ഇന്‍ഡോനേഷ്യയിലെ പാസ്റ്റര്‍മാര്‍ക്കു വേണ്ടി ഒരു ബൈബിള്‍ പഠന സഹായി എഴുതിക്കൊണ്ടിരിക്കുമ്പോള്‍, എഴുത്തുകാരനായ സുഹൃത്ത്, ഒന്നിച്ചിരിക്കുന്നതു സംബന്ധിച്ച ആ രാജ്യത്തിന്റെ സംസ്‌കാരത്തില്‍ ആകൃഷ്ടനാകാന്‍ തുടങ്ങി. ഗോട്ടോംഗ് റോയോംഗ് – ‘പരസ്പര പിന്താങ്ങല്‍’ എന്നര്‍ത്ഥം – എന്നു വിളിക്കുന്ന ഈ ആശയം ഗ്രാമങ്ങളിലാണ് നടപ്പാക്കിയിരിക്കുന്നത്: അയല്‍ക്കാര്‍ ചേര്‍ന്ന് ഒരുവന്റെ മേല്‍ക്കൂര നന്നാക്കുകയോ ഒരു പാലമോ, റോഡ് പണിയുകയോ ചെയ്യും. എന്റെ സുഹൃത്ത് പറഞ്ഞത് നഗരങ്ങളിലും ‘ആളുകള്‍ എല്ലായ്‌പ്പോഴും മറ്റൊരാളെക്കൂടി കൂട്ടിയാണ് പോകാറുള്ളത്. ഉദാ. ഡോക്ടറെ കാണാനും മറ്റും. അത് സാംസ്‌കാരിക നിയമമാണ്. അതുകൊണ്ട് നിങ്ങള്‍ ഒരിക്കലും ഒറ്റയ്ക്കല്ല.

ലോകവ്യാപകമായി, യേശുവിലുള്ള വിശ്വാസികള്‍ തങ്ങള്‍ ഒരിക്കലും ഒറ്റയ്ക്കല്ല എന്നറിയുന്നതില്‍ സന്തോഷിക്കുന്നു. നമ്മുടെ നിരന്തരവും എന്നെന്നേക്കുമുള്ള കൂട്ടാളി ത്രിത്വത്തിലെ മൂന്നാമനായ പരിശുദ്ധാത്മാവാണ്. ഒരു വിശ്വസ്ത സ്‌നേഹിതന്‍ എന്നതിലുപരി, നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് തന്റെ പരിശുദ്ധാത്മാവിനെ ക്രിസ്തുവിന്റെ ഓരോ അനുയായിക്കും നല്‍കിയിരിക്കുന്നത്, ‘നിങ്ങളോടുകൂടെ ഇരിക്കയും നിങ്ങളില്‍ വസിക്കയും’ ചെയ്യേണ്ടതിനാണ് (യോഹന്നാന്‍ 14:16).

ഭൂമിയിലെ തന്റെ വാസം അവസാനിച്ചാലുടനെ പരിശുദ്ധാത്മാവ് വരും എന്ന് യേശു വാഗ്ദത്തം ചെയ്തു. ‘ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല’ (വാ. 18) യേശു പറഞ്ഞു. പകരം പരിശുദ്ധാത്മാവ് – ‘നിങ്ങളോടുകൂടെ ഇരിക്കയും നിങ്ങളില്‍ വസിക്കയും’ ചെയ്യുന്ന ‘സത്യത്തിന്റെ ആത്മാവ്’ – ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുന്ന നമ്മിലോരോരുത്തരിലും വസിക്കുന്നു (വാ.17).

പരിശുദ്ധാത്മാവാണ് നമ്മുടെ സഹായിയും ആശ്വാസകനും പ്രോത്സാഹകനും ആലോചനക്കാരനും – പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ആളുകളെപ്പോലും ഏകാന്തത ബുദ്ധിമുട്ടിക്കുന്ന ഒരു ലോകത്തില്‍ – നമ്മുടെ സന്തത സഹചാരിയും. നമുക്ക് എന്നെന്നേക്കും അവന്റെ ആശ്വസിപ്പിക്കുന്ന സ്‌നേഹത്തിലും സഹായത്തിലും വസിക്കാം.