ഒരു കൊച്ചുകുട്ടി പള്ളിയില്‍ നിന്നു വന്നിട്ട് അന്നു പഠിച്ച പാഠത്തെക്കുറിച്ച് ഉത്സാഹത്തോടെ പ്രഖ്യാപിച്ചത് ‘ദിവസം മുഴുവനും അപ്പവും മീനും വിതരണം ചെയ്ത കുട്ടിയെക്കുറിച്ചായിരുന്നു പഠിപ്പിച്ചത്’ എന്നാണ്. യേശുവിന്റെ അടുക്കല്‍ അപ്പവും മീനും കൊണ്ടുവന്ന ബാലനെക്കുറിച്ചാണ് അവന് ചിന്തിച്ചത് എന്നതില്‍ തര്‍ക്കമില്ല.
യേശു ദിവസം മുഴുവനും പുരുഷാരത്തെ ഉപദേശിക്കുകയായിരുന്നു. ജനം ഗ്രാമങ്ങളില്‍ പോയി ആഹാരസാധനങ്ങള്‍ ശേഖരിക്കാന്‍ അവരെ വിട്ടയയ്ക്കണമെന്ന് ശിഷ്യന്മാര് യേശുവിനോടു പറഞ്ഞു. നിങ്ങള്‍ അവര്‍ക്കു ഭക്ഷിപ്പാന്‍ കൊടുപ്പിന് എന്നായിരുന്നു യേശുവിന്റെ മറുപടി (മത്തായി 14:16). ശിഷ്യന്മാര് പരിഭ്രാന്തരായി, കാരണം 5000-ലധികം പേര്‍ക്ക് ആഹാരം കൊടുക്കണമായിരുന്നു!
കഥയുടെ ബാക്കി നിങ്ങള്‍ക്കറിയാം: ഒരു ബാലന് അവന്റെ ഉച്ചഭക്ഷണം നല്കി-അഞ്ചു ചെറിയ അപ്പവും രണ്ടു മീനും-അതുപയോഗിച്ച് യേശു ജനത്തെ പോഷിപ്പിച്ചു (വാ. 13-21). ഒരു ചിന്താധാരക്കാര്‍ പറയുന്നത്, കുട്ടിയുടെ ഔദാര്യം ജനക്കൂട്ടത്തിലെ മറ്റുള്ളവരെയും ചലിപ്പിക്കുകയും അവരും തങ്ങളുടെ ആഹാരം പങ്കുവയ്ക്കുകയും ചെയ്തു എന്നാണ്. എന്നാല്‍ ഇതൊരു അത്ഭുതമാണെന്നു നാം മനസ്സിലാക്കണമെന്ന് മത്തായി വ്യക്തമായും ആഗ്രഹിച്ചിരുന്നു, മാത്രമല്ല ഈ സംഭവം നാലു സുവിശേഷങ്ങളിലും കാണുന്നുമുണ്ട്.
എന്താണു നാം പഠിക്കുന്നത്? കുടുംബം, അയല്‍ക്കാര്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, മറ്റുള്ളവര്‍ വിവിധ നിലകളിലുള്ള ആവശ്യങ്ങളുമായി നമുക്കു ചുറ്റുമുണ്ട്. നാം അവരെ നമ്മെക്കാള്‍ കഴിവുള്ളവരുടെ അടുത്തേക്കു പറഞ്ഞുവിടുമോ? തീര്‍ച്ചയായും ചിലയാളുകളുടെ ആവശ്യങ്ങള്‍ നമ്മുടെ കഴിവിനപ്പുറത്തുള്ളതായിരിക്കാം, എന്നാല്‍ എല്ലായ്പ്പോഴുമല്ല. നിങ്ങള്ക്കുള്ളതെന്തായിരുന്നാലും – ഒരു ആലിംഗനം, ഒരു ദയാവാക്ക്, ശ്രദ്ധിക്കുന്ന കാത്, ഒരു ഹ്രസ്വ പ്രാര്‍ത്ഥന, നിങ്ങള്‍ ആര്‍ജ്ജിച്ചിട്ടുള്ള ജ്ഞാനം – യേശുവിനു നല്‍കിയിട്ട് അവന് അതുകൊണ്ട് എന്തുചെയ്യുമെന്നു കാണുക.
യേശുവേ, മറ്റുള്ളവരെ കരുതാനുള്ള വഴികള്‍ കാണുന്നതിനുള്ള കണ്ണുകള്‍ ഞങ്ങള്‍ക്കു നല്കണമേ. ഞങ്ങളെ നയിക്കുകയും ഉപയോഗിക്കുകയും ചെയ്യണമേ.