Month: ആഗസ്റ്റ് 2019

'എങ്കിലും'

2017 ല്‍, യുഎസില്‍ ഹാര്‍വ്വി ചുഴലിക്കാറ്റ് വീശിയതിനുശേഷം ദുരിതത്തിലായവരെ സഹായിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഞങ്ങളുടെ സംഘം ഹൂസ്റ്റണിലേക്കു യാത്ര ചെയ്തു. ദുരിതബാധിതരെ പ്രോത്സാഹിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ആ പ്രക്രിയയില്‍, അവരുടെ തകര്‍ന്ന സഭകളുടെയും ഭവനങ്ങളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നപ്പോള്‍ ഞങ്ങളുടെ തന്നെ വിശ്വാസത്തിനുനേരെ വെല്ലുവിളി ഉയരുകയും അപ്പോള്‍ തന്നെ പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്തു.

ഹാര്‍വ്വി വിതച്ച നാശനഷ്ടത്തിന്റെ നടുവിലും ഈ ആളുകള്‍ പ്രകടിപ്പിച്ച തിളക്കമാര്‍ന്ന വിശ്വാസമാണ്, എഴാം നൂറ്റാണ്ടിലെ തന്റെ പ്രവചന സൂക്തങ്ങളുടെ അന്ത്യഭാഗത്ത് ഹബക്കുക്ക് പ്രകടിപ്പിച്ചതായി നാം കാണുന്നത്. കഠിന സമയങ്ങള്‍ മുമ്പിലുള്ളതായി പ്രവാചകന്‍ പ്രവചിക്കുന്നു (1:5-2:1); കാര്യങ്ങള്‍ മെച്ചപ്പെടുന്നതിനു മുമ്പ് കൂടുതല്‍ മോശമാകുന്ന അവസ്ഥയാണ്. പ്രവചനത്തിന്റെ അവസാനം ഭൗമിക നഷ്ടങ്ങളെ വിലയിരുത്തുന്ന പ്രവാചകനെ നാം കാണുന്നു. മൂന്നു പ്രാവശ്യം അവിടെ 'എങ്കിലും' എന്ന പദം പ്രത്യക്ഷപ്പെടുന്നു: അത്തിവൃക്ഷം തളിര്‍ക്കുകയില്ല (എങ്കിലും); മുന്തിരിവള്ളിയില്‍ അനുഭവം ഉണ്ടാകയില്ല (എങ്കിലും); ... ആട്ടിന്‍കൂട്ടം തൊഴുത്തില്‍നിന്ന്
നശിച്ചുപോകും; ഗോശാലകളില്‍ കന്നുകാലി ഉണ്ടായിരിക്കുകയില്ല (എങ്കിലും) (3:17).

ആരോഗ്യ നഷ്ടം, ജോലി നഷ്ടം, പ്രിയപ്പെട്ടവരുടെ വേര്‍പാട്, പ്രകൃതി ദുരന്തം തുടങ്ങിയ സങ്കല്‍പ്പാതീത നഷ്ടങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ നമ്മുടെ നിലപാട് എന്തായിരിക്കും? ഹബക്കുക്കിന്റെ 'കഠിന സമയങ്ങളുടെ ഗീതം' നമ്മെ ഇന്നലെയും ഇന്നും എന്നേക്കും നമ്മുടെ രക്ഷയുടെയും (വാ. 18) ബലത്തിന്റെയും, സ്ഥിരതയുടെയും (വാ. 19) ഉറവിടമായ ദൈവത്തിലുള്ള ഉറപ്പേറിയ വിശ്വാസത്തിനും ആശ്രയത്തിനും ആഹ്വാനം ചെയ്യുന്നു. അവസാനം, അവനില്‍ ആശ്രയിക്കുന്നവര്‍ ലജ്ജിച്ചുപോകയില്ല.

