ദക്ഷിണാഫ്രിക്കയിലെ ഒരു വനപാലകനായ ഗൈല്‍സ് കെല്‍മാന്‍സണ്‍ അവിശ്വസനീയമായ ഒരു കാഴ്ച വിവരിച്ചു. രണ്ടു ഹണി ബാഡ്ജറുകള്‍ (ഒരു തരം കരടി) ആറു സിംഹങ്ങളോട് പോരാടുന്നു. എണ്ണത്തില്‍ കുറവായിരുന്നുവെങ്കിലും, തങ്ങളേക്കാള്‍ പത്തിരട്ടി വലിപ്പമുള്ള ക്രൂര വേട്ടക്കാരില്‍ നിന്നും പിന്‍വാങ്ങാന്‍ അവ തയ്യാറായില്ല. പെട്ടെന്ന് അവയെ കൊല്ലാമെന്ന് സിംഹങ്ങള്‍ വിചാരിച്ചെങ്കിലും ഒടുവില്‍ ബാഡ്ജറുകള്‍ ഗമയോടെ നടന്നുപോകുന്നതാണ് വീഡിയോയില്‍ കണ്ടത്.

ഇതിലും അസംഭവ്യമായ ഒരു കഥയാണ് ദാവീദും ഗോലിയാത്തും നല്‍കുന്നത്. ബാലനും അനുഭവ പരിചയമില്ലാത്തവനുമായ ദാവീദ് ക്രൂരനായ ഫെലിസ്ത്യ മല്ലനെ നേരിടുന്നു. തന്റെ യുവ എതിരാളിയുടെ മുമ്പില്‍ കോട്ടപോലെ ഉയര്‍ന്നു നിന്ന ഗൊല്യാത്തിന് മൃഗീയ ശക്തിയും എതിരില്ലാത്ത ആയുധബലവും ഉണ്ടായിരുന്നു – താമ്രകവചവും മാരകവും മൂര്‍ച്ചയറിയതുമായ കുന്തവും (1 ശമുവേല്‍ 17:5-6). ഇടയബാലനായ ദാവീദ് തന്റെ സഹോദരന്മാര്‍ക്ക് അപ്പവും പാല്‍ക്കട്ടിയുമായി യുദ്ധമുന്നണിയില്‍ വന്നപ്പോള്‍ അവന്റെ പക്കല്‍ ഒരു കവിണ മാത്രമേ ഉണ്ടായിരുന്നുള്ളു (വാ. 17-18).

ഗൊല്യാത്ത് യിസ്രായേലിനെ യുദ്ധത്തിനു വെല്ലുവിളിച്ചു എങ്കിലും എതിരിടുവാന്‍ ആരും തയ്യാറല്ലായിരുന്നു. ‘ശൗലും എല്ലാ യിസ്രായേല്യരും … ഏറ്റവും ഭയപ്പെട്ടു’ (വാ.11). ദാവീദ് മുന്നോട്ടു വന്നപ്പോഴുണ്ടായ ഞെട്ടല്‍ സങ്കല്പിച്ചു നോക്കൂ. യിസ്രായേലിലെ പരിചയ സമ്പന്നരായ പോരാളികള്‍ക്കില്ലാത്ത ധൈര്യം അവനു നല്കിയതെന്താണ്? മറ്റെല്ലാവരെയും സംബന്ധിച്ച് അവരുടെ കാഴ്ചയില്‍ നിറഞ്ഞു നിന്നത് ഗൊല്യാത്തായിരുന്നു. എന്നാല്‍ ദാവീദ് ദൈവത്തെ കണ്ടു. ‘യഹോവ ഇന്നു നിന്നെ എന്റെ കൈയില്‍ ഏല്‍പ്പിക്കും’ (വാ. 48) അവന്‍ പ്രഖ്യാപിച്ചു. ഗൊല്യാത്താണ് സംഭവത്തെ നിയന്ത്രിക്കുന്നതെന്ന് എല്ലാവരും വിശ്വസിച്ചപ്പോള്‍, ദൈവം വലുതായി കാണപ്പെട്ടുവെന്ന് അവന്‍ വിശ്വസിച്ചു. തുടര്‍ന്ന് മല്ലന്റെ നെറ്റിയിലേക്ക് ഒരു കല്ല് പായിച്ചുകൊണ്ട് ദാവീദ് തന്റെ വിശ്വാസം സത്യമെന്ന് തെളിയിച്ചു.

ഗൊല്യാത്താണ് (നമ്മുടെ പ്രശ്നങ്ങള്‍) കഥയെ നിയന്ത്രിക്കുന്നതെന്ന് വിശ്വസിക്കാന്‍ നാം പരീക്ഷിക്കപ്പെടാറുണ്ട്. എന്നാല്‍ ദൈവമാണ് കൂടുതല്‍ വലിയവന്‍. നമ്മുടെ ജീവിതത്തിന്റെ കഥയില്‍ അധികാരം നടത്തുന്നത് അവനാണ്.