കൊച്ചുകുട്ടിയായിരുന്നപ്പോള്‍ ബെഞ്ചമിന്‍ വെസ്റ്റ് തന്റെ സഹോദരിയുടെ ഒരു ചിത്രം വരയ്ക്കാന്‍ ശ്രമിച്ചു എങ്കിലും വികലമായ ഒരു ചിത്രം വരയ്ക്കാനേ അവനു കഴിഞ്ഞുള്ളു. അവന്റെ കലാസൃഷ്ടി കണ്ടിട്ട് അമ്മ അവന്റെ ശിരസ്സില്‍ ചുംബിച്ചിട്ടു പറഞ്ഞു, ‘നോക്കൂ, ഇതു സാലിയാണ്.’ ആ ചുംബനം ആണ് തന്നെ ഒരു കലാകാരന്‍ – പ്രസിദ്ധ അമേരിക്കന്‍ ചിത്രകാരനും – ആക്കിയതെന്ന്് അദ്ദേഹം പില്‍ക്കാലത്തു പറഞ്ഞു. പ്രോത്സാഹനം ഒരു ശക്തിമത്തായ കാര്യമാണ്.

ചിത്രം വരയ്ക്കാന്‍ പഠിക്കുന്ന ഒരു കുട്ടിക്കു സമമായി, പൗലൊസിന് തന്റെ ശുശ്രൂഷയുടെ ആരംഭകാലത്ത് കാര്യമായ അംഗീകാരം ലഭിച്ചിരുന്നില്ല എങ്കിലും ബര്‍ന്നബാസ് അവന്റെ വിളിയെ സ്ഥിരീകരിച്ചു. ബര്‍ന്നബാസിന്റെ പ്രോത്സാഹനത്താലാണ് ഒരു സഹ വിശ്വാസിയായി പൗലൊസിനെ സഭ അംഗീകരിച്ചത് (പ്രവൃ. 9:27). അന്ത്യോക്യയിലെ ശിശു സഭയെയും ബര്‍ന്നബാസ് പ്രോത്സാഹിപ്പിക്കുകയും പുതിയ നിയമത്തിലെ ഏറ്റവും സ്വാധീനമുള്ള സഭകളിലൊന്നായി വളരുവാന്‍ അതിനെ സഹായിക്കുകയും ചെയ്തു (11:22-23). ബര്‍ന്നബാസിന്റെയും അതുപോലെ പൗലൊസിന്റെയും പ്രോത്സാഹനത്താലാണ് യെരൂശലേം സഭ ജാതീയ വിശ്വാസികളെ ക്രിസ്തുശിഷ്യരായി അംഗീകരിച്ചത് (15:19). അനേക നിലകളില്‍, ആദിമ സഭയുടെ കഥ പ്രോത്സാഹനത്തിന്റെ കഥയാണ്.

ഇതുതന്നെ നമ്മുടെ ജീവിതത്തിലും പ്രായോഗികമാക്കേണ്ടതാണ്. ഒരുവനോട് ഒരു നല്ല വാക്കു പറയുന്നതാണ് പ്രോത്സാഹനം എന്നു നാം ചിന്തിച്ചേക്കാം. എന്നാല്‍ ആ വിധത്തിലാണു നാം ചിന്തിക്കുന്തെങ്കില്‍, അതിന്റെ നിലനില്‍ക്കുന്ന ശക്തി തിരിച്ചറിയാന്‍ നാം പരാജയപ്പെട്ടിരിക്കുന്നു. സഭയിലെ വ്യക്തി ജീവിതങ്ങളെയും സഭയുടെ തന്നെ ജീവിതത്തെയും രൂപപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങളിലൊന്നാണത്.