Month: ജൂൺ 2019

നമ്മെ അറിയുന്ന രക്ഷകന്‍

'ഡാഡി, സമയമെത്രയായി?' പിന്‍സീറ്റില്‍ നിന്നും എന്റെ മകന്‍ ചോദിച്ചു. '5:30 ആയി.' അടുത്തതായി അവന്‍ എന്താണ് പറയാന്‍ പോകുന്നതെന്നെനിക്കറിയാമായിരുന്നു, 'ഇല്ല, 5:28 ആണ്.' അവന്റെ മുഖം പ്രകാശിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു, 'തോല്‍പ്പിച്ചേ!' അവന്റെ തെളിഞ്ഞ ചിരി പറഞ്ഞു. ഞാനും സന്തോഷിച്ചു - ഒരു പിതാവിനു മാത്രം കഴിയുന്ന നിലയില്‍ ഞങ്ങളുടെ പൈതലിനെ അറിയുന്നതില്‍ നിന്നും ഉളവാക്കുന്ന സന്തോഷമായിരുന്നു അത്.

ഏതൊരു ശ്രദ്ധാലുവായ പിതാവിനെയും പോലെ, ഞാന്‍ എന്റെ മക്കളെ അറിയുന്നു. ഞാന്‍ അവരെ ഉണര്‍ത്തുമ്പോള്‍ അവരെങ്ങനെ പ്രതികരിക്കും എന്നെനിക്കറിയാം. ഉച്ചഭക്ഷണത്തിനു അവര്‍ക്കെന്താണ് വേണ്ടതെന്ന് എനിക്കറിയാം. അവരുടെ നിരവധി നിരവധി താല്പര്യങ്ങള്‍, ആഗ്രഹങ്ങള്‍, മുന്‍ഗണനകള്‍ എനിക്കറിയാം.

എങ്കില്‍പ്പോലും, നമ്മുടെ കര്‍ത്താവ് നമ്മെ അറിയുന്നതുപോലെ, അവരെ അകവും പുറവും തികവാര്‍ന്ന നിലയില്‍ എനിക്കറിയില്ല.

യേശുവിനും തന്റെ ജനത്തെക്കുറിച്ചുള്ള ഗാഢമായ അറിവിന്റെ ഒരു സൂചന യോഹന്നാന്‍ 1 ല്‍ നാം കാണുന്നു. നഥനയേല്‍, ഫിലിപ്പൊസിന്റെ നിര്‍ബന്ധപ്രകാരം യേശുവിന്റെ അടുത്തേക്ക് ചെല്ലുമ്പോള്‍ യേശു പറഞ്ഞു, 'ഇതാ സാക്ഷാല്‍ യിസ്രായേല്യന്‍, ഇവനില്‍ കപടം ഇല്ല' (വാ. 47). പരിഭ്രമിച്ചുപോയ നഥനയേല്‍ ചോദിച്ചു, 'എന്നെ എവിടെവെച്ചു അറിയും?' നിഗൂഢമായിരുന്നു യേശുവിന്റെ മറുപടി, 'നീ അത്തിയുടെ കീഴില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു' (വാ. 48).

ഈ പ്രത്യേക വിശദാംശം പങ്കിടാന്‍ എന്തുകൊണ്ട് യേശു തിരഞ്ഞെടുത്തു എന്നു നമുക്കറിയില്ല.
എങ്കിലും നഥനയേലിന് അതറിയാമായിരുന്നു എന്നു തോന്നുന്നു. അത്ഭുതപ്പെട്ടു പോയ അവന്‍ പ്രതികരിച്ചതിങ്ങനെ, 'റബ്ബീ, നീ ദൈവപുത്രന്‍!' (വാ. 49).

നമ്മെ ഓരോരുത്തരെയും യേശു ഇതുപോലെ അറിയുന്നു - ആത്മാര്‍ത്ഥമായി, പൂര്‍ണ്ണമായി, തികവാര്‍ന്ന രീതിയില്‍ - നാം അറിയപ്പെടാന്‍ ആഗ്രഹിച്ച രീതിയില്‍. അവന്‍ നമ്മെ പൂര്‍ണ്ണമായി സ്വീകരിക്കുന്നു. അവന്റെ അനുയായികള്‍ ആകാന്‍ മാത്രമല്ല, അവന്റെ പ്രിയപ്പെട്ട സ്‌നേഹിതരാകുവാനും നമ്മെ ക്ഷണിക്കുന്നു (യോഹന്നാന്‍ 15:15).

