‘എന്റെ അമൂല്യമായ….’ ടോല്‍ക്കിയന്റെ ‘ലോര്‍ഡ് ഓഫ് ദി റിങ്‌സ്’ സിനിമത്രയത്തില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട മെലിഞ്ഞുണങ്ങിയ ജീവിയായ ഗൊല്ലും, ‘ശക്തിയുടെ വിലയേറിയ മോതിര’ത്തോടുള്ള ഭ്രാന്തമായ അഭിനിവേശം നിമിത്തം അത്യാര്‍ത്തിയുടെയും അഭിനിവേശത്തിന്റെയും ഭ്രാന്തിന്റെ പോലും പ്രതീകമായി ഇന്നു അതു മാറിക്കഴിഞ്ഞു.

അസ്വസ്ഥജനകമായ ഒരു രൂപമാണത്. മോതിരത്തോടും തന്നോടു തന്നെയുമുള്ള അവന്റെ പീഡാത്മകമായ സ്നേഹ-പക ബന്ധത്തില്‍, ഗൊല്ലൂമിന്റെ വാക്കുകള്‍ നമ്മുടെ സ്വന്തം ഹൃദയത്തിന്റെ വിശപ്പിനെയാണ് പ്രതിധ്വനിപ്പിക്കുന്നത്. അത് ഒരു പ്രത്യേക വസ്തുവിന്റെ നേരെയുള്ളതായാലും അല്ലെങ്കില്‍ ‘കൂടുതല്‍’ കിട്ടാനുള്ള അവ്യക്തമായ വാഞ്ഛ ആയിരുന്നാലും, ഒരിക്കല്‍ നമ്മുടെ സ്വന്തം വിലയേറിയത് കിട്ടിക്കഴിഞ്ഞാല്‍ നാം സംതൃപ്തരാകും എന്നു നമുക്കുറപ്പാണ്. പക്ഷേ സംഭവിക്കുന്നതോ, നമ്മെ പൂര്‍ണ്ണരാക്കുമെന്ന് നാം ചിന്തിച്ചുകൊണ്ടിരുന്നത്, മുമ്പത്തേക്കാളും നമ്മെ ശൂന്യരാക്കുകയാണ് ചെയ്യുന്നത്.

ജീവിക്കുന്നതിന് ഇതിലും മികച്ച ഒരു മാര്‍ഗ്ഗമുണ്ട്. സങ്കീര്‍ത്തനം 16 ല്‍ ദാവീദ് വെളിപ്പെടുത്തിയതുപോലെ, നമ്മുടെ ഹൃദയത്തിലെ വാഞ്ഛകള്‍, സംതൃപതിക്കുവേണ്ടി പരിതാപകരവും വ്യര്‍ത്ഥവുമായ അന്വേഷണത്തിലേക്കു നമ്മെ തള്ളിവിടുമെന്ന് ഭീഷണിപ്പെടുത്തുമ്പോള്‍ (വാ. 4), അവനെ കൂടാതെ നമുക്കൊന്നുമില്ല (വാ. 2) എന്നു നമ്മെത്തന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ദൈവത്തിങ്കലേക്കു സങ്കേതത്തിനായി നമുക്ക് ഓടിച്ചെല്ലാം (വാ.1).

ദൈവത്തിന്റെ സൗന്ദര്യത്തിലല്ലാതെ ‘മറ്റുള്ളവയില്‍’ സംതൃപതിക്കായി നമ്മുടെ കണ്ണുകള്‍ പരതുന്നത് നിര്‍ത്തിയാല്‍ (വാ. 8) യഥാര്‍ത്ഥ സംതൃപ്തി നാം അവസാനം നുകരും – ഓരോ നിമിഷവും അവനോടൊരുമിച്ച് ‘ജീവന്റെ വഴിയില്‍’ നടന്നുകൊണ്ട് ‘അവന്റെ സന്നിധിയിലെ സന്തോഷ പരിപൂര്‍ണ്ണത’ അനുഭവിക്കുന്ന ഒരു ജീവിതം നമുക്കുണ്ടാകും – ഇന്നും എന്നേക്കും.