ഞങ്ങളുടെ സഭയില്‍പ്പെട്ട, ആറുപേരുള്ള ഒരു കുടുംബത്തിന്റെ വീട് അഗ്നിക്കിരയായി, പിതാവും മകനും രക്ഷപ്പെട്ടെങ്കിലും പിതാവിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയും അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും രണ്ടു കൊച്ചു കുട്ടികളും കൊല്ലപ്പെടുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍, ഇത്തരത്തിലുള്ള ഹൃദയഭേദകമായ സംഭവങ്ങള്‍ വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടേയിരിക്കുന്നു. അവ വീണ്ടും സംഭവിക്കുമ്പോള്‍, കാലങ്ങളായുള്ള പഴയ ചോദ്യം ഉയരുന്നു: ‘എന്തുകൊണ്ടാണ് നല്ല മനുഷ്യര്‍ക്ക് മോശം കാര്യങ്ങള്‍ സംഭവിക്കുന്നത്?’ ഈ പഴയ ചോദ്യത്തിന് പുതിയ ഉത്തരങ്ങളില്ല എന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നില്ല.

എങ്കിലും സങ്കീര്‍ത്തനം 46-ല്‍ സങ്കീര്‍ത്തനക്കാരന്‍ മുന്നോട്ട് വയ്ക്കുന്ന സത്യത്തെ നാം ആവര്‍ത്തിച്ച് കേള്‍ക്കുകയും ഉരുവിടുകയും ആശ്ലേഷിക്കുകയും ചെയ്യുന്നുണ്ട്: ‘ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളില്‍ അവന്‍ ഏറ്റവും അടുത്ത തുണയായിരിക്കുന്നു’ (വാ. 1). വാ.2-3 ല്‍ വിവരിക്കുന്ന സ്ഥിതി ദുരന്തപൂര്‍ണ്ണമാണ് – ഭൂമിയും പര്‍വ്വതങ്ങളും ഇളകുകയും സമുദ്രം ക്ഷോഭിക്കുകയും ചെയ്യുന്നു. ഇവിടെ കാവ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്ന കൊടുങ്കാറ്റിലെ സാഹചര്യത്തില്‍ അകപ്പെടുന്ന കാര്യം സങ്കല്പിച്ചാല്‍ തന്നെ നാം നടുങ്ങിപ്പോകും. എങ്കിലും ചിലപ്പോഴൊക്കെ അത്തരം സാഹചര്യങ്ങളില്‍ – ഒരു മാരക രോഗത്തിന്റെ അവസ്ഥയിലോ, തകര്‍ത്തു കളയുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയോ, പ്രിയപ്പെട്ടവരുടെ മരണം ഉളവാക്കുന്ന ഞെട്ടലിലോ – നാം അകപ്പെടാറുണ്ട്.
പ്രതിസന്ധിയുടെ സാന്നിധ്യം ദൈവത്തിന്റെ അസാന്നിധ്യമാണെന്ന് ന്യായീകരിക്കാന്‍ നാം പരീക്ഷിക്കപ്പെടാറുണ്ട്.

എന്നാല്‍ തിരുവചന സത്യം അത്തരം ധാരണകളെ എതിര്‍ക്കുന്നു: ‘സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെയുണ്ട്: യാക്കോബിന്റെ ദൈവം നമ്മുടെ ദുര്‍ഗ്ഗം ആകുന്നു’ (വാ. 7,11). നമ്മുടെ സാഹചര്യങ്ങള്‍ അസഹനീയമാകുമ്പോള്‍ അവന്‍ അടുത്തുവരുന്നു; അവന്റെ സ്വഭാവത്തില്‍ – അവന്‍ നല്ലവനും സ്‌നേഹവാനും വിശ്വസിക്കാവുന്നവനും ആകുന്നു – നാം ആശ്വാസം കണ്ടെത്തുന്നു.