മുറിവേല്‍പ്പിക്കുന്ന വാക്കുകള്‍

'എല്ലും തോലും, എല്ലും തോലും' ഒരു പയ്യന്‍ കളിയാക്കി. 'വടി' മറ്റൊരുത്തന്‍ ചിരിച്ചു. മറുപടിയായി 'വടിയും കല്ലും എന്റെ അസ്ഥികളെ തകര്‍ത്തേക്കാം, എന്നാല്‍ വാക്കുകള്‍ എന്നെ ഒരിക്കലും മുറിവേല്പിക്കയില്ല' എന്ന് ഈണത്തില്‍ പാടാനെനിക്ക് അറിയാമായിരുന്നു. എങ്കിലും കൊച്ചുപ്രായത്തില്‍പോലും ആ ജനപ്രിയ ഈരടികള്‍ സത്യമല്ല എന്നെനിക്കറിയാമായിരുന്നു. കനിവില്ലാത്ത, ചിന്താശൂന്യമായ വാക്കുകള്‍ മുറിവേല്പിക്കും - ചിലപ്പോള്‍ കഠിനമായ മുറിവുകള്‍ അവശേഷിക്കും - അത് ആഴത്തില്‍ ഇറങ്ങുകയും കല്ലോ വടിയോ കൊണ്ടുണ്ടായ പാടുകളേക്കാള്‍ ദീര്‍ഘകാലം നില്‍ക്കുകയും ചെയ്യും.

ചിന്താശൂന്യമായ വാക്കുകളുടെ കുത്തല്‍ ഹന്നാ അറിഞ്ഞിരുന്നു. അവളുടെ ഭര്‍ത്താവ് എല്‍ക്കാനാ അവളെ സ്‌നേഹിച്ചിരുന്നു എങ്കിലും അവള്‍ക്ക് മക്കളില്ലായിരുന്നു; എല്‍ക്കാനയുടെ രണ്ടാം ഭാര്യ പെനിന്നായ്ക്കു അനവധി മക്കളുണ്ടായിരുന്നു. മക്കളുടെ എണ്ണത്തിനനുസരിച്ച് സ്ത്രീകളെ വിലമതിച്ചിരുന്ന ഒരു സംസ്‌ക്കാരത്തില്‍, ഹന്നായ്ക്ക് മക്കളില്ലാത്ത കാര്യം പറഞ്ഞു അവളെ 'മുഷിപ്പിച്ചുകൊണ്ട്' പെനിന്നാ അവളുടെ വേദന കഠിനമാക്കി. ഹന്നാ കരഞ്ഞു പട്ടിണി കിടക്കുന്ന അവസ്ഥയിലാകുന്നതുവരെ അവള്‍ അത് തുടര്‍ന്നുകൊണ്ടേയിരുന്നു (1 ശമൂവേല്‍ 1:6-7).

നല്ല ഉദ്ദേശ്യത്തോടെയാണെങ്കിലും എല്‍ക്കാനയുടെ ചിന്താശൂന്യമായ 'ഹന്നായെ നീ എന്തിന് കരയുന്നു?.. ഞാന്‍ നിനക്ക് പത്തു പുത്രന്മാരേക്കാള്‍ നന്നല്ലയോ?' (വാ. 8) പ്രതികരണം പിന്നെയും അവളെ മുറിപ്പെടുത്തിയതേയുള്ളു.

ഹന്നായെപ്പോലെ, നമ്മില്‍ അനേകരും മുറിവേല്‍പ്പിക്കുന്ന വാക്കുകളുടെ മുമ്പില്‍ തകരുന്നവരായിരിക്കാം. നമ്മില്‍ ചിലരാകട്ടെ, ആ മുറിവുകള്‍ക്ക് പകരമായി പ്രതികരിക്കുകയും, നമ്മുടെ വാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ അടിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്യുന്നുണ്ടാകാം. എന്നാല്‍ നമുക്കെല്ലാവര്‍ക്കും ബലത്തിനും സൗഖ്യത്തിനുമായി നമ്മുടെ സ്‌നേഹവാനും കനിവുള്ളവനുമായ ദൈവത്തിന്റെ സന്നിധിയിലേക്ക് ഓടിച്ചെല്ലുവാന്‍ കഴിയും (സങ്കീര്‍ത്തനം 27:5, 12-14). അവന്‍ സ്‌നേഹത്തിന്റെയും കൃപയുടെയും വാക്കുകളിലൂടെ നമ്മില്‍ സന്തോഷിക്കും.

