എന്റെ മുത്തശ്ശി അടുത്തയിടെ എനിക്ക് പഴയ ഫോട്ടോകള്‍ നിറഞ്ഞ ഒരു കവര്‍ അയച്ചുതന്നു. അവയിലൂടെ വിരലോടിച്ചപ്പോള്‍ ഒരെണ്ണം എന്റെ കണ്ണിലുടക്കി. അതില്‍ രണ്ടു വയസ്സുള്ള ഞാന്‍ അടുപ്പിനു മുമ്പില്‍ പാതകത്തിന്റെ ഒരറ്റത്ത് ഇരിക്കുന്നു. മറ്റേയറ്റത്ത് എന്റെ ഡാഡി മമ്മിയുടെ തോളില്‍ കൈയിട്ട് ഇരിക്കുന്നു. രണ്ടുപേരും സ്നേഹത്തോടും ആഹ്ലാദത്തോടും കൂടെ എന്നെ നോക്കിക്കൊണ്ടിരിക്കുന്നു.
എല്ലാ പ്രഭാതത്തിലും എനിക്ക് കാണത്തക്കവണ്ണം ഈ ഫോട്ടോ, ഞാന്‍ എന്റെ ഡ്രസിങ് ടേബിളില്‍ കുത്തിവെച്ചു. എന്നോടുള്ള അവരുടെ സ്നേഹത്തിന്റെ അതിശയകരമായ ഓര്‍മ്മപ്പെടുത്തലാണത്. എങ്കിലും നല്ല മാതാപിതാക്കളുടെ സ്നേഹം പോലും അപൂര്‍ണ്ണമാണെന്നതാണ് സത്യം. ഈ ഫോട്ടോ ഞാന്‍ സൂക്ഷിച്ചതിന്റെ കാരണം, മാനുഷിക സ്നേഹം ചിലപ്പോള്‍ മാറിപ്പോയാലും, ദൈവസ്നേഹം ഒരിക്കലും മാറിപ്പോകയില്ല എന്ന് അതെന്നെ ഓര്‍മ്മിപ്പിക്കുന്നു എന്നതിനാലാണ് – ഈ ചിത്രത്തില്‍ എന്റെ മാതാപിതാക്കള്‍ എന്നെ നോക്കുന്നതുപോലെയാണ് തിരുവചന പ്രകാരം ദൈവം എന്നെ നോക്കുന്നത്.
എന്നെ അതിശയിപ്പിക്കുന്ന വിധത്തിലാണ് സെഫന്യാ പ്രവാചകന് ഈ സ്നേഹത്തെ വിവരിച്ചിരിക്കുന്നത്. ദൈവം ഘോഷത്തോടെ (പാട്ടോടെ) തന്റെ ജനത്തിന്മേല് സന്തോഷിക്കുന്നു എന്നവന് വിവരിക്കുന്നു. ദൈവത്തിന്റെ ജനം ഈ സ്നേഹം സമ്പാദിച്ചതല്ല. അവനെ അനുസരിക്കുന്നതിലും പരസ്പരം മനസ്സലിവ് കാണിക്കുന്നതിലും അവര്‍ പരാജയപ്പെട്ടു. എങ്കിലും ഒടുവില്‍ ദൈവത്തിന്റെ സ്നേഹം അവരുടെ പരാജയങ്ങളെ മറന്ന് വിജയിക്കുമെന്ന് സെഫന്യാവ് വാഗ്ദത്തം ചെയ്യുന്നു. ദൈവം അവരുടെ ശിക്ഷകളെ മാറ്റിക്കളയും (സെഫന്യാവ് 3:15), അവന് അവരില്‍ സന്തോഷിക്കും (വാ. 17). അവന് തന്റെ ജനത്തെ തന്റെ കൈകളില്‍ അണച്ച് അവരെ സ്വദേശത്തേക്കു കൊണ്ടുവന്ന് യഥാസ്ഥാനപ്പെടുത്തും (വാ. 20).
എല്ലാ പ്രഭാതത്തിലും ധ്യാനിക്കാവുന്ന സ്നേഹമാണത്.
ദൈവമേ, അങ്ങയുടെ ക്ഷമയ്ക്കും ഞങ്ങളോടുള്ള വിശ്വസ്ത സ്നേഹത്തിനും നന്ദി.