എന്റെ മക്കളുമായി മല കയറുന്ന സമയത്ത്, പാതയുടെ അരികില്‍ വളരുന്ന ഇളം പച്ചനിറത്തിലുള്ള ഒരു സസ്യത്തെ ഞങ്ങള്‍ കണ്ടെത്തുകയുണ്ടായി. അവിടെയുള്ള ബോര്‍ഡില്‍ രേഖപ്പെടുത്തിയതനുസരിച്ച് അതിനെ സാധാരണയായി ‘മാന്‍ പായല്‍’ എന്നാണ് വിളിക്കുന്നതെന്ന് മനസ്സിലായി. എന്നാലതൊരു പായല്‍ അല്ലായിരുന്നു. അതൊരു കല്‍പ്പായല്‍ ആയിരുന്നു. ഒരു കല്‍പ്പായല്‍ എന്നു പറയുന്നത്, ഒരു ഫംഗസും ഒരു ആള്‍ഗയും പരസ്പര ബന്ധത്തില്‍ ഒന്നിച്ചു വളരുകയും തന്മൂലം രണ്ടു സസ്യങ്ങളും പരസ്പരം നേട്ടം ആര്‍ജ്ജിക്കുകയും ചെയ്തുകൊണ്ട് വളരുന്നതാണ്. ഫംഗസിനോ ആള്‍ഗയ്‌ക്കോ തനിയെ നിലനില്‍ക്കാന്‍ കഴിയില്ല, എന്നാല്‍ ഒന്നിച്ചു വളരുമ്പോള്‍ അവ ഒരു കഠിന സസ്യമായി മാറുകയും ആല്‍പ്‌സിലെ ചിലയിടങ്ങളില്‍ ഏതാണ്ട് 4500 വര്‍ഷങ്ങളോളം ജീവിക്കുവാന്‍ കഴിയുകയും ചെയ്യുന്നുണ്ട്. സസ്യത്തിന് വരള്‍ച്ചയെയും കുറഞ്ഞ ഊഷ്മാവിനെയും അതിജീവിക്കാന്‍ കഴിയുന്നതുകൊണ്ട് കഠിനമായ മഞ്ഞുകാലത്ത് കാരിബുകളുടെ (റെയിന്‍ഡിയര്‍) ഏക ഭക്ഷണം ഇത് മാത്രമാണ്.

ഫംഗസും ആള്‍ഗയും തമ്മിലുള്ള ബന്ധം, നമ്മുടെ മാനുഷിക ബന്ധങ്ങളെക്കുറിച്ച് എന്നെ ഓര്‍മ്മിപ്പിച്ചു. നാം പരസ്പരം ആശ്രയിക്കുന്നു. വളരുവാനും അഭിവൃദ്ധിപ്പെടുവാനും നമുക്ക് പരസ്പര ബന്ധം ആവശ്യമാണ്.

പൗലൊസ് കൊലൊസ്യയിലെ വിശ്വാസികള്‍ക്കെഴുതുമ്പോള്‍, നമ്മുടെ ബന്ധം എങ്ങനെയായിരിക്കണമെന്ന് എഴുതുന്നുണ്ട്. നാം ‘മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീര്‍ഘക്ഷമ എന്നിവ” ധരിക്കണം (കൊലൊസ്യര്‍ 3:12). നാം ‘ഏകശരീരം” ആയിരിക്കുന്നതിനാല്‍ (വാ. 15) അന്യോന്യം ക്ഷമിക്കയും സമാധാനത്തില്‍ ജീവിക്കുകയും വേണം.
നമ്മുടെ കുടുംബത്തോടും അല്ലെങ്കില്‍ സ്‌നേഹിതരോടും സമാധാനത്തില്‍ ജീവിക്കുക എല്ലായ്‌പ്പോഴും എളുപ്പമല്ല. എന്നാല്‍ നമ്മുടെ ബന്ധങ്ങളില്‍ താഴ്മയും ക്ഷമയും പ്രദര്‍ശിപ്പിക്കാന്‍ പരിശുദ്ധാത്മാവ് നമ്മെ ശക്തീകരിക്കുമ്പോള്‍ അന്യോന്യമുള്ള നമ്മുടെ സ്‌നേഹം ക്രിസ്തുവിലേക്കു വിരല്‍ ചൂണ്ടുകയും ദൈവത്തിനു മഹത്വം വരുത്തുകയും ചെയ്യും (യോഹന്നാന്‍ 13:35).