വ്യക്തമായ ആശയവിനിമയം

ഏഷ്യയില്‍ സഞ്ചരിക്കുമ്പോള്‍, എന്റെ ഐ-പാഡ് - എനിക്ക് വായിക്കുവാനുള്ള പുസ്തകങ്ങളും ജോലി സംബന്ധമായ രേഖകളും അടങ്ങിയിരിക്കുന്ന - പെട്ടെന്ന് നിശ്ചലമായി. ആ അവസ്ഥയെ 'മരണത്തിന്റെ കറുത്ത സ്‌ക്രീന്‍' എന്നാണ് വിളിക്കുന്നത്. സഹായം തേടി ഒരു കംപ്യൂട്ടര്‍ ഷോപ്പിലെത്തിയപ്പോള്‍ മറ്റൊരു പ്രശ്‌നം നേരിട്ടു - എനിക്ക് ചൈനീസ് ഭാഷ അറിയില്ല, ടെക്‌നീഷ്യനു ഇംഗ്ലീഷും അറിയില്ല. പരിഹാരം? ചൈനീസില്‍ ടൈപ്പ് ചെയ്യുമ്പോള്‍ എനിക്കത് ഇംഗ്ലീഷില്‍ വായിക്കാവുന്ന ഒരു സോഫ്റ്റ്വെയര്‍ അയാള്‍ ഓപ്പണ്‍ ചെയ്തു. എനിക്ക് പറയേണ്ടി വരുമ്പോള്‍ ഞാനത് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുകയും അയാള്‍ക്കത് ചൈനീസില്‍ വായിക്കാന്‍ കഴിയുകയും ചെയ്യും. വ്യത്യസ്ത ഭാഷക്കാരായിട്ടും ശരിയായി ആശയ വിനിമയം നടത്താന്‍ സോഫ്റ്റ്വെയര്‍ ഞങ്ങളെ സഹായിച്ചു.

ചില സമയങ്ങളില്‍, എന്റെ സ്വര്‍ഗ്ഗീയ പിതാവിനോടു പ്രാര്‍ത്ഥിക്കുമ്പോള്‍ എന്റെ ഹൃദയത്തിലെ കാര്യങ്ങള്‍ ആശയവിനിമയം ചെയ്യാനും വെളിപ്പെടുത്താനും കഴിയുന്നില്ല എന്നെനിക്കു തോന്നാറുണ്ട് - ഇക്കാര്യത്തില്‍ ഞാന്‍ ഒറ്റയ്ക്കല്ല. നമ്മില്‍ പലരും പ്രാര്‍ത്ഥനയില്‍ ഈ വെല്ലുവിളി നേരിടാറുണ്ട് എന്നാല്‍ അപ്പൊസ്‌തോലന്‍ എഴുതുന്നു, 'ആത്മാവ് നമ്മുടെ ബലഹീനതയ്ക്കു തുണ നില്‍ക്കുന്നു. വേണ്ടുംപോലെ പ്രാര്‍ത്ഥിക്കേണ്ടത് എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാല്‍ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു. എന്നാല്‍ ആത്മാവു വിശുദ്ധര്‍ക്കുവേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ട് ആത്മാവിന്റെ ചിന്ത ഇന്നതെന്നു ഹൃദയങ്ങളെ പരിശോധിക്കുന്നവന്‍ അറിയുന്നു' (റോമര്‍ 3:26-27).

പരിശുദ്ധാത്മാവ് എന്ന ദാനം എത്ര അതിശയകരമാണ്! ഏതൊരു കംപ്യൂട്ടര്‍ പ്രോഗ്രാമിനെക്കാളും നന്നായി, അവന്‍ പിതാവിന്റെ ഉദ്ദേശ്യത്തിനനുസൃതമായി എന്റെ ചിന്തകളും ആഗ്രഹങ്ങളും അവനെ അറിയിക്കും. ആത്മാവിന്റെ പ്രവൃത്തി പ്രാര്‍ത്ഥനയെ പ്രവര്‍ത്തന ക്ഷമമാക്കുന്നു!

