ന്യൂയോര്‍ക്കില്‍ നിന്ന് സാന്‍ അന്റോണിയയിലേക്കുള്ള വിമാനം പറന്നുയര്‍ന്ന് ഇരുപത് മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ഫ്‌ളൈറ്റ് പ്ലാന്‍ വ്യത്യാസപ്പെടുത്തുകയും ശാന്തത പരിഭ്രാന്തിക്കു വഴിമാറുകയും ചെയ്തു. വിമാനത്തിന്റെ എഞ്ചിനുകളിലൊന്ന് പൊട്ടിത്തെറിച്ച് കഷണങ്ങള്‍ ക്യാബിനുള്ളിലേക്ക് തുളച്ചു കയറി. ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശാന്തനും പ്രാപ്തനുമായ പൈലറ്റ് – നേവി ഫൈറ്റര്‍ പൈലറ്റായി പരിശീലനം നേടിയ – ഇല്ലായിരുന്നുവെങ്കില്‍ വലിയ ദുരന്തം സംഭവിക്കുമായിരുന്നു. പ്രാദേശിക ദിനപ്പത്രത്തിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു,’അതിശയ കരങ്ങളില്‍.’

സങ്കീര്‍ത്തനം 31 ല്‍, ദൈവത്തിന്റെ അതിശയവും കരുതുന്നതുമായ കരങ്ങളെക്കുറിച്ച് തനിക്കു ചിലത് അറിയാമെന്നു ദാവീദ് വെളിപ്പെടുത്തി. അതുകൊണ്ടാണ് ‘നിന്റെ കൈയില്‍ ഞാന്‍ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു’ (വാ.5) എന്ന് ധൈര്യത്തോടെ ദാവീദ് പറഞ്ഞത്. ജീവിതം വഴിമുട്ടുമ്പോള്‍ ആശ്രയിക്കാന്‍ കൊള്ളാവുന്നവനാണ് യഹോവയെന്ന് ദാവീദ് വിശ്വസിച്ചു. ശത്രു ശക്തികള്‍ അവനെ ലക്ഷ്യം വെച്ചപ്പോള്‍ ദാവീദിന് ജീവിതം പ്രയാസകരമായിത്തീര്‍ന്നു. ആക്രമിക്കപ്പെടാവുന്ന സ്ഥിതിയിലാണെങ്കിലും അവന്‍ പ്രതീക്ഷയറ്റവനായിരുന്നില്ല. അസഹ്യപ്പെടുത്തലുകളുടെ നടുവിലും ദാവീദിന് ആശ്വാസത്തിന്റെ നെടുവീര്‍പ്പിടാനും സന്തോഷിക്കാനും കഴിഞ്ഞു. കാരണം അവന്റെ വിശ്വസ്തനും സ്‌നേഹവാനുമായ ദൈവം ആയിരുന്നു അവന്റെ ധൈര്യത്തിന്റെ ഉറവിടം (വാ. 5-7).

എല്ലാ ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ നിങ്ങളുടെ നേരെ വരികയും മുമ്പില്‍ എന്താണെന്ന് കാണാന്‍ പ്രയാസപ്പെടുകയും ചെയ്യുന്ന, ജീവിതത്തിലെ ഒരു പ്രത്യേക ഘട്ടത്തിലായിരിക്കാം നിങ്ങളിപ്പോള്‍. അനിശ്ചിതത്വത്തിന്റെയും ചിന്താക്കുഴപ്പത്തിന്റെയും ശൂന്യതയുടെയും നടുവില്‍ ഒരു കാര്യം പൂര്‍ണ്ണ ഉറപ്പോടെ നിലകൊള്ളുന്നു – കര്‍ത്താവില്‍ സുരക്ഷിതരായവര്‍ അതിശയ കരങ്ങളിലാണ്.