2017 ഫെബ്രുവരി അവസാനം എന്റെ മൂത്ത സഹോദരിക്ക് നടത്തിയ ബയോപ്സിയില്‍ കാന്‍സര്‍ ആണെന്ന് വെളിപ്പെട്ട ശേഷം ഞാന്‍ സ്നേഹിതയോട് പറഞ്ഞു, ‘എനിക്ക് കരോളിനോടൊപ്പം കഴിയുന്നിടത്തോളം സമയം ചിലവഴിക്കണം – ഇപ്പോള്‍ മുതല്‍.’ എന്റെ വികാരങ്ങള്‍ വാര്‍ത്തയോടുള്ള അമിത പ്രതികരണമാണെന്നു ചിലര്‍ പറഞ്ഞു. എന്നാല്‍ പത്തു മാസത്തിനുള്ളില്‍ അവള് മരിച്ചു. അവളോടൊപ്പം ഞാന്‍ മണിക്കൂറുകള്‍ ചിലവഴിച്ചെങ്കിലും നാം ഒരുവനെ സ്നേഹിക്കുമ്പോള്‍, നമ്മുടെ ഹൃദയങ്ങള്‍ക്ക് മതിയാംവണ്ണം സ്നേഹിക്കുന്നതിന് ഒരിക്കലും ആവശ്യത്തിനു സമയം കിട്ടുകയില്ല.
അപ്പൊസ്തലനായ പത്രൊസ് ആദിമ സഭയിലെ ക്രിസ്തുവിശ്വാസികളെ ‘തമ്മില്‍ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിന്‍’ (1 പത്രൊസ് 4:8) എന്ന് ആഹ്വാനം ചെയ്തപ്പോള്‍ പീഡ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനാല്‍ അവരുടെ ക്രിസ്തീയ സമൂഹത്തിലുള്ള സഹോദരീ സഹോദരന്മാരുടെ സ്നേഹം എന്നത്തേക്കാളുമുപരി അവര്‍ക്കാവശ്യമായിരുന്നു. ദൈവം തന്റെ സ്നേഹം അവരുടെയുള്ളില്‍ പകര്‍ന്നിരുന്നതിനാല്‍ അവര്‍ക്ക് മറ്റുള്ളവരെ തിരിച്ചു സ്നേഹിക്കണമായിരുന്നു. പ്രാര്‍ത്ഥനയിലൂടെയും ദയയോടെയുളള അതിഥി സല്ക്കാരത്തിലൂടെയും സൗമ്യവും സത്യവുമായ സംസാരത്തിലൂടെയും – സകലവും ദൈവം നല്കിയ ശക്തിയിലൂടെ- ആണ് അവരുടെ സ്നേഹം വെളിയപ്പെട്ടത് (വാ. 9-11). ദൈവകൃപയിലൂടെ അവന്റെ നല്ല ഉദ്ദേശ്യനിവൃത്തിക്കായി പരസ്പരം ത്യാഗപരമായി സേവിക്കാന്‍ അവന് അവര്‍ക്ക് വരം നല്കി. അതിനാല്‍ ‘എല്ലാറ്റിലും ദൈവം യേശുക്രിസ്തു മുഖാന്തരം മഹത്വപ്പെടുവാന്‍’ ഇടയായി (വാ. 14). നമ്മിലൂടെ തന്റെ ഹിതം നിവര്ത്തിക്കപ്പെടുന്നതിനുള്ള ദൈവത്തിന്റെ അതിശയകരമായ പദ്ധതി ഇതാണ്.
നമുക്ക് മറ്റുള്ളവരെയും അവര്‍ക്ക് നമ്മെയും ആവശ്യമുണ്ട്. ദൈവത്തില്‍ നിന്നു നമുക്ക് ലഭിച്ച സമയവും സ്രോതസ്സുകളും സ്നേഹിക്കുന്നതിനുപയോഗിക്കാം – ഇപ്പോള്‍ മുതല്‍.
നിങ്ങളുടെ ജീവിതത്തിലുള്ള ആളുകള്‍ എങ്ങനെയാണ് നിങ്ങളെ സ്നേഹിച്ചിട്ടുള്ളത്? ഇന്ന് ഒരുവനെ സേവിക്കുന്നതിന് ഉപയോഗിക്കത്തക്ക എന്താണ് നിങ്ങള്‍ ദൈവത്തില്‍ നിന്ന് പ്രാപിച്ചിട്ടുള്ളത്?
ദൈവിക ശുശ്രൂഷയില്‍ ചെറുതായി ഒന്നുമില്ല. ഫ്രാന്‍സിസ് ഡി സാലെസ്