തങ്ങളുടെ ജീവിത പങ്കാളികളെ ചതിക്കുന്നവരോട് ഒരു സഹതാപവും ലിസയ്ക്ക് തോന്നിയിരുന്നില്ല… എന്നാല്‍ അവള്‍ തന്നെ വിവാഹജീവിതത്തില്‍ അസംതൃപ്തയാകുകയും അപകടകരമായ ഒരു ആകര്‍ഷണത്തെ പ്രതിരോധിക്കാന്‍ പാടുപെടുകയും ചെയ്യുന്നതുവരെയേ ആ മനോഭാവം നീണ്ടുനിന്നുള്ളു. ആ വേദനാജനകമായ അനുഭവം മറ്റുള്ളവരോട് ഒരു പുതിയ സഹാനുഭൂതി ആര്‍ജ്ജിക്കാനും ‘നിങ്ങളില്‍ പാപമില്ലാത്തവര്‍ അവളെ ഒന്നാമത് കല്ലെറിയട്ടെ’ (യോഹന്നാന്‍ 8:7) എന്ന ക്രിസ്തുവിന്റെ വാക്കുകളെ ആഴത്തില്‍ മനസ്സിലാക്കാനും അവളെ സഹായിച്ചു.

യേശു ദൈവാലയ പ്രാകാരത്തില്‍ ഉപദേശിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു ആ പ്രസ്താവന നടത്തിയത്. ഒരു കൂട്ടം ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാര കുറ്റത്തില്‍ പിടിച്ച ഒരു സ്ത്രീയെ വലിച്ചിഴച്ച് യേശുവിന്റെ മുമ്പില്‍ കൊണ്ടുവന്നു: ‘ഇങ്ങനെയുള്ളവരെ കല്ലെറിയണം എന്നു മോശയുടെ ന്യായപ്രമാണത്തില്‍ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ചു എന്ത് പറയുന്നു?’ (വാ.5).
യേശുവിനെ തങ്ങളുടെ അധികാരത്തിനു ഭീഷണിയായി അവര്‍ കണ്ടിരുന്നതിനാല്‍, ഈ ചോദ്യം ‘അവനെ കുറ്റം ചുമത്തുവാന്‍ സംഗതി കിട്ടേണ്ടതിനുള്ള’ (വാ.6) കെണിയായിരുന്നു.

എന്നാല്‍ ‘നിങ്ങളില്‍ പാപമില്ലാത്തവര്‍ അവളെ ഒന്നാമത് കല്ലെറിയട്ടെ” എന്ന് യേശു മറുപടി പറഞ്ഞപ്പോള്‍ ആ സ്ത്രീയെ കുറ്റം ചുമത്തിയ ഒരാളും കുനിഞ്ഞ് കല്ലെടുത്തില്ല. ഓരോരുത്തരായി അവിടെനിന്നു പോയി.

നാം നമ്മുടെ സ്വന്തം പാപത്തെ ചെറുതായി കാണുകയും മറ്റൊരാളുടെ പെരുമാറ്റത്തെ വിമര്‍ശനപരമായി വിലയിരുത്തുകയും ചെയ്യുന്നതിന് മുമ്പ്, ‘നാം എല്ലാവരും ദൈവതേജസ്സ് ഇല്ലാത്തവരായിത്തീര്‍ന്നു” (റോമര്‍ 3:23) എന്ന് ഓര്‍ക്കുക. കുറ്റം വിധിക്കുന്നതിനു പകരം, നമ്മുടെ രക്ഷകന്‍ ഈ സ്ത്രീക്ക് – നിങ്ങള്‍ക്കും എനിക്കും – കൃപയും പ്രത്യാശയും കാണിച്ചുകൊടുത്തു (യോഹന്നാന്‍ 3:16; 8:10-11). മറ്റുള്ളവര്‍ക്കുവേണ്ടി നമുക്കും അതെങ്ങനെ ചെയ്യാതിരിക്കാന്‍ കഴിയും?