‌സിലെ ബോസ്റ്റണില്‍ കാണാം. ആ ദുരന്തത്തില്‍ പത്തു ലക്ഷത്തിലധികം പേര്‍ മരിക്കുകയും മറ്റൊരു പത്തുലക്ഷത്തിലധികം പേര്‍ സമുദ്രം കടക്കുന്നതിനായി ഭവനമുപേക്ഷിക്കുകയും ചെയ്തു. ഈ സമുദ്രത്തെ ബോയ്ല്‍ ഒ’റെയ്‌ലി കാവ്യ ശൈലിയില്‍ വിളിച്ചതാണ് ”കണ്ണുനീരിന്റെ ഒരു പാത്രം.” വിശപ്പിനാലും ഹൃദയവേദനയാലും ഓടിക്കപ്പെട്ട ഈ സഞ്ചാരികള്‍ പരിതാപകരമായ ഘട്ടത്തില്‍ അല്പം പ്രത്യാശ തേടുകയാണുണ്ടായത്.

സങ്കീര്‍ത്തനം 55 ല്‍, താന്‍ എങ്ങനെയാണ് പ്രത്യാശ തേടിയതെന്നു ദാവീദ് പറയുന്നു. അവന്‍ നേരിട്ട ഭീഷണിയുടെ വിശദാംശങ്ങള്‍ നമുക്കറിയില്ലെങ്കിലും, തന്റെ അനുഭവത്തിന്റെ ഭാരം തന്നെ മാനസികമായി തകര്‍ക്കാന്‍ പര്യാപ്തമായിരുന്നു (വാ. 4-5). അവന്റെ സ്വാഭാവിക പ്രതികരണം പ്രാര്‍ത്ഥിക്കുക എന്നതായിരുന്നു. ”പ്രാവിനുള്ളതുപോലെ എനിക്ക് ചിറകുണ്ടായിരുന്നുവെങ്കില്‍, എന്നാല്‍ ഞാന്‍ പറന്നുപോയി വിശ്രമിക്കുമായിരുന്നു” (വാ. 6).

ദാവീദിനെപ്പോലെ, വേദനാജനകമായ അന്തരീക്ഷത്തില്‍ സുരക്ഷിതത്വത്തിലേക്കു പറന്നുപോകാന്‍ നാമും ആഗ്രഹിക്കും. എന്നിരുന്നാലും, തന്റെ ഓടിപ്പോക്കിനെക്കുറിച്ചു ചിന്തിച്ചശേഷം ദാവീദ് തന്റെ വേദനയില്‍ നിന്ന് ഓടിപ്പോകുന്നതിനു പകരം തന്റെ ദൈവത്തിങ്കലേക്കു ഓടിച്ചെല്ലുന്നതു തിരഞ്ഞെടുത്തു, അവന്‍ പാടി, ”ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും” (വാ. 16).

പ്രശ്‌നങ്ങള്‍ വരുമ്പോള്‍, സര്‍വ്വാശ്വാസങ്ങളുടെയും ദൈവം നിങ്ങളുടെ അന്ധകാര നിമിഷങ്ങളിലും ആഴമായ ഭയങ്ങളിലും നിങ്ങളെ വഹിക്കാന്‍ പ്രാപ്തനാണെന്ന് ഓര്‍ക്കുക. ഒരു ദിവസം അവന്‍ നമ്മുടെ കണ്ണില്‍ നിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയുമെന്ന് അവന്‍ വാഗ്ദത്തം ചെയ്യുന്നു (വെളിപ്പാട് 21:4). ആ ഉറപ്പില്‍ ശക്തിപ്പെട്ടുകൊണ്ട് ഇന്ന് നമ്മുടെ കണ്ണുനീരിന്റെ നടുവില്‍ നമുക്ക് ഉറപ്പോടെ അവനില്‍ ആശ്രയിക്കാം.