പ്രസിദ്ധ ഫ്രഞ്ചു കലാകാരനായ എഡ്ഗര്‍ ഡേഗാസ്, തന്റെ ബാലേ നര്‍ത്തകിമാരുടെ പെന്റിംഗുകളുടെ പേരിലാണ് ലോകമെമ്പാടും ഓര്‍മ്മിക്കപ്പെടുന്നത്. മറ്റൊരു പ്രശസ്ത ചിത്രകാരനും ഡേഗാസിന്റെ സ്നേഹിതനും കലാരംഗത്തെ എതിരാളിയും ആയിരുന്ന എഡ്വാര്‍ഡ് മാനേയോടുള്ള അദ്ദേഹത്തിന്റെ അസൂയയെക്കുറിച്ച് അധികമാര്‍ക്കും അറിഞ്ഞുകൂടാ. മാനേയെക്കുറിച്ചു ഡേഗാസ് പറഞ്ഞു, ‘അവന് ചെയ്യുന്നതെല്ലാം നേരെ മികച്ചതാകുന്നു, ഞാനാകട്ടെ അവസാനമില്ലാതെ അദ്ധ്വാനിച്ചിട്ടും ഒരിക്കലും അത് ശരിയാക്കാനായിട്ടില്ല.’
അസൂയ ഒരു വിചിത്രമായ വികാരമാണ് – ഏറ്റവും മോശമായ സ്വഭാവങ്ങളുടെ കൂട്ടത്തിലാണ് അപ്പൊസ്തലനായ പൗലൊസ് അതിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്: ‘സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുര്‍ബുദ്ധിയും നിറഞ്ഞവര്‍; അസൂയ, കൊല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവര്’ (റോമര്‍ 1:28), ബുദ്ധിശൂന്യ ചിന്തയുടെ ഫലമാണത്. ദൈവത്തെ ആരാധിക്കുന്നതിന് പകരം വിഗ്രഹങ്ങളെ ആരാധിക്കുന്നതിന്റെ ഫലമാണതെന്നു പൗലൊസ് എഴുതുന്നു (വാ.28 NLT).
എഴുത്തുകാരി ക്രിസ്റ്റീന ഫോക്സ് പറയുന്നത്, വിശ്വാസികള്‍ക്കിടയില്‍ അസൂയ രൂപപ്പെടുമ്പോള്‍, അതിനു കാരണം ‘നമ്മുടെ ഏക സത്യസ്നേഹത്തില്‍ നിന്ന് നമ്മുടെ ഹൃദയം മാറിപ്പോകുന്നതാണ്.’ നമ്മുടെ അസൂയയില്‍, അവള് പറയുന്നു, ‘യേശുവിനെ നോക്കുന്നതിനു പകരം നാം ഈ ലോകത്തിന്റെ വിലകുറഞ്ഞ സുഖങ്ങളുടെ പിന്നാലെ പായുന്നു. അര്‍ത്ഥാല്‍ നാം ആരുടെ വകയാണെന്നു നാം മറന്നുപോകുന്നു.’
എങ്കിലും അതിനൊരു പരിഹാരമുണ്ട്. ദൈവത്തിങ്കലേക്കു മടങ്ങുക. ‘നിങ്ങളുടെ സകല ഭാഗങ്ങളെയും അവനു സമര്‍പ്പിക്കുക’ പൗലൊസ് എഴുതി (റോമര്‍ 6:13) – പ്രത്യേകിച്ച് നിങ്ങളുടെ ജോലിയും ജീവിതവും. മറ്റൊരു ലേഖനത്തില്‍ പൗലൊസ് എഴുതി, ‘ഓരോരുത്തന് താന്താന്റെ പ്രവൃത്തി ശോധന ചെയ്യട്ടെ; എന്നാല്‍ അവന് തന്റെ പ്രശംസ മറ്റൊരുത്തനെ കാണിക്കാതെ തന്നില്‍ തന്നെ അടക്കി വയ്ക്കും’ (ഗലാത്യര്‍ 6:4).
ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ക്കായി അവനു നന്ദി പറയുക – കേവലം വസ്തുക്കള്‍ക്കുവേണ്ടിയല്ല, അവന്റെ കൃപയുടെ സ്വാതന്ത്ര്യത്തിനായി. നമ്മുടെ സ്വന്തം ദൈവദത്തമായ ദാനങ്ങള്‍ കാണുമ്പോള്‍ നാം വീണ്ടും സംതൃപ്തി കണ്ടെത്തും.
പ്രിയ കര്‍ത്താവേ, എന്നെ അങ്ങയിലേക്ക് മടക്കി വരുത്തേണമേ, മറ്റ് ആളുകളുടെ താലന്തുകളില് നിന്നും അനുഗ്രഹങ്ങളില്‍ നിന്നും എന്റെ ശ്രദ്ധയെ എന്റെ ഏക സത്യസ്നേഹമായ അങ്ങയിലേക്ക് തിരിക്കേണമേ.