തന്റെ ഭര്‍ത്താവിന്റെ മരണശേഷം ബറ്റ്‌സി മിക്ക ദിവസങ്ങളിലും ടെലിവിഷന്‍ കണ്ടും ഒരാള്‍ക്കുവേണ്ടി മാത്രം ചായ തിളപ്പിച്ചും കൊണ്ട് ഫ്‌ളാറ്റില്‍ ഒതുങ്ങിക്കൂടി. തന്റെ ഏകാന്തതയില്‍ അവള്‍ തനിച്ചായിരുന്നില്ല. 90 ലക്ഷത്തിലധികം ബ്രിട്ടീഷുകാര്‍ (ജനസംഖ്യയുടെ 15 ശതമാനം), തങ്ങള്‍ മിക്കപ്പോഴും അല്ലെങ്കില്‍ എല്ലായ്‌പ്പോഴും ഏകാന്തതയനുഭവിക്കുന്നു എന്നു പറയുന്നവരാണ്.
എന്തുകൊണ്ടാണിതെന്നു കണ്ടെത്താനും എങ്ങനെ സഹായിക്കാമെന്നു കണ്ടെത്താനുമായി ഏകാന്തതാകാര്യ മന്ത്രിയെ ഗ്രേറ്റ് ബ്രിട്ടന്‍ നിയമിച്ചിട്ടുണ്ട്.

ഏകാന്തതയുടെ ചില കാരണങ്ങള്‍ പരിചിതമാണ്: വേരുകള്‍ അറുക്കാന്‍ നാം വേഗം തയ്യാറാകുന്നു. നമുക്ക് നമ്മുടെ കാര്യം നോക്കാന്‍ കഴിയുമെന്നു നാം വിശ്വസിക്കുന്നു, മറ്റുള്ളവരിലേക്കു കൈനീട്ടാന്‍ നമുക്ക് കാരണവുമില്ല. സാങ്കേതിക വിദ്യ നമ്മെ അകറ്റിയിരിക്കുന്നു – നാം ഓരോരുത്തരും നമ്മുടെ മിന്നുന്ന സ്‌ക്രീനില്‍ മുഴുകിയിരിക്കുന്നു.

ഏകാന്തതയുടെ ഇരുണ്ടവശം ഞാന്‍ കണ്ടിട്ടുണ്ട്. നിങ്ങളും കണ്ടിട്ടുണ്ടാകണം. ഇക്കാരണത്താലാണ് നമുക്ക് കൂട്ടുവിശ്വാസികളെ ആവശ്യമായിരിക്കുന്നത്. തുടര്‍ച്ചയായി ഒരുമിച്ചു കൂടുവാന്‍ നമ്മെ ഉത്സാഹിപ്പിച്ചുകൊണ്ടാണ് യേശുവിന്റെ യാഗത്തെക്കുറിച്ചുള്ള ചര്‍ച്ച എബ്രായലേഖനം ഉപസംഹരിക്കുന്നത് (10:25). നാം ദൈവ ഭവനത്തിലെ അംഗങ്ങളാണ്, അതിനാല്‍ നാം ”സഹോദര പ്രീതി” ഉള്ളവരും ”അതിഥി സല്‍ക്കാരം” ചെയ്യുന്നവരും ആയിരിക്കണം (13:12). നാം ഓരോരുത്തരും അതിനു ശ്രമിച്ചാല്‍, തങ്ങളെ മറ്റുള്ളവര്‍ കരുതുന്നു എന്ന് എല്ലാവരും മനസ്സിലാക്കും.

ഏകാന്തതയനുഭവിക്കുന്നവര്‍ നമ്മുടെ ദയ തിരിച്ചു തന്നെന്നു വരില്ല, എന്നാല്‍ അത് നിര്‍ത്താനുള്ള കാരണമല്ല. നമ്മെ കൈവിടുകയും ഉപേക്ഷിക്കയുമില്ല എന്ന് യേശു വാഗ്ദത്തം ചെയ്തിട്ടുണ്ട് (13:5). മറ്റുള്ളവരോടുള്ള നമ്മുടെ സ്‌നേഹത്തെ ആളിക്കത്തിക്കാന്‍ അവന്റെ സൗഹൃദത്തെ നമുക്കുപയോഗിക്കാന്‍ കഴിയും. നിങ്ങള്‍ ഏകാന്തതയനുഭവിക്കുന്നോ? ഏതു വിധത്തില്‍ ദൈവകുടുംബത്തെ സേവിക്കാന്‍ നിങ്ങള്‍ക്ക് കഴിയും? യേശുവില്‍ നിങ്ങള്‍ ഉണ്ടാക്കുന്ന സ്‌നേഹിതര്‍ എന്നേക്കും നിലനില്‍ക്കും, ഈ ജീവിതത്തിലും അതിനപ്പുറവും.