പ്രോത്സാഹനത്തിന്റെ ശക്തി

കൊച്ചുകുട്ടിയായിരുന്നപ്പോള്‍ ബെഞ്ചമിന്‍ വെസ്റ്റ് തന്റെ സഹോദരിയുടെ ഒരു ചിത്രം വരയ്ക്കാന്‍ ശ്രമിച്ചു എങ്കിലും വികലമായ ഒരു ചിത്രം വരയ്ക്കാനേ അവനു കഴിഞ്ഞുള്ളു. അവന്റെ കലാസൃഷ്ടി കണ്ടിട്ട് അമ്മ അവന്റെ ശിരസ്സില്‍ ചുംബിച്ചിട്ടു പറഞ്ഞു, 'നോക്കൂ, ഇതു സാലിയാണ്.' ആ ചുംബനം ആണ് തന്നെ ഒരു കലാകാരന്‍ - പ്രസിദ്ധ അമേരിക്കന്‍ ചിത്രകാരനും - ആക്കിയതെന്ന്് അദ്ദേഹം പില്‍ക്കാലത്തു പറഞ്ഞു. പ്രോത്സാഹനം ഒരു ശക്തിമത്തായ കാര്യമാണ്.

ചിത്രം വരയ്ക്കാന്‍ പഠിക്കുന്ന ഒരു കുട്ടിക്കു സമമായി, പൗലൊസിന് തന്റെ ശുശ്രൂഷയുടെ ആരംഭകാലത്ത് കാര്യമായ അംഗീകാരം ലഭിച്ചിരുന്നില്ല എങ്കിലും ബര്‍ന്നബാസ് അവന്റെ വിളിയെ സ്ഥിരീകരിച്ചു. ബര്‍ന്നബാസിന്റെ പ്രോത്സാഹനത്താലാണ് ഒരു സഹ വിശ്വാസിയായി പൗലൊസിനെ സഭ അംഗീകരിച്ചത് (പ്രവൃ. 9:27). അന്ത്യോക്യയിലെ ശിശു സഭയെയും ബര്‍ന്നബാസ് പ്രോത്സാഹിപ്പിക്കുകയും പുതിയ നിയമത്തിലെ ഏറ്റവും സ്വാധീനമുള്ള സഭകളിലൊന്നായി വളരുവാന്‍ അതിനെ സഹായിക്കുകയും ചെയ്തു (11:22-23). ബര്‍ന്നബാസിന്റെയും അതുപോലെ പൗലൊസിന്റെയും പ്രോത്സാഹനത്താലാണ് യെരൂശലേം സഭ ജാതീയ വിശ്വാസികളെ ക്രിസ്തുശിഷ്യരായി അംഗീകരിച്ചത് (15:19). അനേക നിലകളില്‍, ആദിമ സഭയുടെ കഥ പ്രോത്സാഹനത്തിന്റെ കഥയാണ്.

ഇതുതന്നെ നമ്മുടെ ജീവിതത്തിലും പ്രായോഗികമാക്കേണ്ടതാണ്. ഒരുവനോട് ഒരു നല്ല വാക്കു പറയുന്നതാണ് പ്രോത്സാഹനം എന്നു നാം ചിന്തിച്ചേക്കാം. എന്നാല്‍ ആ വിധത്തിലാണു നാം ചിന്തിക്കുന്തെങ്കില്‍, അതിന്റെ നിലനില്‍ക്കുന്ന ശക്തി തിരിച്ചറിയാന്‍ നാം പരാജയപ്പെട്ടിരിക്കുന്നു. സഭയിലെ വ്യക്തി ജീവിതങ്ങളെയും സഭയുടെ തന്നെ ജീവിതത്തെയും രൂപപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങളിലൊന്നാണത്.

