എനിക്ക് പത്തൊന്‍പതു വയസ്സ് കഴിഞ്ഞപ്പോള്‍, ഒരു പേജറോ സെല്‍ഫോണോ സ്വന്തമാക്കുന്നതിനു മുമ്പ്, ഞാന്‍ മമ്മിയുടെ അടുക്കല്‍ നിന്ന് എഴുന്നൂറിലധികം മൈലുകള്‍ അകലേക്ക് പോയി. ഒരു പ്രഭാതത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കായി നേരത്തെയിറങ്ങിയ ഞാന്‍ ഞങ്ങളുടെ പതിവു ഫോണ്‍ വിളി മറന്നു പോയി. ആ രാത്രി വൈകി, രണ്ടു പോലീസുകാര്‍ എന്റെ വാതില്‍ക്കല്‍ വന്നു. മമ്മിയുമായുള്ള സംഭാഷണം ഒരിക്കല്‍പോലും ഞാന്‍ ഒഴിവാക്കിയിട്ടില്ലാതിരുന്നതിനാല്‍ മമ്മി വല്ലാതെ വ്യാകുലപ്പെട്ടു. ആവര്‍ത്തിച്ച് വിളിച്ചിട്ട്, ബിസിയാണെന്ന സിഗ്‌നല്‍ ലഭിച്ചപ്പോള്‍ അധികാരികളെ വിളിച്ച് എന്നെ അന്വേഷിക്കുവാന്‍ നിര്‍ബന്ധിച്ചു. പോലീസുകാരിലൊരാള്‍ എന്റെ നേരെ തിരിഞ്ഞിട്ടു പറഞ്ഞു, ‘സ്‌നേഹം നിന്നെ അന്വേഷിക്കുന്നത് നിര്‍ത്തുകയില്ല എന്നറിയുന്നത് ഒരനുഗ്രഹമാണ്.’

മമ്മിയെ വിളിക്കാന്‍ ഞാന്‍ ഫോണെടുത്തപ്പോഴാണ് റിസീവര്‍ ഞാന്‍ അറിയാതെ മാറ്റിവെച്ചിരിക്കുകയായിരുന്നു എന്നറിയുന്നത്. ഞാന്‍ ക്ഷമാപണം നടത്തിക്കഴിഞ്ഞ് മമ്മി പറഞ്ഞു, ‘നിന്നെ കാണാനില്ല എന്നു ഞാന്‍ പറഞ്ഞ കുടുംബാംഗങ്ങളോടും സ്‌നേഹിതരോടും ഈ സന്തോഷവാര്‍ത്ത ഞാന്‍ പറയട്ടെ’ എന്ന്. ഫോണ്‍ വെച്ചശേഷം മമ്മിയുടെ പ്രവൃത്തി അല്പം കടന്നുപോയില്ലേ എന്നു ഞാന്‍ ചിന്തിച്ചു, എങ്കിലും ഇത്രയധികം സ്‌നേഹിക്കപ്പെടുന്നു എന്നറിയുന്നത് നല്ലതായിരുന്നു.

സ്‌നേഹം ആകുന്ന ദൈവത്തിന്റെ ഒരു മനോഹര ചിത്രം തിരുവെഴുത്ത് വരച്ചു കാണിക്കുന്നുണ്ട്. തന്നില്‍ നിന്നും അകന്ന്, അലയുന്ന മക്കളെ മടികൂടാതെ മാടിവിളിക്കുന്ന ചിത്രമാണത്. ഒരു ഇടയനെപ്പോലെ, നഷ്ടപ്പെട്ട ഓരോ ആടിനെയും അവന്‍ കരുതുകയും അന്വേഷിക്കുകയും ചെയ്യുന്നത് ദൈവത്തിന്റെ ഓരോ പ്രിയ പൈതലിന്റെയും വിലമതിക്കാനാവാത്ത മൂല്യം ഉറപ്പിക്കുന്നു (ലൂക്കൊസ് 15:1-7).

നമ്മെ തേടുന്നത് സ്‌നേഹം ഒരിക്കലും നിര്‍ത്തുന്നില്ല. നാം അവങ്കലേക്കു മടങ്ങിച്ചെല്ലും വരെ അവന്‍ നമ്മെ പിന്തുടര്‍ന്നുകൊണ്ടിരിക്കും. സ്‌നേഹം – ദൈവം – അവരെയും അന്വേഷിക്കുന്നത് ഒരിക്കലും നിര്‍ത്തുന്നില്ല എന്ന് മറ്റുള്ളവരും അറിയേണ്ടതിന് അവര്‍ക്ക് വേണ്ടിയും നമുക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയും.