മെന്റര്‍ എന്ന പദം കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നതെന്താണ്? എനിക്ക് അത് പാസ്റ്റര്‍ റിച്ച് ആണ്. എനിക്ക് എന്നില്‍ വിശ്വാസമില്ലാതിരുന്നപ്പോള്‍ അദ്ദേഹം എന്റെ കഴിവുകള്‍ കാണുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്തു. താഴ്മയിലും സ്‌നേഹത്തിലും ശുശ്രൂഷിക്കുന്നതിലൂടെ എങ്ങനെ നയിക്കാമെന്ന് അദ്ദേഹം മാതൃക കാണിച്ചു തന്നു. തല്‍ഫലമായി, ഞാനിപ്പോള്‍ മറ്റുള്ളവര്‍ക്ക് ശിഷ്യത്വ പരിശീലനം നല്‍കുന്നതിലൂടെ ദൈവത്തെ സേവിക്കുന്നു.

ഒരു നേതാവെന്ന നിലയിലേക്കുള്ള എലീശായുടെ വളര്‍ച്ചയില്‍ പ്രവാചകനായ ഏലീയാവ് നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു. അവനെ അഭിഷേകം ചെയ്യാന്‍ ദൈവം പറഞ്ഞ പ്രകാരം അവന്‍ നിലമുഴുതു കൊണ്ടിരിക്കുമ്പോള്‍ ഏലിയാവ് അവനെ കണ്ടെത്തുകയും തന്റെ പിന്‍ഗാമിയായി അവനെ ക്ഷണിക്കുകയും ചെയ്തു (1 രാജാക്കന്മാര്‍ 19:16,19). തന്റെ ഗുരു അസാധാരണ അത്ഭുതങ്ങള്‍ ചെയ്യുന്നതും എന്ത് വിഷയത്തിലും ദൈവത്ത അനുസരിക്കുന്നതും യുവ ശിഷ്യന്‍ ശ്രദ്ധിച്ചു. ഒരു ആജീവനാന്ത ശുശ്രൂഷയ്ക്കുവേണ്ടി എലീശയെ ഒരുക്കുന്നതിനായി ഏലീയാവിനെ ദൈവം ഉപയോഗിച്ചു. ഏലീയാവിന്റെ ജീവിതാന്ത്യത്തില്‍ മടങ്ങിപ്പോകാന്‍ എലീശയ്ക്ക് അവസരം ലഭിച്ചു. പകരം തന്റെ ഗുരുവിനോടുള്ള സമര്‍പ്പണം പുതുക്കാനാണ് ആ അവസരം അവന്‍ ഉപയോഗിച്ചത്. എലീശയ്ക്ക് തന്റെ ശുശ്രൂഷയില്‍ നിന്ന് വിടുതല്‍ നല്‍കാമെന്ന് മൂന്ന് പ്രാവശ്യം ഏലീയാവ് വാഗ്ദാനം ചെയ്തിട്ടും ഓരോ പ്രാവശ്യവും അവന്‍ നിരസിച്ചുകൊണ്ട് പറഞ്ഞു, ‘യഹോവയാണ, നിന്റെ ജീവനാണ, ഞാന്‍ നിന്നെ വിടുകയില്ല’ (2 രാജാക്കന്മാര്‍ 2:2,4,6). എലീശയുടെ വിശ്വസ്തത നിമിത്തം അവനും അസാധാരണമായ നിലകളില്‍ ദൈവത്താല്‍ ഉപയോഗിക്കപ്പെട്ടു.

യേശുവിനെ അനുഗമിക്കുന്നതിന്റെ അര്‍ത്ഥമെന്തെന്ന് മാതൃക കാണിച്ചു തരുന്ന ഒരുവനെ നമുക്കെല്ലാം ആവശ്യമാണ്. ആത്മീയമായി വളരുന്നതിനു നമ്മെ സഹായിക്കുന്ന ഭക്തരായ സ്ത്രീകളെയും പുരുഷന്മാരെയും ദൈവം നമുക്ക് നല്‍കട്ടെ. നമുക്കും അവന്റെ ആത്മാവിന്റെ ശക്തിയാല്‍ മറ്റുള്ളവര്‍ക്കായി നമ്മുടെ ജീവിതത്തെ ചിലവാക്കാം.