കേവലം ഒരു ജിപ്സി ബാലന്‍

'ഓ, അത് കേവലം ഒരു ജിപ്സി ബാലന്‍ ആണ്.'' 1877 ല്‍ ഒരു ആരാധനാ മദ്ധ്യേ ക്രിസ്തുവിനെ സ്വീകരിക്കാനായി റോഡ്‌നി സ്മിത്ത് ചാപ്പലിനു മുമ്പിലേക്ക് ചെന്നപ്പോള്‍ ആരോ അവജ്ഞതയോടെ മന്ത്രിച്ചു. നിരക്ഷരരായ മാതാപിതാക്കളുടെ മകനായ ഈ കൗമാരക്കാരനെ ആരും ഗൗരവമായെടുത്തില്ല. എന്നാല്‍ ആ ശബ്ദങ്ങളൊന്നും റോഡ്നി ശ്രദ്ധിച്ചില്ല. തന്റെ ജീവിതത്തെക്കുറിച്ചു ദൈവത്തിന് ഒരു ഉദ്ദേശ്യമുണ്ടെന്ന് അവനുറപ്പായിരുന്നു. അതിനാല്‍ അവന്‍ ഒരു ബൈബിളും ഒരു ഇംഗ്ലീഷ് ഡിക്ഷ്ണറിയും വാങ്ങി വായിക്കാനും എഴുതാനും പഠിച്ചു. ഒരിക്കലദ്ദേഹം പറഞ്ഞു, 'യേശുവിങ്കലേക്കുള്ള വഴി കേംബ്രിഡ്ജോ, ഹാവാര്‍ഡോ, യേലോ, കവികളോ അല്ല. അത്.... കാല്‍വറി എന്നു വിളിക്കപ്പെടുന്ന പഴയ ഫാഷനിലുള്ള കുന്നാണ്.' സകല തടസ്സങ്ങളെയും മറികടന്ന് അമേരിക്കയിലും ഇംഗ്ലണ്ടിലും അനേകരെ യേശുവിങ്കലേക്കു കൊണ്ടുവരുവാന്‍ ദൈവം ഉപയോഗിച്ച സുവിശേഷകനായി റോഡ്നി മാറി.

'എന്നെ അനുഗമിക്ക' എന്നു പറഞ്ഞ് യേശു വിളിച്ചപ്പോള്‍ (മത്തായി 4:19) പത്രൊസും ഒരു സാധാരണക്കാരനായിരുന്നു - റബ്ബിമാരുടെ മതപാഠശാലകളില്‍ പഠിച്ചിട്ടില്ലാത്ത (പ്രവൃ 4:13), ഗലീലിയില്‍ നിന്നുള്ള മുക്കുവന്‍. എങ്കിലും ഇതേ പത്രൊസ്, അവന്റെ ജീവിത പശ്ചാത്തലവും ജീവിതത്തില്‍ നേരിട്ട പരാജയങ്ങളും എല്ലാമുണ്ടായിട്ടും പില്‍ക്കാലത്ത് ഉറപ്പിച്ചു പറഞ്ഞത്, യേശുവിനെ അനുഗമിക്കുന്നവര്‍, 'തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയ പുരോഹിത വര്‍ഗ്ഗവും വിശുദ്ധ വംശവും സ്വന്ത ജനവും ആകുന്നു' എന്നാണ് (1 പത്രൊസ് 2:9).

യേശുക്രിസ്തുവിലൂടെ സകല മനുഷ്യരും - അവരുടെ വിദ്യാഭ്യാസവും, വളര്‍ന്ന പശ്ചാത്തലവും, ലിംഗവും, ജാതിയും എന്തായിരുന്നാലും - ദൈവത്തിന്റെ ഭവനത്തിന്റെ ഭാഗമാകാനും അവനാല്‍ ഉപയോഗിക്കപ്പെടാനും കഴിയും. 'ദൈവത്തിന്റെ പ്രത്യേക സമ്പത്ത്' ആകുക എന്നത് യേശുവില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും സാധ്യമാണ്.

