2016 ല്‍, ചിക്കാഗോ ക്ലബ് ബേസ്ബോള്‍ ടീം, ഒരു നൂറ്റാണ്ടിലധികം വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ലോകപരമ്പര സ്വന്തമാക്കിയപ്പോള്‍, വിജയം ആഘോഷിക്കാന്‍ അമ്പതു ലക്ഷം പേര്‍ പരേഡ് റൂട്ടിലും നഗരത്തിലൂടെയുള്ള റാലിയിലും അണി നിരന്നു.

വിജയ ഘോഷയാത്രകള്‍ ഒരു ആധുനിക കണ്ടുപിടുത്തമല്ല. പ്രസിദ്ധമായ ഒരു പുരാതന ഘോഷയാത്ര റോമക്കാര്‍ക്കുണ്ടായിരുന്നു. യുദ്ധവിജയം നേടിയ റോമന്‍ സൈന്യാധിപന്മാര്‍, ആളുകള്‍ തിങ്ങിനിറഞ്ഞ തെരുവുകളിലൂടെ തങ്ങളുടെ സൈന്യത്തെയും തടവുകാരെയും ഘോഷയാത്രയായി നടത്തുന്നു.

തന്റെ വിശ്വാസികളെ ‘ക്രിസ്തുവില്‍ എപ്പോഴും ജയോത്സവമായി നടത്തുന്ന’ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് കൊരിന്തിലെ സഭയ്ക്ക് പൗലൊസ് ലേഖനമെഴുതുമ്പോള്‍ ഇത്തരമൊരു ഘോഷയാത്രയുടെ ചിത്രമായിരിക്കും പൗലൊസിന്റെ മനസ്സില്‍ ഉണ്ടായിരുന്നത് (2 കൊരിന്ത്യര്‍ 2:14). ഈ ചിത്രത്തില്‍, ക്രിസ്തുവിന്റെ അനുയായികള്‍ തടവുകാരാണ് എന്നത് ആകര്‍ഷകമായി എനിക്ക് തോന്നി. എങ്കിലും വിശ്വാസികളെന്ന നിലയില്‍, പങ്കെടുക്കാന്‍ നാം നിര്‍ബന്ധിക്കപ്പെടുകയല്ല മറിച്ച് മനസ്സോടെ പങ്കെടുക്കുന്ന ‘തടവുകാരാണ്’; വിജയാളിയും ഉയര്‍ത്തെഴുന്നേറ്റവനുമായ ക്രിസ്തു നയിക്കുന്ന ഘോഷയാത്രയില്‍ നാം സ്വമനസ്സാലെ പങ്കെടുക്കുകയാണ്. ക്രിസ്തീയ വിശ്വാസികള്‍ എന്ന നിലയില്‍ നാമതു ക്രിസ്തുവിന്റെ വിജയത്തിലൂടെ ആഘോഷിക്കുകയാണ്; അവന്‍ തന്റെ രാജ്യം പണിതുകൊണ്ടിരിക്കുന്നു, ‘പാതാള ഗോപുരങ്ങള്‍ അതിനെ ജയിക്കയില്ല’ (മത്തായി 16:18).

യേശുവിന്റെ ക്രൂശിലെ വിജയത്തെയും വിശ്വാസിക്കതു നല്‍കുന്ന സ്വാതന്ത്ര്യത്തെയും കുറിച്ച് നാം സംസാരിക്കുമ്പോള്‍, ‘അവന്റെ പരിജ്ഞാനത്തിന്റെ വാസന എല്ലായിടത്തും’ (2 കൊരിന്ത്യര്‍ 2:14) പരത്തുവാന്‍ നാം സഹായിക്കുകയാണ് ചെയ്യുന്നത്. ആളുകള്‍ ആ വാസനയെ രക്ഷയുടെ ആകര്‍ഷകമായ ഉറപ്പായി കണ്ടാലും അല്ലെങ്കില്‍ പരാജയത്തിന്റെ വാസനയായി കണ്ടാലും, ഈ അദൃശ്യവും ശക്തവുമായ വാസന നാം പോകുന്നിടത്തെല്ലാം വ്യാപിപ്പിക്കും.

നാം ക്രിസ്തുവിനെ അനുഗമിക്കുമ്പോള്‍, നാം അവന്റെ ഉയര്‍പ്പിന്‍ വിജയം പ്രഖ്യാപിക്കുകയാണ് – രക്ഷയെ ലോകത്തിനു ലഭ്യമാക്കുന്ന വിജയം.