1983 ജൂലൈ 18 ന്, ഒരു അമേരിക്കന്‍ വ്യോമസേനാ ക്യാപ്റ്റന്‍ യാതൊരു തെളിവും ശേഷിപ്പിക്കാതെ ന്യൂ മെക്സിക്കോയിലെ ആല്‍ബുക്കര്‍ക്കില്‍ നിന്നും അപ്രത്യക്ഷനായി. 35 വര്‍ഷങ്ങള്‍ക്ക് ശേഷം അധികാരികള്‍ അയാളെ കാലിഫോര്‍ണിയയില്‍ കണ്ടെത്തി. ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് ‘തന്റെ ജോലിയിലെ സമ്മര്‍ദ്ദം നിമിത്തം’ അയാള്‍ ഓടിപ്പോകുകയായിരുന്നു എന്നാണ്.

മുപ്പത്തിയഞ്ചു വര്‍ഷം ഓട്ടത്തിലായിരുന്നു! ആയുസ്സിന്റെ പകുതി സമയം ആരെങ്കിലും പിന്തുടരുന്നുണ്ടോ എന്നു തിരിഞ്ഞു നോക്കി ജീവിച്ചു! ഉത്കണ്ഠയും മറ്റുള്ളവരെയുള്ള സംശയവും ഈ മനുഷ്യന്റെ സന്തതസഹചാരികളായിരുന്നുവെന്ന് എനിക്ക് സങ്കല്‍പ്പിക്കേണ്ടി വരുന്നു.

എങ്കിലും ‘ഓട്ടത്തില്‍’ ആയിരിക്കുന്നതിന്റെ ഒരു ചെറിയ അനുഭവം എനിക്കും അറിയാം എന്നു ഞാന്‍ സമ്മതിക്കേണ്ടിയിരിക്കുന്നു. ശാരീരികമായി ഞാന്‍ ഒരിക്കലും എന്തിനെയെങ്കിലും വിട്ട് ഓടിപ്പോയിട്ടില്ല. ഞാന്‍ എന്തെങ്കിലും ചെയ്യണമെന്ന്, ഞാന്‍ അഭിമുഖീകരിക്കണമെന്ന് അല്ലെങ്കില്‍ ഏറ്റുപറയണമെന്ന് ദൈവം ആഗ്രഹിക്കുന്നതായി ഞാന്‍ അറിയുന്ന ചില സമയങ്ങള്‍ വരാറുണ്ട്. എനിക്കതു ചെയ്യാന്‍ ആഗ്രഹമില്ല. അതിനാല്‍ എന്റെ സ്വന്ത വഴിയില്‍ ഞാന്‍ ഓടുന്നു.

നിനവേ പട്ടണത്തില്‍ പ്രസംഗിക്കാനുള്ള ദൈവിക നിയോഗത്തില്‍ നിന്ന് അക്ഷരാര്‍ത്ഥത്തില്‍ ഓടിപ്പോയതിലൂടെ കുപ്രസിദ്ധനായിത്തീര്‍ന്നവനാണ് പ്രവാചകനായ യോനാ (യോനാ 1:1-3 കാണുക). എന്നാല്‍ ദൈവത്തെ ഓടി ജയിക്കാന്‍ അവനു തീര്‍ച്ചയായും കഴിഞ്ഞില്ല; എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ കേട്ടിരിക്കാം (വാ. 4, 17): ഒരു കൊടുങ്കാറ്റ്. ഒരു മത്സ്യം. ഒരു വിഴുങ്ങല്‍. മത്സ്യത്തിന്റെ വയറ്റില്‍ വെച്ച് താന്‍ ചെയ്തതിനെ യോനാ അഭിമുഖീകരിക്കുകയും സഹായത്തിനായി ദൈവത്തോട് നിലവിളിക്കുകയും ചെയ്തു (2:2).

യോനാ ഒരു പൂര്‍ണ്ണതയുള്ള പ്രവാചകനായിരുന്നില്ല. എങ്കിലും അവന്റെ ശ്രദ്ധേയമായ കഥയില്‍ ഞാന്‍ ആശ്വാസം കണ്ടെത്തുന്നു കാരണം, യോനായുടെ പിടിവാശിയുടെ മുമ്പിലും ദൈവം അവനെ ഉപേക്ഷിച്ചില്ല. ദൈവം ഇപ്പോഴും മനുഷ്യന്റെ ആശയറ്റ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുകയും തന്റെ വിമുഖനായ ദാസനെ – നമ്മോടും ചെയ്യുന്നതുപോലെ – കൃപയോടെ യഥാസ്ഥാനപ്പെടുത്തുകയും ചെയ്യുന്നു (വാ. 2).