1865 ല്‍ ഫോര്‍ഡ് തിയറ്ററില്‍ വെച്ച് എബ്രഹാം ലിങ്കണ് വെടിയേറ്റ രാത്രിയില്‍ അദ്ദേഹത്തിന്റെ പോക്കറ്റിലുണ്ടായിരുന്നവ ഇവയാണ്: രണ്ടു കണ്ണടകള്‍, ലെന്‍സ് പോളീഷര്‍, ഒരു പേനാക്കത്തി, ഒരു തൂവാല, ഒരു ലെതര്‍ പേഴ്‌സും അതില്‍ അഞ്ചു ഡോളര്‍ കോണ്‍ഫെഡറേറ്റ് നോട്ടും, തന്നെയും തന്റെ പോളിസികളെയും പുകഴ്ത്തുന്ന എട്ട് പത്ര കട്ടിംഗുകള്‍.

പ്രസിഡന്റിന്റെ പോക്കറ്റില്‍ കോണ്‍ഫെഡറേറ്റ് ഡോളറിന് എന്താണു കാര്യം എന്നു ഞാന്‍ അത്ഭുതപ്പെടുന്നു എങ്കിലും പത്ര വാര്‍ത്തയെ സംബന്ധിച്ച് എനിക്കു സംശയമേ ഉണ്ടായിരുന്നില്ല. എല്ലാവര്‍ക്കും പ്രോത്സാഹനം ആവശ്യമാണ് – ലിങ്കണെപ്പോലെയുള്ള ഒരു മഹാനായ നേതാവിനു പോലും. ആ നിര്‍ണ്ണായകമായ നാടകീയ രംഗങ്ങള്‍ക്കു മുമ്പ് അദ്ദേഹം തന്റെ ഭാര്യയെ അവ വായിച്ചുകേള്‍പ്പിക്കുന്ന രംഗം നിങ്ങള്‍ക്കു കാണാനാകുമോ?
പ്രോത്സാഹനം ആവശ്യമുള്ള ആരെയാണ് നിങ്ങള്‍ക്കറിയാവുന്നത്? എല്ലാവരും! നിങ്ങളുടെ ചുറ്റും നോക്കുക. പുറമെ പ്രകടിപ്പിക്കുന്നതുപോലെ ആത്മവിശ്വാസം ഉള്ള ഒരു വ്യക്തിപോലും കാണുകയില്ല. നമ്മുടെയെല്ലാം ഒരു ദിവസത്തെ വിജയത്തെ ഒരു പരാജയമോ, അനാവശ്യമായ ഒരു കമന്റോ, മോശമായ മുടി ചീകലോ ഇല്ലാതാക്കും.

‘നമ്മില്‍ ഓരോരുത്തന്‍ കൂട്ടുകാരനെ, നന്മയ്ക്കായി ആത്മിക വര്‍ദ്ധനയ്ക്കു വേണ്ടി
പ്രസാദിപ്പിക്കണം’ (റോമര്‍ 15:2) എന്ന ദൈവകല്‍പ്പനയെ നാമെല്ലാം അനുസരിച്ചാല്‍ എന്തു സംഭവിക്കും? ‘മനസ്സിനു മധുരവും അസ്ഥികള്‍ക്ക് ഔഷധവും’ ആയ ‘ഇമ്പമുള്ള വാക്കു’ (സദൃശവാക്യങ്ങള്‍ 16:24) മാത്രമേ സംസാരിക്കൂ എന്നു നാമെല്ലാം തീരുമാനിച്ചാല്‍ എന്തു സംഭവിക്കും? സ്‌നേഹിതന്മാര്‍ വായിച്ച് ചിന്തിക്കത്തക്കവിധം ഈ വാക്കുകള്‍ നാം എഴുതിയാല്‍ എന്തു സംഭവിക്കും? എങ്കില്‍ നമ്മുടെ എല്ലാം പോക്കറ്റില്‍ (അല്ലെങ്കില്‍ ഫോണില്‍) കുറിപ്പുകള്‍ ഉണ്ടാകും. നാമെല്ലാം ‘തന്നില്‍ തന്നേ പ്രസാദിക്കാതിരുന്ന’ (റോമര്‍ 15:3) ക്രിസ്തുവിനോടു കൂടുതല്‍ അനുരൂപരാകും.