നശിപ്പിക്കാനാവാത്ത സ്‌നേഹം

ഞങ്ങളുടെ വീടിന്റെ പുറകിലുള്ള തോട് ഞങ്ങള്‍ ആദ്യം കണ്ടപ്പോള്‍, വേനല്‍ക്കാലത്തെ കടുത്ത ചൂടില്‍ പാറക്കെട്ടിന്റെ ഉള്ളില്‍ നിന്നു കിനിയുന്ന നേരിയ ഒരു വെള്ളച്ചാലായിരുന്നു. അതിനു മുകളില്‍ കനമുള്ള പലകയിട്ടാല്‍ ഞങ്ങള്‍ക്ക് അപ്പുറം കടക്കാമായിരുന്നു. മാസങ്ങള്‍ക്കു ശേഷം ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന കനത്ത മഴ തുടര്‍ച്ചയായി ഞങ്ങളുടെ പ്രദേശത്തു പെയ്തു. ഞങ്ങളുടെ കളിത്തോട് നാലടി ആഴവും പത്തടി വീതിയുമുള്ള ശീഘ്ര ജലപ്രവാഹമായി മാറി. വെള്ളത്തിന്റെ ശക്തിയില്‍ ഞങ്ങളുടെ തടിപ്പാലം ഒഴുകി താഴേക്കുപോയി.

കുത്തിയൊഴുകുന്ന ജലത്തിന് അതിന്റെ വഴിയിലുള്ള എന്തിനെയും തകര്‍ക്കുവാനുള്ള ശക്തിയുണ്ട്. എങ്കിലും പ്രളയത്തിന്റെ പാതയിലും അതിനെ നശിപ്പിക്കുമെന്നു ഭീഷണി മുഴക്കുന്ന മറ്റു ശക്തികളുടെ മുമ്പിലും നശിക്കാതെ നില്‍ക്കുന്ന ഒന്നുണ്ട് - സ്‌നേഹം. 'ഏറിയ വെള്ളങ്ങള്‍ പ്രേമത്തെ കെടുത്തുവാന്‍ പോരാ; നദികള്‍ അതിനെ മുക്കിക്കളയുകയില്ല' (ഉത്തമഗീതം 8:7). സ്‌നേഹത്തിന്റെ വാശിയേറിയ ശക്തിയും തീവ്രതയും പലപ്പോഴും പ്രണയബന്ധങ്ങളില്‍ കാണാന്‍ കഴിയും എങ്കിലും അതു പൂര്‍ണ്ണമായും പ്രകടമാക്കപ്പെട്ടിട്ടുള്ളത് തന്റെ പുത്രനായ യേശുക്രിസ്തുവിലൂടെ ദൈവം തന്റെ ജനത്തോടു കാണിച്ചിട്ടുള്ള സ്‌നേഹമാണ്.

ഉറപ്പുള്ളതെന്നും ആശ്രയിക്കാവുന്നതെന്നും നാം കണക്കാക്കുന്ന കാര്യങ്ങള്‍ ഒഴുകിപ്പോകുമ്പോള്‍, നമ്മുടെ മോഹഭംഗങ്ങള്‍ നമ്മോടുള്ള ദൈവത്തിന്റെ സനേഹത്തെക്കുറിച്ച്് ഒരു പുതിയ അറിവിലേക്കുള്ള വഴി തുറക്കും. ഭൂമിയിലുള്ള എന്തിനേക്കാളും ഉന്നതവും ആഴമേറിയതും ശക്തവും ദീര്‍ഘവും നിലനില്‍ക്കുന്നതുമാണ് അവന്റെ സ്‌നേഹം. നാം നേരിടുന്നതെന്തായിരുന്നാലും, നമ്മെ കരം പിടിച്ച്, നമ്മെ സഹായിച്ച്, നാ സ്‌നേഹിക്കപ്പെടുന്നു എന്നു നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ട് നമ്മുടെ കൂടെയുള്ള അവനോടൊപ്പമാണ് നാം അതു നേരിടുന്നത്.

