ഞങ്ങളുടെ ഹണിമൂണിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍, ഞാനും ഭര്‍ത്താവും എയര്‍പോര്‍ട്ടില്‍ ഞങ്ങളുടെ ലഗേജ് ചെക്ക് ഇന്‍ ചെയ്യുവാന്‍ കാത്തു നിന്നു. ഞാന്‍ അദ്ദേഹത്തെ നോക്കി അല്പമകലെ നില്‍ക്കുന്ന ഒരു മനുഷ്യനെ കാണിച്ചുകൊടുത്തു.

‘അദ്ദേഹമാരാണ്?’ എന്റെ ഭര്‍ത്താവ് ചോദിച്ചു.

ഏറ്റവും മികച്ച രംഗങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടനെക്കുറിച്ചു ഞാന്‍ പറയുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ സമീപം ചെന്ന് ഞങ്ങളോടൊപ്പം ഫോട്ടോ എടുക്കാനപേക്ഷിക്കയും ചെയ്തു.
ഇരുപത്തിനാലു വര്‍ഷത്തിന് ശേഷവും, ഒരു സിനിമാ താരത്തെ കണ്ട ദിവസത്തെക്കുറിച്ചുള്ള കഥ ഇന്നും ഞാന്‍ ആവേശത്തോടെ പങ്കുവയ്ക്കുന്നു.

ഒരു പ്രശസ്ത നടനെ തിരിച്ചറിയുന്നത് ഒരു കാര്യം, എന്നാല്‍ വ്യക്തിപരമായി അറിയുന്നതില്‍ ഞാന്‍ നന്ദിയുള്ളവളായിരിക്കുന്ന, കൂടുതല്‍ പ്രധാനപ്പെട്ട ഒരുവനുണ്ട്. ‘മഹത്വത്തിന്റെ രാജാവ് ആര്‍?’ (സങ്കീര്‍ത്തനം 24:8). സങ്കീര്‍ത്തനക്കാരനായ ദാവീദ് സര്‍വ്വശക്തനായ കര്‍ത്താവിനെ സ്രഷ്ടാവും പരിപാലകനും സകലത്തിന്റെയും ഭരണാധികാരിയും എന്ന നിലയില്‍ ചൂണ്ടിക്കാണിക്കുന്നു – (വാ. 1-2). നിശ്ചേഷ്ടരായി നിന്നു പോകുന്ന അത്ഭുതത്തോടെ, ദൈവം സകലത്തിനും മീതെ ഉള്ളവനെന്നും എങ്കിലും സ്നേഹത്തോടെ സമീപിക്കാവുന്നവനാണെന്നും ദാവീദ് പ്രഖ്യാപിക്കുന്നു (വാ. 3-4). നാം അവനുവേണ്ടി ജീവിക്കുമ്പോള്‍ നമുക്കവനെ അറിയാനും, അവനാല്‍ ശക്തിപ്പെടാനും നമുക്കുവേണ്ടി യുദ്ധം ചെയ്യുമെന്ന് അവനിലാശ്രയിക്കാനും കഴിയും (വാ. 8).

മറ്റുള്ളവരോടു പങ്കിടാന്‍ കഴിയുന്ന ഏക പ്രശസ്തനും യഥാര്‍ത്ഥ മൂല്യമുള്ളവനും ആയി അവനെ പ്രഖ്യാപിക്കുവാന്‍ ദൈവം നമുക്ക് അവസരങ്ങള്‍ നല്‍കുന്നു. നാം അവന്റെ സ്വഭാവത്തെ ധ്യാനിക്കുമ്പോള്‍, അവനെ തിരിച്ചറിയാത്തയാളുകള്‍ ‘അവന്‍ ആരാണ്?’ എന്നു ചോദിക്കുവാന്‍ കൂടുതല്‍ കാരണങ്ങള്‍ ലഭിക്കുന്നു. ദാവീദിനെപ്പോലെ അത്ഭുതാദരവുകളോടെ കര്‍ത്താവിനെ അവര്‍ക്ക് കാണിച്ചുകൊടുക്കാനും അവനെക്കുറിച്ചു പറയാനും നമുക്ക് കഴിയും!