മൂടുപടം നശിപ്പിക്കുക

ക്രൂരമായ ഒരു കാറപകടം മേരി ആന്‍ ഫ്രാങ്കോയെ തകര്‍ത്തു കളഞ്ഞു. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും അപകടം അവളെ പൂര്‍ണ്ണമായി അന്ധയാക്കി. ''എനിക്കാകെ കാണാന്‍ കഴിയുന്നത് ഇരുട്ട് മാത്രം'' ഫ്രാങ്കോ വിദശീകരിച്ചു. ഇരുപത്തിയൊന്നു വര്‍ഷത്തിനു ശേഷമുണ്ടായ ഒരു വീഴ്ചയില്‍ അവളുടെ പുറത്തു ക്ഷതമേറ്റു. ശസ്ത്രക്രിയ കഴിഞ്ഞു (അതിന് അവളുടെ കണ്ണുമായി യാതൊരു ബന്ധവുമില്ലായിരുന്നു) ബോധം തെളിഞ്ഞപ്പോള്‍ അവള്‍ക്ക് അതിശയകരമായി കാഴ്ച തിരിച്ചു കിട്ടി. രണ്ടു ദശാബ്ദത്തിനു ശേഷം ആദ്യമായി ഫ്രാങ്കോ തന്റെ മകളുടെ മുഖം കണ്ടു. അവളുടെ കാഴ്ച തിരിച്ചുകിട്ടിയതിന് ഒരു വിശദീകരണവുമില്ലെന്ന് ന്യൂറോ സര്‍ജന്‍ ഉറപ്പിച്ചു പറഞ്ഞു. അന്ധകാരമാണ് അന്തിമ വാക്ക് എന്നു പറഞ്ഞയിടത്ത് സൗന്ദര്യവും പ്രകാശവും കൈവന്നു.

അജ്ഞതയുടെയും തിന്മയുടെ മൂടുപടം ലോകത്തെ മൂടിയിരിക്കുന്നു എന്നും ദൈവത്തിന്റെ സ്‌നേഹത്തിനു നേരെ നമ്മെ അന്ധരാക്കി മാറ്റുന്നു എന്നും തിരുവചനം - നമ്മുടെ അനുഭവവും - നമ്മോട് പറയുന്നു (യെശയ്യാവ് 25:7). സ്വാര്‍ത്ഥതയും അത്യാഗ്രഹവും, നമ്മുടെ സ്വയം പര്യാപ്തതയും, അധികാരത്തിനും പ്രതിച്ഛായയ്ക്കും വേണ്ടിയുള്ള നമ്മുടെ മോഹവും എല്ലാം നമ്മുടെ കാഴ്ചയെ അവ്യക്തമാക്കുകയും 'പണ്ടേയുള്ള ആലോചനകള്‍ വിശ്വസ്തതയോടും സത്യത്തോടും കൂടെ അനുഷ്ഠിച്ചിരിക്കുന്നു' (വാ. 1) ദൈവത്തെ വ്യക്തമായി കാണുന്നതില്‍ നിന്നും നമ്മെ തടയുകയും ചെയ്യുന്നു.

ഒരു പരിഭാഷ, ഈ അന്ധമാക്കുന്ന മൂടുപടത്തെ 'മ്ലാനതയുടെ മേഘം' എന്നാണ് വിളിച്ചിരിക്കുന്നത് (NLT). സഹായമില്ലാതെ നാം കൈവിടപ്പെട്ടാല്‍, അന്ധകാരവും ആശയക്കുഴപ്പവും ഇച്ഛാഭംഗവും മാത്രമേ നാം അനുഭവിക്കയുള്ളു. നാം തപ്പിത്തടയുകയും ഇടറിവീഴുകയും മുമ്പോട്ടുള്ള വഴി കാണാതെ പ്രയാസപ്പെടുകയും ചെയ്യും. എങ്കിലും 'സകല വംശങ്ങള്‍ക്കും ഉള്ള മൂടുപടം' ദൈവം ആത്യന്തികമായി നശിപ്പിച്ചുകളയും എന്നു യെശയ്യാവ് വാഗ്ദത്തം ചെയ്തതില്‍ നമുക്ക് നന്ദി പറയാം (വാ. 7).

ദൈവം നമ്മെ പ്രതീക്ഷയറ്റവരായി വിടുകയില്ല. അവന്റെ പ്രകാശമാനമായ സ്‌നേഹം നമ്മെ അന്ധരാക്കുന്ന എല്ലാറ്റെയും മാറ്റുകയും നല്ല ജീവിതത്തിന്റെയും സമൃദ്ധിയായ കൃപയുടെയും മനോഹരമായ ദര്‍ശനം കൊണ്ട് നമ്മെ വിസ്മയിപ്പിക്കുകയും ചെയ്യും.