ബ്രസീലിലെ ഒരു കമ്പനിയുടെ മാനേജര്‍ തന്റെ കെട്ടിടത്തിന്റെ സൂക്ഷിപ്പുകാരില്‍ നിന്നും രേഖാമൂലമുള്ള ഒരു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഓരോ ദിവസവും ആരാണ് ഓരോ മുറിയും വൃത്തിയാക്കുന്നത്, ഏതൊക്കെ മുറികളാണ് ശ്രദ്ധിക്കാതെ പോകുന്നത്, ഓരോ മുറിയിലും ജോലിക്കാര്‍ എത്ര സമയം ചിലവഴിക്കുന്നു എന്നീ വിവരങ്ങള്‍ ആണ് അവള് ആവശ്യപ്പെട്ടത്. ആദ്യത്തെ ‘ദിവസ’ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്ക് ശേഷം ലഭിച്ചു, അപൂര്‍ണ്ണമായ റിപ്പോര്‍ട്ടായിരുന്നു അത്.
മാനേജര്‍ വിഷയം പരിശോധിച്ചപ്പോള്‍, മിക്ക ശുചീകരണ തൊളിലാളികള്‍ക്കും വായിക്കാനറിയില്ല എന്ന് മനസ്സിലായി. അവരെ പിരിച്ചുവിടുവാന്‍ അവള്‍ക്ക് കഴിയുമായിരുന്നു എങ്കിലും അതിനു പകരം അവര്‍ക്ക് സാക്ഷരതാ ക്ലാസിനു ക്രമീകരണം അവള് ചെയ്തു. അഞ്ചു മാസത്തിനുള്ളില്‍ എല്ലാവരും അടിസ്ഥാന തലത്തില്‍ വായിക്കാനുള്ള കഴിവ് നേടുകയും ജോലിയില്‍ തുടരുകയും ചെയ്തു.
ദൈവം പലപ്പോഴും നമ്മുടെ പ്രതിസന്ധികളെ, അവനുവേണ്ടി തുടര്‍ന്നും നാം പ്രവര്‍ത്തിക്കത്തക്ക നിലയില്‍ സജ്ജരാക്കുന്നതിനുള്ള അവസരമാക്കി മാറ്റാറുണ്ട്. പത്രൊസിന്റെ ജീവിതം പരിചയക്കുറവിന്റെയും തെറ്റുകളുടെയും സമ്മിശ്രമായിരുന്നു. വെള്ളത്തിന്മേല് നടക്കാന്‍ ശ്രമിച്ചപ്പോള്‍ അവന്റെ വിശ്വാസം പതറി. കരം കൊടുക്കാന്‍ യേശുവിന് കഴിയുമോ എന്നവന് ഉറപ്പില്ലായിരുന്നു (മത്തായി 17:24-27). ക്രൂശീകരണവും ഉയിര്‍ത്തെഴുന്നേല്‍പ്പും സംബന്ധിച്ച ക്രിസ്തുവിന്റെ പ്രവചനത്തെപ്പോലും അവന് നിരാകരിച്ചു (16:21-23). ഓരോ വിഷയത്തിലും, താന്‍ ആരാണ് – വാഗ്ദത്ത മശിഹാ (വാ. 16) – എന്ന് കൂടുതലായി യേശു പത്രൊസിനെ പഠിപ്പിച്ചു. ആദിമ സഭയെ സ്ഥാപിക്കുന്നതിനു സഹായിക്കുവാന്‍ താന്‍ അറിയേണ്ടതെല്ലാം പത്രൊസ് ശ്രദ്ധിച്ചു പഠിച്ചു (വാ. 18).
ചില പരാജയങ്ങളാല്‍ ഇന്ന് നിങ്ങള്‍ നിരാശപ്പെട്ടിരിക്കുന്നുവെങ്കില്, തന്റെ ശുശ്രൂഷയില്‍ നിങ്ങളെ മുന്നോട്ടു നയിക്കുന്നതിനും നിങ്ങളെ പഠിപ്പിക്കുന്നതിനുമായി അതിനെ യേശു ഉപയോഗിക്കുമെന്ന് ഓര്‍ക്കുക. പത്രൊസിന്റെ വീഴ്ചകളുടെ നടുവിലും യേശു അവനെ ഉപയോഗിച്ചു; തന്റെ വരവുവരെയും തന്റെ രാജ്യത്തെ പണിയുന്ന ശുശ്രൂഷയില്‍ നമ്മെയും തുടര്‍ന്നും ഉപയോഗിക്കാന്‍ അവനു കഴിയും.
എങ്ങനെയാണ് ദൈവം നിങ്ങളുടെ ജീവിതത്തിലെ വെല്ലുവിളികളെ, അവനെ സേവിക്കുന്നതിനായി നിങ്ങളെ നയിക്കുന്നതിനും സജ്ജരാക്കുന്നതിനും ഉപയോഗിച്ചിട്ടുള്ളത്? എന്ത് മുന്‍കാല പരാജയങ്ങളാണ് ഇന്ന് അവന്റെ കൈയില്‍ വിട്ടുകൊടുക്കാന്‍ നിങ്ങളാഗ്രഹിക്കുന്നത്?
കര്‍ത്താവേ, അങ്ങാരാണ് എന്ന് കൂടുതലായി എന്നെ പഠിപ്പിക്കുവാന്‍ എന്റെ അനുഭവങ്ങളെ ഉപയോഗിക്കാന്‍ അങ്ങേക്ക് കഴിയുമെന്നു ഞാന്‍ വിശ്വസിക്കുന്നു. എന്റെ പരാജയങ്ങളെ എടുത്ത് അങ്ങയുടെ മഹത്വത്തിനായി അവയെ ഉപയോഗിക്കേണമേ.