പാരമ്പര്യങ്ങള്‍ നിറഞ്ഞ ഒരു സഭയിലാണ് ഞാന്‍ വളര്‍ന്നത്. ഒരു പ്രിയപ്പെട്ട കുടുംബാംഗമോ സുഹൃത്തോ മരിക്കുമ്പോള്‍ ഇതിലൊന്ന് കാണാന്‍ കഴിയും. അധികം താമസിയാതെ ഒരു ചാരുബഞ്ചിലോ അല്ലെങ്കില്‍ ഹാളില്‍ തൂക്കിയ പെയിന്റിംഗിലോ ഒരു പിച്ചളത്തകിടില്‍ കൊത്തിയ ലിഖിതം കാണാം: ‘… ന്റെ ഓര്‍മ്മയ്ക്ക്’. മരിച്ച വ്യക്തിയുടെ പേര്, കടന്നുപോയ ഒരു ജീവിതത്തിന്റെ തിളങ്ങുന്ന ഓര്‍മ്മപ്പെടുത്തലായി തെളിഞ്ഞു നില്ക്കും. ആ സ്മരണകളെ ഞാന്‍ എന്നും അഭിനന്ദിച്ചിരുന്നു. ഇപ്പോഴും അങ്ങനെ ചെയ്യുന്നു. എങ്കിലും അതേ സമയം തന്നെ, അവയെല്ലാം നിശ്ചലമായ, നിര്‍ജ്ജീവമായ വസ്തുക്കളാണെന്നാണ് അതെന്നെ ഓര്‍മ്മിപ്പിക്കാറുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ‘ജീവനില്ലാത്തവ.’ ഒരു സ്മാരകത്തിനു ‘ജീവന്’ കൊടുക്കാന്‍ കഴിയുന്ന മാര്‍ഗ്ഗമുണ്ടോ?
തന്റെ പ്രിയ സ്നേഹിതനായ യോനാഥാന്റെ മരണത്തിനുശേഷം അവനെ ഓര്‍മ്മിക്കാനും അവനോടുള്ള ഒരു വാഗ്ദാനം പാലിക്കുവാനും ദാവീദ് ആഗ്രഹിച്ചു (1 ശമുവേല്‍ 20:12-17). കേവലം നിര്‍ജ്ജീവമായ ഒന്ന് അന്വേഷിക്കുന്നതിന് പകരം ദാവീദ് ജീവനുള്ള ഒന്നിനെ അന്വേഷിച്ചു കണ്ടെത്തി – യോനാഥാന്റെ ഒരു മകനെ (2 ശമുവേല്‍ 9:3). ഇവിടെ ദാവീദിന്റെ തീരുമാനം നാടകീയമാണ്. അവന്റെ വസ്തുവക തിരികെ കൊടുത്തുകൊണ്ടും (‘നിന്റെ അപ്പനായ ശൗലിന്റെ നിലം ഒക്കെയും നിനക്കു മടക്കിത്തരുന്നു’), തുടര്‍മാനമായി അവനാവശ്യമായ ഭക്ഷണ പാനീയങ്ങള്‍ നല്കിക്കൊണ്ടും (‘നീയോ നിത്യം എന്റെ മേശയിങ്കല്‍ നിന്നു ഭക്ഷണം കഴിച്ചു കൊള്ളേണം’) (വാ. 6-7) മെഫിബോശത്തിനു ദയ കാണിക്കാന്‍ (വാ. 1) അവന് തീരുമാനിച്ചു.
മരിച്ചുപോയവരെ തുടര്‍ന്നും നാം ഓര്‍മ്മക്കുറിപ്പുകളും പെയിന്റിങ്ങുകളും കൊണ്ട് സ്മരിക്കുമ്പോള്‍ തന്നേ, നമുക്ക് ദാവീദിന്റെ മാതൃക ഓര്‍ക്കുകയും ഇപ്പോഴും ജീവിച്ചിരിക്കുന്നവര്‍ക്ക് ദയ കാണിക്കുകയും ചെയ്യാം.
യേശുവേ, മറ്റുള്ളവര്‍ എന്നോട് കാണിച്ചിട്ടുള്ള ദയയുടെ ഓര്‍മ്മയ്ക്കായി, അതിലുപരി അവിടുത്തെ മഹത്തായ കരുണ നിമിത്തവും മറ്റുള്ളവരോട് ദയ കാണിക്കാനുള്ള ശക്തി എനിക്ക് നല്കണമേ.