നിങ്ങള്‍ മടങ്ങിവരുമോ?
റോണിന്റെയും നാന്സിയുടെയും വിവാഹജീവിതം അതിവേഗം തകര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. അവള്‍ക്കൊരു അവിഹിത ബന്ധമുണ്ടായിരുന്നു, എങ്കിലും കുറെക്കഴിഞ്ഞ് അവള് തന്റെ പാപം ദൈവത്തോടേറ്റുപറഞ്ഞു. താന്‍ എന്തുചെയ്യണമെന്നാണവന് ആഗ്രഹിക്കുന്നതെന്ന് അവള്‍ക്കറിയാമായിരുന്നു, എങ്കിലും അതു പ്രയാസകരമായിരുന്നു. അവള് റോണിനോടു സത്യം പറഞ്ഞു. റോണ്‍ വിവാഹമോചനത്തിനാവശ്യപ്പെടാതെ, അവള്‍ക്കു മാറ്റമുണ്ടായി എന്നു തെളിയിച്ചുകൊണ്ട് അവന്റെ വിശ്വാസം നേടിയെടുക്കുന്നതിന് ഒരു അവസരം നാന്‍സിക്കു നല്കി. അതിശയകരമായ വിധത്തില്‍ ദൈവം അവരുടെ ബന്ധത്തെ യഥാസ്ഥാനപ്പെടുത്തി.
റോണിന്റെ പ്രവൃത്തി, പാപികളായ എന്നോടും നിങ്ങളോടും ദൈവം കാണിക്കുന്ന സ്നേഹത്തിന്റെയും ക്ഷമയുടെയും ഒരു ചിത്രമാണ്. പ്രവാചകനായ ഹോശേയാ ഇതു നന്നായി മനസ്സിലാക്കിയിരുന്നു. ദൈവത്തിന്റെ മുമ്പില്‍ യിസ്രായേല്‍ അവിശ്വസ്തരാണ് എന്ന് അവര്‍ക്കു കാണിച്ചുകൊടുക്കുന്നതിനുള്ള ഒരു വഴി എന്ന നിലയില്‍ അവിശ്വസ്തയായ ഒരു സ്ത്രീയെ വിവാഹം ചെയ്യുവാന്‍ ദൈവം ഹോശേയായോടു കല്പിക്കുന്നു (ഹോശേയ 1). അത്രയും ഹൃദയഭേദകമായ സ്ഥിതി പോരാഞ്ഞിട്ട്, ഹോശേയയുടെ ഭാര്യ അവനെ ഉപേക്ഷിച്ചു പോയപ്പോള്‍, അവളോടു തിരികെ വരാന്‍ ആവശ്യപ്പെടാന്‍ ദൈവം അവനോടു പറഞ്ഞു. 'നീ ഇനിയും ചെന്ന് ഒരു ജാരനാല്‍ സ്നേഹിക്കപ്പെട്ട് വ്യഭിചാരിണിയായിരിക്കുന്ന സ്ത്രീയെ സ്നേഹിച്ചുകൊണ്ടിരിക്കുക' (3:1) എന്നു ദൈവം അവനോടു കല്പിച്ചു. അവരുടെ അനുസരണക്കേടുകളെല്ലാം ഉണ്ടായിട്ടും തന്റെ ജനവുമായി ഒരു ഗാഢ ബന്ധം പുലര്‍ത്തുവാന്‍ ദൈവം ആഗ്രഹിച്ചു. തന്റെ അവിശ്വസ്ത ഭാര്യയെ ഹോശേയാ സ്നേഹിക്കുകയും അവളെ പിന്തുടരുകയും, അവള്‍ക്കുവേണ്ടി ത്യാഗം സഹിക്കുകയും ചെയ്തതുപോലെ ദൈവം തന്റെ ജനത്തെ സ്നേഹിച്ചു. അവന്റെ ധാര്‍മ്മിക രോഷവും തീക്ഷ്ണതയും അവന്റെ മഹത്തായ സ്നേഹത്തിന്റെ പ്രതിഫലനമായിരുന്നു.
ഇതേ ദൈവം ഇന്നു നാമും അവന്റെ സമീപേ ചെല്ലുവാന്‍ ആഗ്രഹിക്കുന്നു. നാം വിശ്വാസത്തോടെ അവന്റെ സമീപേ ചെല്ലുമ്പോള്‍ സമ്പൂര്‍ണ്ണ സാക്ഷാത്കാരം നാം കണ്ടെത്തും.
