കൊച്ചുകുട്ടിയായിരിക്കുമ്പോള് അവള് മാതാപിതാക്കളെ ചീത്ത വിളിക്കുമായിരുന്നു. അവരുമായുള്ള തന്റെ അവസാനത്തെ സംഭാഷണമായിരുന്നു ആ ചീത്ത വാക്കുകള്‍ എന്നവള്‍ അറിഞ്ഞിരുന്നില്ല. ഇന്ന്, വര്‍ഷങ്ങള്‍ നീണ്ട കൗണ്‍സിലിംഗിനുശേഷവും അവള്‍ക്കു തന്നോടുതന്നെ ക്ഷമിക്കാന്‍ കഴിയുന്നില്ല. കുറ്റബോധവും പശ്ചാത്താപവും അവളെ തളര്‍ത്തുന്നു.
നാമെല്ലാം മോശം പ്രവൃത്തിയില്‍ ദുഃഖിക്കുന്നവരാണ്-അവയില്‍ ചിലത് കഠിനവുമാണ്. എന്നാല്‍ കുറ്റബോധത്തെ മറികടക്കാനുള്ള വഴി ബൈബിള്‍ കാണിച്ചുതരുന്നു. ഒരുദാഹരണം നമുക്കു നോക്കാം.
ദാവീദ് ചെയ്തതിനെ കഠിനപദങ്ങളുപയോഗിച്ചാണ് വിവരിച്ചിരിക്കുന്നത്. അത് ‘രാജാക്കന്മാര് യുദ്ധത്തിന് പുറപ്പെടുന്ന കാലം’ ആയിരുന്നു എങ്കിലും ദാവീദ് ‘യെരൂശലേമില്‍ തന്നെ താമസിച്ചിരുന്നു’ (2 ശമൂവേല്‍ 11:1). യുദ്ധത്തില്‍ നിന്നു വിട്ടുനിന്ന ദാവീദ് മറ്റൊരുവന്റെ ഭാര്യയെ അപഹരിക്കുകയും കൊലപാതകത്തിലൂടെ അതു മൂടിവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു (വാ. 2-5, 14-15). ദാവീദിന്റെ അധഃപതനത്തെ ദൈവം തടഞ്ഞുവെങ്കിലും ശേഷിക്കും കാലം തന്റെ പാപത്തെക്കുറിച്ചുള്ള കുറ്റബോധത്തോടെ രാജാവിനു ജീവിക്കേണ്ടിവന്നു.
ദാവീദ് ചാരത്തില്‍നിന്നും ഉയര്‍ന്നു വന്നപ്പോള്‍, അവന്റെ സൈന്യാധിപനായിരുന്ന യോവാബ്, ദാവീദ് നയിക്കേണ്ടിയിരുന്ന യുദ്ധം നയിച്ചു വിജയത്തിലേക്കു നീങ്ങുകയായിരുന്നു (12:26). യോവാബ് ദാവീദിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചു: ‘… ഞാന്‍ നഗരം പിടിച്ചിട്ടു കീര്‍ത്തി എനിക്കാകാതിരിക്കേണ്ടതിനു നീ … നഗരത്തിനു നേരെ പാളയം ഇറങ്ങി അതിനെ പിടിച്ചുകൊള്ളുക എന്നു പറയിച്ചു’ (വാ. 28). ദാവീദ് ഒടുവില്‍ ദൈവം അവനെ നിയമിച്ച ജനത്തിന്റെയും സൈന്യത്തിന്റെയും നായകസ്ഥാനത്തേക്കു മടങ്ങിവന്നു (വാ. 29).
നമ്മുടെ ഭൂതകാലം നമ്മെ ഞെരുക്കുവാന്‍ നാം അനുവദിക്കുമ്പോള്‍, ദൈവത്തിന്റെ കൃപ മതിയായതല്ല എന്നു നാം അവനോടു പറയുകയാണു ചെയ്യുന്നത്. നാം ചെയ്തത് എന്തുതന്നെയായിരുന്നാലും നമ്മുടെ പിതാവ് തന്റെ സമ്പൂര്‍ണ്ണ പാപക്ഷമ നമുക്കു നല്കുന്നു. ദാവീദിനെപ്പോലെ നമുക്കും യുദ്ധത്തിലേക്കു മടങ്ങുവാനാവശ്യമായ കൃപ കണ്ടെത്താന്‍ കഴിയും.
നമ്മുടെ പാപമല്ല, ദൈവത്തിന്റെ സ്നേഹമാണ് നമ്മെ നിര്‍വചിക്കുന്നത്.