എന്റെ ആറു വയസ്സുള്ള മകന് ഓവന് പുതിയ ബോര്‍ഡ് ഗെയിം കിട്ടിയപ്പോള്‍ ബഹുസന്തോഷമായി. എങ്കിലും അരമണിക്കൂര്‍ കളിനിയമങ്ങള്‍ വായിച്ചപ്പോഴേക്കും അവന് നിരാശനായി. അതെങ്ങനെയാണ് കളിക്കുന്നതെന്ന് അവന് ഒരു പിടിയും കിട്ടിയില്ല. കുറേക്കഴിഞ്ഞ്, കളി അറിയാവുന്ന ഒരു കൂട്ടുകാരന് വന്ന് അവനെ പഠിപ്പിച്ചതോടെയാണ് തനിക്ക് ലഭിച്ച സമ്മാനം ശരിക്കും ആസ്വദിക്കാന്‍ ഓവന് കഴിഞ്ഞത്.
അവര്‍ കളിക്കുന്നത് നോക്കി നിന്നപ്പോള്‍, അനുഭവസമ്പന്നനായ ഒരു അദ്ധ്യാപകന് ഉണ്ടെങ്കില്‍ പുതിയ ഒരു കാര്യം പഠിക്കുന്നത് എത്ര എളുപ്പമാണെന്ന് ഞാന്‍ ചിന്തിച്ചു. നിര്‍ദ്ദേശങ്ങള്‍ വായിക്കുന്നതു സഹായകമാണെങ്കിലും, ചെയ്തു കാണിക്കാന്‍ കഴിയുന്ന ഒരു സ്നേഹിതനുള്ളത് വലിയ വ്യത്യാസം ഉണ്ടാക്കും.
ഇക്കാര്യം അപ്പോസ്തലനായ പൗലൊസും അറിഞ്ഞിരുന്നു. വിശ്വാസത്തില്‍ വളരുവാന്‍ സഭയെ എങ്ങനെ സഹായിക്കാന്‍ കഴിയുന്നതിനെക്കുറിച്ച് തീത്തൊസിന് എഴുതുമ്പോള്‍, ക്രിസ്തീയ വിശ്വാസത്തിനു മാതൃക കാണിക്കാന്‍ കഴിയുന്ന പരിചയ സമ്പന്നരായ വിശ്വാസികളുടെ വിലയെക്കുറിച്ചു പൗലൊസ് ഊന്നിപ്പറഞ്ഞു. ‘പഥ്യോപദേശം’ പഠിപ്പിക്കുന്നത് തീര്‍ച്ചയായും പ്രാധാന്യമര്‍ഹിക്കുന്നതാണ്, എങ്കിലും അത് കേവലം പറഞ്ഞുകൊടുക്കേണ്ടതല്ല – ജീവിച്ചുകാണിക്കേണ്ടതാണ്. വൃദ്ധന്മാരും വൃദ്ധകളും നിര്‍മ്മദരും കരുണയും സ്നേഹവും ഉള്ളവരും ആയിരിക്കണമെന്ന് പൗലൊസ് എഴുതി (തീത്തൊസ് 2:2-5). ‘സകലത്തിലും നിന്നെത്തന്നെ സല്‍പ്രവൃത്തികള്‍ക്കു മാതൃകയാക്കി കാണിക്ക’ (വാ. 7) എന്നു പൗലൊസ് എഴുതി.
നല്ല പഠിപ്പിക്കലുകള്‍ക്ക് ഞാന്‍ നന്ദിയുള്ളവളാണ്, എങ്കിലും കൈപിടിച്ചു കാണിച്ചുതരുന്ന അദ്ധ്യാപകരായ അനേകരെ ഓര്‍ക്കുമ്പോള്‍ ഞാന്‍ നന്ദിയുള്ളവളാണ്. ക്രിസ്തുവിന്റെ ശിഷ്യന്മാര് എങ്ങനെയുള്ളവരാണെന്ന് തങ്ങളുടെ ജീവിതത്തിലൂടെ അവര്‍ എനിക്ക് കാണിച്ചു തരികയും ആ വഴിയിലൂടെ എനിക്കും എങ്ങനെ നടക്കാമെന്ന് എളുപ്പം പഠിക്കാന്‍ എന്നെ സഹായിക്കുകയും ചെയ്തു.
യേശുവിനുവേണ്ടി ജീവിക്കുന്നതിനെക്കുറിച്ചു നിങ്ങളെ പഠിപ്പിച്ചവരുടെ വാക്കുകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും എന്തു പാഠങ്ങളാണ് നിങ്ങള്‍ പഠിച്ചത്? നിങ്ങളുടെ വിശ്വാസം പ്രവൃത്തിയില്‍ കാണുമ്പോള്‍ എന്താണ് മറ്റുള്ളവര്‍ കാണുന്നത്?
ദൈവമേ, അങ്ങേയ്ക്കുവേണ്ടി എങ്ങനെ ജീവിക്കണമെന്ന് മാതൃക കാട്ടിത്തരുന്ന ഗുരുക്കന്മാരെ ഞങ്ങള്‍ക്കു കരുണയോടെ നല്‍കുന്നതിന് നന്ദി. വിശ്വാസത്തിന്റെ തികവാര്‍ന്ന മാതൃകയായ അവിടുത്തെ പുത്രനെ ഞങ്ങള്‍ക്കു നല്‍കിയതിനും നന്ദി.