അപ്പവും മീനും
ഒരു കൊച്ചുകുട്ടി പള്ളിയില്‍ നിന്നു വന്നിട്ട് അന്നു പഠിച്ച പാഠത്തെക്കുറിച്ച് ഉത്സാഹത്തോടെ പ്രഖ്യാപിച്ചത് 'ദിവസം മുഴുവനും അപ്പവും മീനും വിതരണം ചെയ്ത കുട്ടിയെക്കുറിച്ചായിരുന്നു പഠിപ്പിച്ചത്' എന്നാണ്. യേശുവിന്റെ അടുക്കല്‍ അപ്പവും മീനും കൊണ്ടുവന്ന ബാലനെക്കുറിച്ചാണ് അവന് ചിന്തിച്ചത് എന്നതില്‍ തര്‍ക്കമില്ല.
യേശു ദിവസം മുഴുവനും പുരുഷാരത്തെ ഉപദേശിക്കുകയായിരുന്നു. ജനം ഗ്രാമങ്ങളില്‍ പോയി ആഹാരസാധനങ്ങള്‍ ശേഖരിക്കാന്‍ അവരെ വിട്ടയയ്ക്കണമെന്ന് ശിഷ്യന്മാര് യേശുവിനോടു പറഞ്ഞു. നിങ്ങള്‍ അവര്‍ക്കു ഭക്ഷിപ്പാന്‍ കൊടുപ്പിന് എന്നായിരുന്നു യേശുവിന്റെ മറുപടി (മത്തായി 14:16). ശിഷ്യന്മാര് പരിഭ്രാന്തരായി, കാരണം 5000-ലധികം പേര്‍ക്ക് ആഹാരം കൊടുക്കണമായിരുന്നു!
കഥയുടെ ബാക്കി നിങ്ങള്‍ക്കറിയാം: ഒരു ബാലന് അവന്റെ ഉച്ചഭക്ഷണം നല്കി-അഞ്ചു ചെറിയ അപ്പവും രണ്ടു മീനും-അതുപയോഗിച്ച് യേശു ജനത്തെ പോഷിപ്പിച്ചു (വാ. 13-21). ഒരു ചിന്താധാരക്കാര്‍ പറയുന്നത്, കുട്ടിയുടെ ഔദാര്യം ജനക്കൂട്ടത്തിലെ മറ്റുള്ളവരെയും ചലിപ്പിക്കുകയും അവരും തങ്ങളുടെ ആഹാരം പങ്കുവയ്ക്കുകയും ചെയ്തു എന്നാണ്. എന്നാല്‍ ഇതൊരു അത്ഭുതമാണെന്നു നാം മനസ്സിലാക്കണമെന്ന് മത്തായി വ്യക്തമായും ആഗ്രഹിച്ചിരുന്നു, മാത്രമല്ല ഈ സംഭവം നാലു സുവിശേഷങ്ങളിലും കാണുന്നുമുണ്ട്.
എന്താണു നാം പഠിക്കുന്നത്? കുടുംബം, അയല്‍ക്കാര്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, മറ്റുള്ളവര്‍ വിവിധ നിലകളിലുള്ള ആവശ്യങ്ങളുമായി നമുക്കു ചുറ്റുമുണ്ട്. നാം അവരെ നമ്മെക്കാള്‍ കഴിവുള്ളവരുടെ അടുത്തേക്കു പറഞ്ഞുവിടുമോ? തീര്‍ച്ചയായും ചിലയാളുകളുടെ ആവശ്യങ്ങള്‍ നമ്മുടെ കഴിവിനപ്പുറത്തുള്ളതായിരിക്കാം, എന്നാല്‍ എല്ലായ്പ്പോഴുമല്ല. നിങ്ങള്ക്കുള്ളതെന്തായിരുന്നാലും - ഒരു ആലിംഗനം, ഒരു ദയാവാക്ക്, ശ്രദ്ധിക്കുന്ന കാത്, ഒരു ഹ്രസ്വ പ്രാര്‍ത്ഥന, നിങ്ങള്‍ ആര്‍ജ്ജിച്ചിട്ടുള്ള ജ്ഞാനം - യേശുവിനു നല്‍കിയിട്ട് അവന് അതുകൊണ്ട് എന്തുചെയ്യുമെന്നു കാണുക.
