എന്നത്തേയും പോലെയാണ് ആ ദിവസവും ആരംഭിച്ചതെങ്കിലും ഒരു പേടിസ്വപ്നം പോലെയാണത് അവസാനിച്ചത്. എസ്‌തേറിനെയും (ശരിയായ പേരല്ല) മറ്റു നൂറുകണക്കിന് സ്ത്രീകളെയും ഒരു മതതീവ്രവാദ സംഘടന അവരുടെ ബോര്‍ഡിംഗ് സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയി. ഒരു മാസത്തിനുശേഷം എല്ലാവരെയും വിട്ടയച്ചു – എസ്ഥേറിനെ ഒഴികെ. ക്രിസ്തുവിനെ തള്ളിപ്പറയാന്‍ അവള്‍ വിസമ്മതിച്ചതാണു കാരണം. വിശ്വാസത്തിനു വേണ്ടി പീഡിപ്പിക്കപ്പെട്ട അവളെയും മറ്റുള്ളവരെയും കുറിച്ച് ഞാനും എന്റെ സ്‌നേഹിതയും വായിച്ചപ്പോള്‍ ഞങ്ങളുടെ ഹൃദയം തകര്‍ന്നു. എന്തെങ്കിലും ചെയ്യണമെന്ന് ഞങ്ങളാഗ്രഹിച്ചു. പക്ഷേ, എന്ത്?

കൊരിന്തിലെ സഭയ്‌ക്കെഴുതുമ്പോള്‍, ആസ്യ പ്രവിശ്യയില്‍ വെച്ച് താന്‍ അനുഭവിച്ച പ്രതിസന്ധിയെക്കുറിച്ചു അപ്പൊസ്തലനായ പൗലൊസ് പങ്കുവയ്ക്കുന്നുണ്ട്. പീഡനം അതികഠിനമായിരുന്നതിനാല്‍ ‘ജീവനോടിരിക്കുമോ എന്നു നിരാശ തോന്നുമാറ്” (2 കൊരിന്ത്യര്‍ 1:8) താനും കൂട്ടാളികളും ആയിത്തീര്‍ന്നു എന്നവന്‍ എഴുതി. എന്നിരുന്നാലും വിശ്വാസികളുടെ പ്രാര്‍ത്ഥന പൗലൊസിന് തുണയായി (വാ. 11). കൊരിന്ത്യസഭ പൗലൊസില്‍ നിന്നും വളരെ ദൂരെയായിരുന്നെങ്കിലും അവരുടെ പ്രാര്‍ത്ഥന ഫലവത്തായിരുന്നു, ദൈവം അത് കേട്ടു. ഇവിടെയാണ് അതിശയകരമായ ഒരു മര്‍മ്മം ഉള്ളത്: പരമാധികാരിയായ ദൈവം തന്റെ ഉദ്ദേശ്യം നിവര്‍ത്തിക്കുന്നതിനായി നമ്മുടെ പ്രാര്‍ത്ഥനകളെ ഉപയോഗിക്കുന്നു. എന്തൊരു ഭാഗ്യപദവിയാണത്!

തങ്ങളുടെ വിശ്വാസത്തിനു വേണ്ടി കഷ്ടത സഹിക്കുന്ന ക്രിസ്തുവില്‍ നമ്മുടെ സഹോദരീ സഹോദരന്മാരെ ഇന്നു നമ്മുടെ പ്രാര്‍ത്ഥനയില്‍ നമുക്കോര്‍ക്കാന്‍ കഴിയും. നമുക്ക് ചെയ്യാന്‍ കഴിയുന്ന ഒന്നുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, പീഡിക്കപ്പെടുന്നവര്‍, മര്‍ദ്ദനമേല്‍ക്കുന്നവര്‍, ഉപദ്രവം സഹിക്കുന്നവര്‍, ക്രിസ്തുവിലെ വിശ്വാസം നിമിത്തം കൊല്ലപ്പെടുന്നവര്‍ക്ക് വേണ്ടി പോലും പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് കഴിയും. അവര്‍ ദൈവീകാശ്വാസവും ധൈര്യവും അനുഭവിക്കേണ്ടതിനും ക്രിസ്തുവില്‍ ഉറപ്പോടെ നില്‍ക്കുമ്പോള്‍ പ്രത്യാശയാല്‍ ശക്തിപ്പെടേണ്ടതിനും അവര്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.