വിശ്വാസത്തിന്റെ പൈതൃകം

ബില്ലി ഗ്രഹാം തന്റെ പതിനാറാം വയസ്സില്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നതിനുള്ള തീരുമാനം എടുക്കുന്നതിനു വളരെ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ, അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ക്രിസ്തുവിനോടുള്ള ഭക്തി വ്യക്തമായിരുന്നു. ഒരു വിശ്വാസ ഭവനത്തില്‍ ജനിച്ചുവളരുമ്പോഴാണ് അവര്‍ വിശ്വാസത്തിലേക്കു വന്നത്. വിവാഹത്തിനുശേഷം, തങ്ങളുടെ മക്കളെ സ്‌നേഹപുരസ്സരം വളര്‍ത്തുകയും അവരോടൊപ്പം പ്രാര്‍ത്ഥിക്കുകയും തിരുവചനം വായിക്കുകയും ആരാധനയില്‍ സംബന്ധിക്കുകയും ചെയ്തുകൊണ്ട് ആ പൈതൃകം നിലനിര്‍ത്തി. ബില്ലിഗ്രഹാമിന്റെ മാതാപിതാക്കള്‍ അവനുവേണ്ടി ഇട്ട ഉറപ്പുള്ള അടിസ്ഥാനം, അവനെ വിശ്വാസത്തിലേക്കു കൊണ്ടുവരുവാനും പിന്നീട് ധൈര്യശാലിയായ സുവിശേഷകനായി വിളിക്കുവാനും ദൈവം ഉപയോഗിച്ച വളക്കൂറുള്ള മണ്ണായിരുന്നു.

അപ്പൊസ്തലനായ പൗലൊസിന്റെ യുവശിഷ്യനായിരുന്ന തിമൊഥെയൊസും ശക്തമായ ആത്മിക അടിത്തറയുടെ നേട്ടം അനുഭവിച്ചവനായിരുന്നു. പൗലൊസ് എഴുതി, ''ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു' (2 തിമൊഥെയൊസ് 1:5). ക്രിസ്തുവിലുള്ള വിശ്വാസത്തിലേക്കു തിമൊഥെയൊസിന്റെ ഹൃദയത്തെ ഒരുക്കുന്നതിനും തിരിക്കുന്നതിനും ഈ പൈതൃകം സഹായിച്ചു.

നമുക്കു ശക്തി നല്‍കുന്ന പരിശുദ്ധാത്മാവിലൂടെ (വാ. 6-7) അവന്റെ ഉള്ളില്‍ ഉള്ള 'ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിച്ചുകൊണ്ട്' (വാ. 6) ഈ പൈതൃകം നിലനിര്‍ത്താന്‍ പൗലൊസ് തിമൊഥെയൊസിനെ ആഹ്വാനം ചെയ്യുന്നു. കാരണം പരിശുദ്ധാത്മാവിന്റെ ശക്തിയിലൂടെ തിമൊഥെയൊസിന് സുവിശേഷത്തിനുവേണ്ടി ഭയമില്ലാതെ ജീവിക്കാന്‍ കഴിയും (വാ. 8). ഒരു ശക്തമായ ആത്മിക പൈതൃകം നാം വിശ്വാസത്തിലേക്കു വരുമെന്നതിന്റെ ഉറപ്പല്ല, എങ്കിലും മറ്റുള്ളവരുടെ മാതൃകയും വഴികാട്ടലും അതിനുള്ള വഴി ഒരുക്കാന്‍ സഹായിക്കും. നാം യേശുവിനെ രക്ഷകനായി സ്വീകരിച്ചുകഴിയുമ്പോള്‍ ആത്മാവു നമ്മെ ശുശ്രൂഷയിലും അവനുവേണ്ടി ജീവിക്കുന്നതിലും മറ്റുള്ളവരുടെ വിശ്വാസത്തെ പരിപോഷിപ്പിക്കുന്നതിലും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും.

