2017 ല്‍, യുഎസില്‍ ഹാര്‍വ്വി ചുഴലിക്കാറ്റ് വീശിയതിനുശേഷം ദുരിതത്തിലായവരെ സഹായിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഞങ്ങളുടെ സംഘം ഹൂസ്റ്റണിലേക്കു യാത്ര ചെയ്തു. ദുരിതബാധിതരെ പ്രോത്സാഹിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ആ പ്രക്രിയയില്‍, അവരുടെ തകര്‍ന്ന സഭകളുടെയും ഭവനങ്ങളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നപ്പോള്‍ ഞങ്ങളുടെ തന്നെ വിശ്വാസത്തിനുനേരെ വെല്ലുവിളി ഉയരുകയും അപ്പോള്‍ തന്നെ പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്തു.

ഹാര്‍വ്വി വിതച്ച നാശനഷ്ടത്തിന്റെ നടുവിലും ഈ ആളുകള്‍ പ്രകടിപ്പിച്ച തിളക്കമാര്‍ന്ന വിശ്വാസമാണ്, എഴാം നൂറ്റാണ്ടിലെ തന്റെ പ്രവചന സൂക്തങ്ങളുടെ അന്ത്യഭാഗത്ത് ഹബക്കുക്ക് പ്രകടിപ്പിച്ചതായി നാം കാണുന്നത്. കഠിന സമയങ്ങള്‍ മുമ്പിലുള്ളതായി പ്രവാചകന്‍ പ്രവചിക്കുന്നു (1:5-2:1); കാര്യങ്ങള്‍ മെച്ചപ്പെടുന്നതിനു മുമ്പ് കൂടുതല്‍ മോശമാകുന്ന അവസ്ഥയാണ്. പ്രവചനത്തിന്റെ അവസാനം ഭൗമിക നഷ്ടങ്ങളെ വിലയിരുത്തുന്ന പ്രവാചകനെ നാം കാണുന്നു. മൂന്നു പ്രാവശ്യം അവിടെ ‘എങ്കിലും’ എന്ന പദം പ്രത്യക്ഷപ്പെടുന്നു: അത്തിവൃക്ഷം തളിര്‍ക്കുകയില്ല (എങ്കിലും); മുന്തിരിവള്ളിയില്‍ അനുഭവം ഉണ്ടാകയില്ല (എങ്കിലും); … ആട്ടിന്‍കൂട്ടം തൊഴുത്തില്‍നിന്ന്
നശിച്ചുപോകും; ഗോശാലകളില്‍ കന്നുകാലി ഉണ്ടായിരിക്കുകയില്ല (എങ്കിലും) (3:17).

ആരോഗ്യ നഷ്ടം, ജോലി നഷ്ടം, പ്രിയപ്പെട്ടവരുടെ വേര്‍പാട്, പ്രകൃതി ദുരന്തം തുടങ്ങിയ സങ്കല്‍പ്പാതീത നഷ്ടങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ നമ്മുടെ നിലപാട് എന്തായിരിക്കും? ഹബക്കുക്കിന്റെ ‘കഠിന സമയങ്ങളുടെ ഗീതം’ നമ്മെ ഇന്നലെയും ഇന്നും എന്നേക്കും നമ്മുടെ രക്ഷയുടെയും (വാ. 18) ബലത്തിന്റെയും, സ്ഥിരതയുടെയും (വാ. 19) ഉറവിടമായ ദൈവത്തിലുള്ള ഉറപ്പേറിയ വിശ്വാസത്തിനും ആശ്രയത്തിനും ആഹ്വാനം ചെയ്യുന്നു. അവസാനം, അവനില്‍ ആശ്രയിക്കുന്നവര്‍ ലജ്ജിച്ചുപോകയില്ല.