ബോബിയുടെ ആകസ്മിക മരണം, മരണമെന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചും ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ചും ചിന്തിക്കാനെന്നെ പ്രേരിപ്പിച്ചു. മഞ്ഞു വീണു കിടന്ന റോഡിലുണ്ടായ അപകടം എന്റെ ബാല്യകാല സുഹൃത്തിന്റെ ജീവനപഹരിച്ചപ്പോള്‍ അവള്‍ക്ക് ഇരുപത്തി നാലു വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളു. തകര്‍ന്ന കുടുംബത്തില്‍ വളര്‍ന്ന അവള് അടുത്ത കാലത്താണ് ചുവടുറപ്പിച്ചു മുന്നേറാനാരംഭിച്ചത്. യേശുവിലുള്ള ഒരു പുതിയ വിശ്വാസിയായ അവളുടെ ജീവിതം എങ്ങനെയാണ് ഇത്ര വേഗം അവസാനിച്ചത്?
ചിലപ്പോള്‍ ജീവിതം തീരെ ഹ്രസ്വവും ദുഃഖം നിറഞ്ഞതുമായി തോന്നും. സങ്കീര്‍ത്തനം 39 ല്‍ സങ്കീര്‍ത്തനക്കാരനായ ദാവീദ് തന്റെ സ്വന്ത കഷ്ടതയില്‍ വിലപിച്ചു കൊണ്ടു പറയുന്നു, ‘യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സ് എത്ര എന്നതിനെയും എന്നെ
അറിയിക്കണമേ; ഞാന്‍ എത്ര ക്ഷണികന്‍ എന്നു ഞാന്‍ അറിയുമാറാകട്ടെ. ഇതാ, നീ എന്റെ നാളുകളെ നാലുവിരല്‍ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സ് നിന്റെ മുമ്പാകെ
ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറച്ചുനിന്നാലും ഒരു ശ്വാസമത്രേ’ (വാ. 4-5). ജീവിതം ഹ്രസ്വമാണ്. ഒരു നൂറ്റാണ്ട് കാണാന്‍ നമുക്കിഷ്ടമുണ്ടെങ്കിലും നമ്മുടെ ഭൂമിയിലെ ജീവിതം സമയത്തിന്റെ ഒരു തുള്ളി മാത്രമാണ്.
എങ്കിലും ദാവീദിനെപ്പോലെ നമുക്കും പറയാന്‍ കഴിയും, ‘എന്റെ പ്രത്യാശ നിങ്കല് വെച്ചിരിക്കുന്നു’ (വാ. 7). നമ്മുടെ ജീവിതത്തിന് അര്‍ത്ഥമുണ്ടെന്ന് നമുക്ക് വിശ്വസിക്കാന്‍ കഴിയും. നമ്മുടെ ശരീരങ്ങള്‍ ക്ഷയിച്ചുപോയാലും, വിശ്വാസികളെന്ന നിലയില്‍ ‘അകമേയുള്ളവന്‍ നാള്‍ക്കുനാള്‍ പുതുക്കം പ്രാപിക്കുന്നു’ എന്നും ഒരുനാള്‍ നാം അവനോടൊപ്പം നിത്യജീവന് ആസ്വദിക്കുമെന്നും ഉള്ള ഉറപ്പ് നമുക്കുണ്ട് (2 കൊരിന്ത്യര്‍ 4:16-5:1). ദൈവം നമുക്ക് ‘ആത്മാവിനെ അച്ചാരമായി’ തന്നിരിക്കുന്നതിനാല്‍ (5:4) ഇത് നമുക്കറിയാം.
അവന്റെ നിത്യജീവന് പങ്കിടുന്നത് നമുക്ക് ദൈവം സാധ്യമാക്കി തീര്‍ത്തു എന്നറിയുന്നത് എങ്ങനെയാണ് നമുക്കാശ്വസമാകുന്നത്? ദാനമായി ലഭിക്കുന്ന ഓരോ നിമിഷവും എങ്ങനെയാണ് നിങ്ങളുടെ സമയത്തിന്റെ പരമാവധി പ്രയോജനപ്പെടുത്താന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്?
കര്‍ത്താവേ, ഈ ജീവിതം കൊണ്ട് അവസാനിക്കാത്തതിനു നന്ദി. നിന്നില്‍ വിശ്വസിക്കുന്നവര്‍ക്കു വേണ്ടി നിത്യത കരുതിവെച്ചിട്ടുണ്ടല്ലോ. ഇവിടത്തെ ഞങ്ങളുടെ എണ്ണപ്പെട്ട ദിനങ്ങള്‍ നിന്നെ സേവിക്കുന്നതിനായി ചിലവഴിക്കാന്‍ ഞങ്ങളെ സഹായിക്കേണമേ.