കോമിക്ക് പുസ്തകത്തിലെ നായകന്‍ എക്കാലത്തും ജനപ്രീതിയുള്ളവനാണ്. 2017 ല്‍ മാത്രം, ആറ് സൂപ്പര്‍ ഹീറോ സിനിമകള്‍, അമേരിക്കയില്‍ 400 കോടി ഡോളറിലധികം വാരിക്കൂട്ടി. എന്തുകൊണ്ടാണ് ആളുകള്‍ ബിഗ് ആക്ഷന്‍ സിനിമകളില്‍ ആകൃഷ്ടരാകുന്നത്? ഒരുപക്ഷെ അത്തരം കഥകള്‍ ഭാഗികമായിട്ടാണെങ്കിലും ദൈവത്തിന്റെ വലിയ കഥയോട് സാമ്യം പുലര്‍ത്തുന്നതാകാം കാരണം. കഥയില്‍ ഒരു നായകനും വില്ലനും രക്ഷ ആവശ്യമുള്ള ജനങ്ങളും ധാരാളം സംഘട്ടനങ്ങളും ഉണ്ട്.

ഈ കഥയില്‍ ഏറ്റവും വലിയ വില്ലന്‍ സാത്താനാണ് – നമ്മുടെ ആത്മാക്കളുടെ ശത്രു. കൂടാതെ ധാരാളം ‘ചെറിയ’ വില്ലന്മാരുമുണ്ട്. ഉദാഹരണമായി, ദാനിയേലിന്റെ പുസ്തകത്തില്‍, ഒരുവന്‍ നെബുഖദ്‌നേസറാണ്. അന്നറിയപ്പെട്ട ലോകത്തിന്റെ ഭൂരിഭാഗവും ഭരിച്ചിരുന്ന അവന്‍ തന്റെ ഭീമാകാരമായ പ്രതിമയെ നമസ്‌കരിക്കാത്ത ഏവനെയും കൊല്ലാന്‍ തീരുമാനിച്ചു (ദാനിയേല്‍ 3:1-6). ധൈര്യശാലികളായ മൂന്ന് യെഹൂദ യുവാക്കള്‍ വിസമ്മതിച്ചപ്പോള്‍ (വാ. 12-18), ദൈവം അവരെ എരിയുന്ന തീച്ചൂളയില്‍ നിന്ന് അത്ഭുതകരമായി രക്ഷിച്ചു (വാ. 24-27).

എന്നാല്‍ അതിശയകരമായ ഒരു വഴിത്തിരിവിലൂടെ വില്ലന്റെ ഹൃദയം രൂപാന്തരപ്പെടാന്‍ തുടങ്ങുന്നത് നാം കാണുന്നു. ഈ ശ്രദ്ധേയ സംഭവത്തോടുള്ള പ്രതികരണമായി നെബൂഖദ്‌നേസര്‍ പറയുന്നു, ‘ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്‌നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവന്‍’ (വാ. 28).

തുടര്‍ന്ന് ദൈവത്തെ ദുഷിക്കുന്ന ഏവനെയും കൊല്ലുമെന്നവന്‍ ഭീഷണിപ്പെടുത്തുന്നു (വാ. 29), തന്റെ സഹായം ദൈവത്തിനാവശ്യമില്ലെന്ന് ഇനിയും അവന്‍ മനസ്സിലാക്കിയില്ല. 4-ാം അദ്ധ്യായത്തില്‍ നെബൂഖദ്‌നേസര്‍ ദൈവത്തെ കൂടുതല്‍ മനസ്സിലാക്കുന്നുണ്ട് – അത് മറ്റൊരു കഥയാണ്.

നെബൂഖദ്‌നേസറില്‍ നാം കാണുന്നത് കേവലമൊരു വില്ലനെയല്ല, മറിച്ച് ആത്മീയയാത്ര ചെയ്യുന്ന ഒരുവനെയാണ്. ദൈവത്തിന്റെ, വീണ്ടെടുപ്പിന്‍ കഥയില്‍ നമ്മുടെ നായകനായ യേശു രക്ഷ ആവശ്യമുള്ള എല്ലാവരുടെയും നേരെ – നമ്മുടെയിടയിലുള്ള വില്ലന്മാരുള്‍പ്പടെ – കൈ നീട്ടുന്നു.