ജോണും മേരിയും അവരുടെ വസ്തുവിലൂടെ അവരുടെ നായയെ നടത്തിക്കൊണ്ടിരിക്കുമ്പോള്‍, അടുത്തയിടെ പെയ്ത മഴയില്‍ മണ്ണിളകി പാതി മണ്ണിനു മുകളില്‍ കാണാവുന്ന തുരുമ്പിച്ച ഒരു പാത്രം അവരുടെ ദൃഷ്ടിയില് പെട്ടു. അവരത് വീട്ടില്‍ കൊണ്ടുപോയി തുറന്നപ്പോള്‍ ഒരു നൂറ്റാണ്ട് പഴക്കമുള്ള സ്വര്‍ണ്ണ നാണയങ്ങളുടെ ഒരു ശേഖരം ലഭിച്ചു. അവര്‍ മടങ്ങിച്ചെന്ന് പരിശോധിച്ചപ്പോള്‍ ഏഴെണ്ണം കൂടി ലഭിച്ചു – എല്ലാത്തിലും കൂടി 1427 നാണയങ്ങള്‍! തുടര്‍ന്ന് മറ്റൊരു സ്ഥലത്ത് അവരത് സുരക്ഷിതമായി കുഴിച്ചിട്ടു.
ഈ നാണയ ശേഖരത്തിന് (10 ദശലക്ഷം ഡോളര്‍ വിലവരുന്ന) സാഡില്‍ റിഡ്ജ് നിധി ശേഖരം എന്ന് പേരായി. അമേരിക്കയില്‍ ഇത്തരത്തില്‍ കണ്ടെടുക്കപ്പെട്ടതിലേക്കും വലിയ നിധിശേഖരമായിരുന്നു ഇത്. ഈ കഥ യേശു പറഞ്ഞ ഒരു ഉപമയോട് അസാധാരണമാം വിധം സാദൃശ്യം പുലര്‍ത്തുന്നു – ‘സ്വര്‍ഗ്ഗരാജ്യം വയലില്‍ ഒളിച്ചുവച്ച നിധിയോടു സദൃശം. അത് ഒരു മനുഷ്യന് കണ്ടു മറച്ചിട്ടു,
തന്റെ സന്തോഷത്താല്‍ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റ് ആ വയല്‍ വാങ്ങി’ (മത്തായി 13:44).
ഇത്തരം കണ്ടെത്തലുകള്‍ അപൂര്‍വ്വമാണെങ്കിലും കുഴിച്ചിട്ട നിധിയെക്കുറിച്ചുള്ള കഥകള്‍ നൂറ്റാണ്ടുകളായി മനുഷ്യ ഭാവനയെ കീഴടക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ തങ്ങളുടെ പാപങ്ങളെ ഏറ്റു പറഞ്ഞ് അവനെ സ്വീകരിച്ച് അനുഗമിക്കുന്ന എല്ലാവര്ക്കും സ്വായത്തമായ ഒരു നിധിയെക്കുറിച്ചു യേശു പറയുന്നു (യോഹന്നാന് 1:12).
ആ നിധിയുടെ അവസാനത്തിലേക്ക് നാമൊരിക്കലും എത്തുകയില്ല. നാം നമ്മുടെ പഴയ ജീവിതങ്ങളെ ഉപേക്ഷിച്ച് ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും തേടുമ്പോള്‍, അവന്റെ വില നാം കണ്ടെത്തും. ‘ക്രിസ്തുയേശുവില്‍ നമ്മെക്കുറിച്ചുള്ള വാത്സല്യത്തില്‍ തന്റെ കൃപയുടെ അത്യന്ത ധനത്തിലൂടെ’ (എഫെസ്യര്‍ 2:6) സങ്കല്പാതീതമായ നിധി ദൈവം നമുക്ക് വാഗ്ദാനം ചെയ്യുന്നു – അവന്റെ പുത്രന്മാരും പുത്രിമാരും എന്ന നിലയില്‍ പുതുജീവന്‍, ഭൂമിയില്‍ പുതു ഉദ്ദേശ്യം, അവനോടൊപ്പം നിത്യതയില്‍ അളവറ്റ സന്തോഷം എന്നിവ.
ദൈവമേ, അങ്ങാണെന്റെ ഏറ്റവും നല്ല നിധി. അങ്ങയില്‍ ഞാന്‍ പാപക്ഷമയും പുതുജീവനും കണ്ടെത്തുന്നതിനായി അങ്ങയുടെ ജീവന് എനിക്കായി ക്രൂശില്‍ നല്‍കിയതിന് ഞാന്‍ അങ്ങയെ സ്തുതിക്കുന്നു.