ബാര്‍ബറ, 1960-കളില്‍ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ സംരക്ഷണയിലാണ് വളര്‍ന്നത്. എന്നാല്‍ അവള്‍ക്ക് 16 വയസ്സായപ്പോള്‍ അവളും അവളുടെ നവജാത ശിശു സൈമണും ഭവനരഹിതരായി. ആ പ്രായത്തില്‍ അവളെ സംരക്ഷിക്കാന്‍ രാജ്യത്തിന് ബാധ്യതയില്ലായിരുന്നു. തന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ഇംഗ്ലണ്ടിലെ രാജ്ഞിക്ക്് ബാര്‍ബറ കത്തെഴുതുകയും മറുപടി ലഭിക്കുകയും ചെയ്തു! ബാര്‍ബറയ്ക്ക് സ്വന്തമായി ഒരു ഭവനം നല്‍കുന്നതിനുള്ള ക്രമീകരണം സഹതാപപൂര്‍വ്വം രാജ്ഞി ചെയ്തുകൊടുത്തു.

ബാര്‍ബറയെ സഹായിക്കുന്നതിനുള്ള ശരിയായ സ്രോതസ്സുകള്‍ ഇംഗ്ലണ്ടിലെ രാജ്ഞിക്കുണ്ടായിരുന്നു; അവളുടെ സഹതാപപൂര്‍വമായ സഹായം, ദൈവിക സഹായത്തിന്റെ ഒരു ചിത്രമായി കാണാന്‍ കഴിയും. സ്വര്‍ഗ്ഗത്തിലെ രാജാവ് നമ്മുടെ എല്ലാ ആവശ്യങ്ങളും അറിയുകയും നമ്മുടെ ജീവിതത്തില്‍ തന്റെ പദ്ധതികള്‍ പരമാധികാരത്തോടെ നടപ്പാക്കുകയും ചെയ്യുന്നു. എങ്കിലും അവന്‍ അത് ചെയ്യുമ്പോള്‍ അവനുമായുള്ള നമ്മുടെ സ്നേഹബന്ധത്തിന്റെ ഭാഗമായി നാം – നമ്മുടെ ആവശ്യങ്ങളും ഭാരങ്ങളും പങ്കിട്ടുകൊണ്ട് – അവന്റെ അടുത്തേക്ക് വരണമെന്നവന്‍ ആഗ്രഹിക്കുന്നു

യിസ്രായേല്‍ മക്കള്‍ വിടുതലിനായുള്ള അവരുടെ ആവശ്യം ദൈവസന്നിധിയില്‍ കൊണ്ടുവന്നു. മിസ്രയീമ്യ അടിമത്വത്തിന്റെ ഭാരത്തിന്‍ കീഴില്‍ അവര്‍ കഷ്ടപ്പെടുകയായിരുന്നു. അവര്‍ സഹായത്തിനായി നിലവിളിച്ചു. അവന്‍ കേള്‍ക്കുകയും തന്റെ വാഗ്ദത്തം ഓര്‍ക്കുകയും ചെയ്തു: ‘ദൈവം യിസ്രായേല്‍മക്കളെ കടാക്ഷിച്ചു; ദൈവം അറിഞ്ഞു’ (പുറപ്പാട് 2:25). തന്റെ ജനത്തെ വിടുവിക്കുവാന്‍ ദൈവം മോശയോട് നിര്‍ദ്ദേശിക്കുകയും അവരെ വീണ്ടും ‘നല്ലതും വിശാലവുമായ ദേശത്തേക്ക്, പാലും തേനും ഒഴുകുന്ന ദേശത്തേക്ക്’ കൊണ്ടുപോകാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു (3:8).

നാം അവനടുത്തേക്ക് ചെല്ലുന്നത് നമ്മുടെ രാജാവ് ഇഷ്ടപ്പെടുന്നു. നമുക്കാവശ്യമുള്ളത് – നാം ആഗ്രഹിക്കുന്നത് എല്ലാം അല്ല – വിവേകപൂര്‍വം അവന്‍ നമുക്ക് നല്‍കുന്നു. അവന്റെ പരമാധികാര, സ്നേഹമസൃണ കരുതലില്‍ നമുക്ക് വിശ്രമിക്കാം.