നോര്‍ത്ത് കാരലീനയിലെ ഞങ്ങളുടെ ഭവനത്തില്‍ നിന്നും അകലെയല്ലാതെ മണല്‍ നിറഞ്ഞ ചതുപ്പുനിലത്താണ് ആദ്യമായി വീനസ് ഫ്ളൈട്രാപ് കണ്ടെത്തിയത്. ഈ ചെടികളെ കണ്ടാല്‍ നാം വിസ്മയിച്ചു പോകും, കാരണം അവ മാംസഭുക്കുകളാണ്.

വീനസ് ഈച്ചക്കെണിച്ചെടി, വിടര്‍ന്ന പുഷ്പങ്ങള്‍ പോലെ തോന്നിക്കുന്ന വര്‍ണ്ണാഭമാര്‍ന്ന കെണികളില്‍ സുഗന്ധമുള്ള തേന്‍ പുറപ്പെടുവിക്കുന്നു. ഒരു പ്രാണി ഇതിലേക്ക് വരുമ്പോള്‍ പൂ വക്കിലുള്ള സെന്‍സറുകള്‍ പ്രവര്‍ത്തന ക്ഷമമാകുകയും സെക്കന്റുകള്‍ക്കുള്ളില്‍ കെണിയുടെ പാളികള്‍ അടയുകയും ചെയ്യുന്നു. ഇര അതിനുള്ളിലായിപ്പോവുകയും കെണി വീണ്ടും മുറുകുകയും ഇരയെ ദഹിപ്പിക്കുന്നതിനുള്ള ഒരു ദഹന രസം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ചരല്‍ മണ്ണിനു നല്കാന്‍ കഴിയാത്ത പോഷകം അങ്ങനെയാണ് ചെടിക്കു ലഭിക്കുന്നത്.

അപ്രതീക്ഷിതമായി നമ്മെ പിടികൂടുന്ന ഒരു കെണിയെക്കുറിച്ചു ദൈവവചനം പറയുന്നു. അപ്പൊസ്തലനായ പൗലൊസ് തന്റെ ശിഷ്യനായ തിമൊഥെയൊസിനോടു പറയുന്നു: ‘ധനികന്മാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യര്‍ സംഹാരനാശങ്ങളില്‍ മുങ്ങിപ്പോകുവാന്‍ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങള്‍ക്കും ഇരയായിത്തീരുകയും ചെയ്യുന്നു.’ ‘ഇതു ചിലര്‍ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു
ബഹുദുഃഖങ്ങള്‍ക്ക് അധീനരായിത്തീര്‍ന്നിരിക്കുന്നു’ (1 തിമൊഥെയൊസ് 6:9-10).

പണവും ഭൗതിക വസ്തുക്കളും സന്തോഷം വാഗ്ദാനം ചെയ്തേക്കാം, എങ്കിലും അവ നമ്മുടെ ജീവിതത്തിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കുമ്പോള്‍, അപകട നിലത്തു കൂടിയാണ് നാം നടക്കുന്നത്. യേശു ക്രിസ്തുവിലൂടെ ദൈവം നമ്മോടു കാണിക്കുന്ന നന്മയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, നന്ദിയും താഴ്മയുമുള്ള ഹൃദയത്തോടെ ജീവിക്കുന്നതിലൂടെ ഈ കെണികളെ ഒഴിഞ്ഞു പോകാന്‍ നമുക്ക് കഴിയും. ‘അലംഭാവത്തോടു കൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നു’ (വാ. 6).

ഈ ലോകത്തിന്റെ താല്‍ക്കാലിക വസ്തുക്കള്‍ ദൈവം ചെയ്യുന്നതുപോലെ നമ്മെ സംതൃപ്തിപ്പെടുത്തുകയില്ല. അവനുമായുള്ള നമ്മുടെ ബന്ധത്തിലൂടെ മാത്രമേ നിലനില്‍ക്കുന്നതും സത്യവുമായ സംതൃപ്തി കണ്ടെത്താനാവൂ.