തിരികെ യുദ്ധത്തില്‍

കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ അവള്‍ മാതാപിതാക്കളെ ചീത്ത വിളിക്കുമായിരുന്നു. അവരുമായുള്ള തന്റെ അവസാനത്തെ സംഭാഷണമായിരുന്നു ആ ചീത്ത വാക്കുകള്‍ എന്നവള്‍ അറിഞ്ഞിരുന്നില്ല. ഇന്ന്, വര്‍ഷങ്ങള്‍ നീണ്ട കൗണ്‍സിലിംഗിനുശേഷവും അവള്‍ക്കു തന്നോടുതന്നെ ക്ഷമിക്കാന്‍ കഴിയുന്നില്ല. കുറ്റബോധവും പശ്ചാത്താപവും അവളെ തളര്‍ത്തുന്നു.

നാമെല്ലാം മോശം പ്രവൃത്തിയില്‍ ദുഃഖിക്കുന്നവരാണ്-അവയില്‍ ചിലത് കഠിനവുമാണ്. എന്നാല്‍ കുറ്റബോധത്തെ മറികടക്കാനുള്ള വഴി ബൈബിള്‍ കാണിച്ചുതരുന്നു. ഒരുദാഹരണം നമുക്കു നോക്കാം.
ദാവീദ് ചെയ്തതിനെ കഠിനപദങ്ങളുപയോഗിച്ചാണ് വിവരിച്ചിരിക്കുന്നത്. അത് 'രാജാക്കന്മാര്‍ യുദ്ധത്തിന് പുറപ്പെടുന്ന കാലം' ആയിരുന്നു എങ്കിലും ദാവീദ് 'യെരൂശലേമില്‍ തന്നെ താമസിച്ചിരുന്നു' (2 ശമൂവേല്‍ 11:1). യുദ്ധത്തില്‍ നിന്നു വിട്ടുനിന്ന ദാവീദ് മറ്റൊരുവന്റെ ഭാര്യയെ അപഹരിക്കുകയും കൊലപാതകത്തിലൂടെ അതു മൂടിവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു (വാ. 2-5, 14-15). ദാവീദിന്റെ അധഃപതനത്തെ ദൈവം തടഞ്ഞുവെങ്കിലും ശേഷിക്കും കാലം തന്റെ പാപത്തെക്കുറിച്ചുള്ള കുറ്റബോധത്തോടെ രാജാവിനു ജീവിക്കേണ്ടിവന്നു.

ദാവീദ് ചാരത്തില്‍നിന്നും ഉയര്‍ന്നു വന്നപ്പോള്‍, അവന്റെ സൈന്യാധിപനായിരുന്ന യോവാബ്, ദാവീദ് നയിക്കേണ്ടിയിരുന്ന യുദ്ധം നയിച്ചു വിജയത്തിലേക്കു നീങ്ങുകയായിരുന്നു (12:26). യോവാബ് ദാവീദിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചു: '... ഞാന്‍ നഗരം പിടിച്ചിട്ടു കീര്‍ത്തി എനിക്കാകാതിരിക്കേണ്ടതിനു നീ ... നഗരത്തിനു നേരെ പാളയം ഇറങ്ങി അതിനെ പിടിച്ചുകൊള്ളുക എന്നു പറയിച്ചു' (വാ. 28). ദാവീദ് ഒടുവില്‍ ദൈവം അവനെ നിയമിച്ച ജനത്തിന്റെയും സൈന്യത്തിന്റെയും നായകസ്ഥാനത്തേക്കു മടങ്ങിവന്നു (വാ. 29).

നമ്മുടെ ഭൂതകാലം നമ്മെ ഞെരുക്കുവാന്‍ നാം അനുവദിക്കുമ്പോള്‍, ദൈവത്തിന്റെ കൃപ മതിയായതല്ല എന്നു നാം അവനോടു പറയുകയാണു ചെയ്യുന്നത്. നാം ചെയ്തത് എന്തുതന്നെയായിരുന്നാലും നമ്മുടെ പിതാവ് തന്റെ സമ്പൂര്‍ണ്ണ പാപക്ഷമ നമുക്കു നല്‍കുന്നു. ദാവീദിനെപ്പോലെ നമുക്കും യുദ്ധത്തിലേക്കു മടങ്ങുവാനാവശ്യമായ കൃപ കണ്ടെത്താന്‍ കഴിയും.