എല്ലെന്‍ ലാംഗെറിന്റെ 1975 ലെ പഠനമായ ദി ഇല്യൂഷന്‍ ഓഫ് കണ്ട്രോള് (നിയന്ത്രണം എന്ന മിഥ്യാബോധം), ജീവിതത്തിലെ സംഭവങ്ങളുടെമേല്‍ നാം ചെലുത്തുന്ന നിയന്ത്രണത്തിന്റെ അളവിനെ പരിശോധിച്ചു. മിക്ക സാഹചര്യങ്ങളിലും നമ്മുടെ നിയന്ത്രണത്തിന്റെ അളവിനെ നാം പെരുപ്പിച്ചുകാണിക്കുകയാണെന്ന് അവള് കണ്ടെത്തി. യാഥാര്‍ത്ഥ്യം എങ്ങനെയാണ് നമ്മുടെ മിഥ്യാബോധത്തെ തകര്‍ക്കുന്നതെന്നും അവള് വെളിപ്പെടുത്തി.
പഠനം പ്രസിദ്ധീകരിച്ചശേഷം മറ്റുള്ളവര്‍ നടത്തിയ പരീക്ഷണങ്ങളും ലാംഗെറിന്റെ കണ്ടെത്തലുകളെ സ്ഥിരീകരിച്ചു. എന്നിരുന്നാലും അവള് ആ പേര് ഇടുന്നതിനും വളരെ മുമ്പുതന്നെ ഈ പ്രതിഭാസത്തെ യാക്കോബ് തിരിച്ചറിഞ്ഞിരുന്നു. യാക്കോബ് 4 ല്‍ അവന് എഴുതി, ‘ഇന്നോ നാളെയോ ഞങ്ങള്‍ ഇന്ന പട്ടണത്തില്‍ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ, കേള്‍പ്പിന്‍; നാളെത്തേതു നിങ്ങള്‍ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവന് എങ്ങനെയുള്ളത്? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ’ (വാ. 13-14).
തുടര്‍ന്ന് സമ്പൂര്‍ണ്ണ നിയന്ത്രണമുള്ളവനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ മിത്ഥ്യാബോധത്തിന് ഒരു പരിഹാരവും യാക്കോബ് നിര്‍ദ്ദേശിക്കുന്നു: ‘കര്ത്താവിന് ഇഷ്ടമുണ്ടെങ്കില്‍ ഞങ്ങള്‍ ജീവിച്ചിരുന്ന് ഇന്നിന്നതു ചെയ്യും എന്നല്ലയോ പറയേണ്ടത്’ (വാ. 15). ഈ ചുരുക്കം വാക്യങ്ങളില്‍, മനുഷ്യന്റെ പരാജയപ്പെടുന്ന നിയന്ത്രണത്തെയും അതിന്റെ പരിഹാരത്തെയും സംഗ്രഹിച്ചിരിക്കുന്നു.
നമ്മുടെ ഭാവി നമ്മുടെ കൈയിലല്ലെന്നു നമുക്കു മനസ്സിലാക്കാന്‍ കഴിയട്ടെ. സകലത്തെയും ദൈവം തന്റെ ശക്തിയുള്ള കരങ്ങളില്‍ വഹിച്ചിരിക്കയാല്‍, അവന്റെ പദ്ധതികളില്‍ നമുക്കാശ്രയിക്കാം.
മനുഷ്യന്റെ ഹൃദയത്തില്‍ പല വിചാരങ്ങളും ഉണ്ട്; യഹോവയുടെ ആലോചനയോ നിവൃത്തിയാകും. സദൃശവാക്യങ്ങള്‍ 19:21