ഞങ്ങളുടെ വീടിനു പിന്നിലുള്ള മുന്തിരിവള്ളി പടര്‍ന്ന വേലിക്കു മുകളിലൂടെ ഞാന്‍ എത്തിനോക്കി. ഞങ്ങളുടെ വീടിനു പുറകിലുള്ള പാര്‍ക്കിനു ചുറ്റും നിര്‍മ്മിച്ചിട്ടുള്ള ട്രാക്കിലൂടെ ആളുകള്‍ ഓടുകയും ജോഗ് ചെയ്യുകയും നടക്കുകയും ചെയ്യുന്നത് ഞാന്‍ കണ്ടു. എനിക്ക് ആരോഗ്യമുണ്ടായിരുന്നപ്പോള്‍ ഞാനും അത് ചെയ്തിരുന്നു, എന്നു ഞാന്‍ ചിന്തിച്ചു. നിരാശയുടെ ഓളങ്ങള്‍ എന്നെ വല്ലാതെ മൂടി.

പിന്നീട്, വചനം വായിച്ചുകൊണ്ടിരുന്നപ്പോള്‍ യെശയ്യാവ് 55:1 എന്റെ ശ്രദ്ധയാകര്‍ഷിച്ചു, ‘അല്ലയോ ദാഹിക്കുന്ന ഏവരും… വരുവിന്‍.” അസംതൃപ്തി (ദാഹം) ആണ് ഈ ജീവിതത്തിന്റെ നിയമം അല്ലാതെ ഒഴിവാക്കലല്ല എന്നു ഞാന്‍ ഗ്രഹിച്ചു.
ഒന്നും, ജീവിതത്തിലെ നല്ല കാര്യങ്ങള്‍പോലും പൂര്‍ണ്ണ സംതൃപ്തി നല്‍കുകയില്ല. ഒരു ഷേര്‍പ്പായെപ്പോലെ (പര്‍വ്വതാരോഹക സഹായി) ശക്തമായ കാലുകള്‍ എനിക്കുണ്ടെങ്കിലും എന്നെ അസന്തുഷ്ടനാക്കുന്ന മറ്റെന്തെങ്കിലും എന്റെ ജീവിതത്തിലുണ്ടായിരിക്കും.

നാം ചെയ്യുന്നതും, വാങ്ങുന്നതും ധരിക്കുന്നതും സ്‌പ്രേ ചെയ്യുന്നതും പുരട്ടുന്നതും സഞ്ചരിക്കുന്ന വാഹനവും നമുക്ക് അന്തമില്ലാത്ത സന്തോഷം തരും എന്ന് നമ്മുടെ സംസ്‌കാരം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നമ്മോട് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കും. എന്നാല്‍ അതൊരു നുണയാണ്. നാം ചെയ്യുന്നത് എന്ത് തന്നെയായാലും ഇവിടെ ഇപ്പോഴുള്ള ഒന്നില്‍ നിന്നും നമുക്ക് പൂര്‍ണ്ണ സംതൃപ്തി ലഭിക്കുകയില്ല.

മറിച്ച്, ദൈവം പറയുന്നതെന്താണെന്ന് കേള്‍ക്കാന്‍ ദൈവത്തിങ്കലേക്കും തിരുവചനത്തിങ്കലേക്കും വീണ്ടും വീണ്ടും വരുവാന്‍ യെശയ്യാവ് നമ്മെ ക്ഷണിക്കുന്നു. അവന്‍ എന്താണ് പറയുന്നത്? പഴയകാലത്തെ ദാവീദിനോടുള്ള അവന്റെ സ്‌നേഹം ശാശ്വതവും വിശ്വസ്തവും ആയിരുന്നു (വാ. 3). നമ്മോടും അങ്ങനെ തന്നെയാണ്! നമുക്ക് അവന്റെ അടുത്ത് ‘വരുവാന്‍” കഴിയും.