‘എല്ലും തോലും, എല്ലും തോലും’ ഒരു പയ്യന്‍ കളിയാക്കി. ‘വടി’ മറ്റൊരുത്തന്‍ ചിരിച്ചു. മറുപടിയായി ‘വടിയും കല്ലും എന്റെ അസ്ഥികളെ തകര്‍ത്തേക്കാം, എന്നാല്‍ വാക്കുകള്‍ എന്നെ ഒരിക്കലും മുറിവേല്പിക്കയില്ല’ എന്ന് ഈണത്തില്‍ പാടാനെനിക്ക് അറിയാമായിരുന്നു. എങ്കിലും കൊച്ചുപ്രായത്തില്‍പോലും ആ ജനപ്രിയ ഈരടികള്‍ സത്യമല്ല എന്നെനിക്കറിയാമായിരുന്നു. കനിവില്ലാത്ത, ചിന്താശൂന്യമായ വാക്കുകള്‍ മുറിവേല്പിക്കും – ചിലപ്പോള്‍ കഠിനമായ മുറിവുകള്‍ അവശേഷിക്കും – അത് ആഴത്തില്‍ ഇറങ്ങുകയും കല്ലോ വടിയോ കൊണ്ടുണ്ടായ പാടുകളേക്കാള്‍ ദീര്‍ഘകാലം നില്‍ക്കുകയും ചെയ്യും.
ചിന്താശൂന്യമായ വാക്കുകളുടെ കുത്തല്‍ ഹന്നാ അറിഞ്ഞിരുന്നു. അവളുടെ ഭര്‍ത്താവ് എല്‍ക്കാനാ അവളെ സ്‌നേഹിച്ചിരുന്നു എങ്കിലും അവള്‍ക്ക് മക്കളില്ലായിരുന്നു; എല്‍ക്കാനയുടെ രണ്ടാം ഭാര്യ പെനിന്നായ്ക്കു അനവധി മക്കളുണ്ടായിരുന്നു. മക്കളുടെ എണ്ണത്തിനനുസരിച്ച് സ്ത്രീകളെ വിലമതിച്ചിരുന്ന ഒരു സംസ്‌ക്കാരത്തില്‍, ഹന്നായ്ക്ക് മക്കളില്ലാത്ത കാര്യം പറഞ്ഞു അവളെ ‘മുഷിപ്പിച്ചുകൊണ്ട്’ പെനിന്നാ അവളുടെ വേദന കഠിനമാക്കി. ഹന്നാ കരഞ്ഞു പട്ടിണി കിടക്കുന്ന അവസ്ഥയിലാകുന്നതുവരെ അവള്‍ അത് തുടര്‍ന്നുകൊണ്ടേയിരുന്നു (1 ശമൂവേല്‍ 1:6-7).
നല്ല ഉദ്ദേശ്യത്തോടെയാണെങ്കിലും എല്‍ക്കാനയുടെ ചിന്താശൂന്യമായ ‘ഹന്നായെ നീ എന്തിന് കരയുന്നു?.. ഞാന്‍ നിനക്ക് പത്തു പുത്രന്മാരേക്കാള്‍ നന്നല്ലയോ?’ (വാ. 8) പ്രതികരണം പിന്നെയും അവളെ മുറിപ്പെടുത്തിയതേയുള്ളു.
ഹന്നായെപ്പോലെ, നമ്മില്‍ അനേകരും മുറിവേല്‍പ്പിക്കുന്ന വാക്കുകളുടെ മുമ്പില്‍ തകരുന്നവരായിരിക്കാം. നമ്മില്‍ ചിലരാകട്ടെ, ആ മുറിവുകള്‍ക്ക് പകരമായി പ്രതികരിക്കുകയും, നമ്മുടെ വാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ അടിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്യുന്നുണ്ടാകാം. എന്നാല്‍ നമുക്കെല്ലാവര്‍ക്കും ബലത്തിനും സൗഖ്യത്തിനുമായി നമ്മുടെ സ്‌നേഹവാനും കനിവുള്ളവനുമായ ദൈവത്തിന്റെ സന്നിധിയിലേക്ക് ഓടിച്ചെല്ലുവാന്‍ കഴിയും (സങ്കീര്‍ത്തനം 27:5, 12-14). അവന്‍ സ്‌നേഹത്തിന്റെയും കൃപയുടെയും വാക്കുകളിലൂടെ നമ്മില്‍ സന്തോഷിക്കും.
കര്‍ത്താവേ, അങ്ങയില്‍ ഞങ്ങള്‍ക്കു ലഭ്യമാകുന്ന സൗഖ്യത്തിനും പ്രത്യാശയ്ക്കും നന്ദി. ഞങ്ങളുടെ മുറിവുകളെ അങ്ങയുടെ അടുക്കല്‍ കൊണ്ടുവരാന്‍ ഞങ്ങളെ സഹായിക്കേണമേ - ഞങ്ങള്‍ പറയുന്ന വാക്കുകള്‍ക്ക് എപ്പോഴും ശ്രദ്ധയുള്ളവരായിരിക്കാനും ഞങ്ങളെ സഹായിക്കേണമേ. സംസാരിക്കും മുമ്പേ ചിന്തിക്കുന്നതിനുള്ള ജ്ഞാനവും ക്ഷമയും ഞങ്ങള്‍ക്ക് നല്കേണമേ.