ഒരെണ്ണം സ്വന്തമാക്കിയ മനുഷ്യനോടു ചോദിക്കുക
1900-കളുടെ ആരംഭത്തില്‍, പാക്കാര്‍ഡ് മോട്ടോര്‍ കാര്‍ കമ്പനി ഉപഭോക്താക്കളെ വശീകരിക്കാനായി ഒരു മുദ്രാവാക്യം കണ്ടെത്തി. 'ഒരെണ്ണം സ്വന്തമാക്കിയ മനുഷ്യനോടു ചോദിക്കുക' എന്നത് ശക്തമായ ടാഗ്്ലൈന്‍ ആയിമാറുകയും, ആ കാലഘട്ടത്തിലെ മികച്ച ആഢംബരവാഹനം നിര്‍മ്മിക്കുന്ന കമ്പനി എന്ന ബഹുമതി കമ്പനിക്കു നേടിക്കൊടുക്കുകയും ചെയ്തു. വ്യക്തിപരമായ സാക്ഷ്യം കേഴ്വിക്കാരനെ കൂടുതല്‍ നിര്‍ബന്ധിക്കും എന്ന യാഥാര്‍ത്ഥ്യം കമ്പനി മനസ്സിലാക്കി; ഒരു ഉല്പന്നത്തെ സംബന്ധിച്ച ഒരു സുഹൃത്തിന്റെ സംതൃപ്തി ശക്തമായ ഒരു സാക്ഷ്യപത്രമാണ്.
നമ്മോടുള്ള ദൈവത്തിന്റെ നന്മയെ സംബന്ധിച്ച നമ്മുടെ വ്യക്തിപരമായ അനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് ഒരു സ്വാധീനം ഉളവാക്കും. നമ്മുടെ നന്ദിയും സന്തോഷവും ദൈവത്തോടു മാത്രമല്ല നമുക്കു ചുറ്റുമുള്ളവരോടും പങ്കുവയ്ക്കുവാന്‍ ദൈവം നമ്മെ ആഹ്വാനം ചെയ്യുന്നു (സങ്കീര്‍ത്തനം 66:1). സങ്കീര്ത്തനക്കാരന് തന്റെ പാപത്തില്‍ നിന്നും മാനസാന്തരപ്പെട്ടപ്പോള് ദൈവം തനിക്കു നല്കിയ പാപക്ഷമയെ തീക്ഷ്ണതയോടെ തന്റെ ഗാനത്തിലൂടെ പങ്കുവച്ചു (വാ. 18-20).
ചരിത്രത്തില്‍ ദൈവം, ചെങ്കടലിനെ വിഭാഗിച്ചതുപോലെയുള്ള അതിശയകരമായ കാര്യങ്ങളെ പ്രവര്‍ത്തിച്ചിട്ടുണ്ട് (വാ. 6). നമ്മുടെ ഓരോരുത്തരുടെയും വ്യക്തിപരമായ ജീവിതത്തിലും അവന് അത്ഭുതങ്ങള്‍ ചെയ്്തിട്ടുണ്ട്; കഷ്ടതയുടെ നടുവില്‍ നമുക്കു പ്രത്യാശ നല്‍കുകയും, അവന്റെ വചനം മനസ്സിലാക്കുവാന്‍ തന്റെ പരിശുദ്ധാത്മാവിനെ നല്‍കുകയും, നമ്മുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്തു. നമ്മുടെ ജീവിതത്തിലെ ദൈവിക പ്രവൃത്തികളുടെ വ്യക്തിപരമായ അനുഭവങ്ങള്‍ മറ്റുള്ളവരുമായി നാം പങ്കുവയ്ക്കുമ്പോള്‍, ഒരു പ്രത്യേക വാങ്ങലിനെ സംബന്ധിച്ച് ഒരു സാക്ഷ്യപത്രം നല്കുന്നതിനെക്കാള് ഉന്നതമായ ഒന്നാണ് നാം അവര്‍ക്കു നല്‍കുന്നത് - നാം ദൈവത്തിന്റെ നന്മയെ പ്രകീര്‍ത്തിക്കുകയും ജീവിതയാത്രയില്‍ അന്യോന്യം ധൈര്യപ്പടുത്തുകയും ചെയ്യുകയാണ്.
സ്നേഹത്തിനോ അഥവാ പണത്തിനോ
ഐറിസ് കവി ഒസ്കാര്‍ വൈല്‍ഡ് പറഞ്ഞു, 'ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍ പണമാണ് ജീവിതത്തിലെ ഏറ്റവും പ്രധാന വസ്തുവെന്നു ചിന്തിച്ചു; ഇപ്പോള്‍ പ്രായമായപ്പോള്‍ അതുതന്നെയാണെന്നു ഞാന്‍ മനസ്സിലാക്കി.' അദ്ദേഹത്തിന്റെ അഭിപ്രായം അല്പം അതിശയോക്തിപരമാണ്. നാല്‍പ്പത്തിയാറു വയസ്സുവരെയേ അദ്ദേഹം ജീവിച്ചുള്ളു, അതിനാല്‍ അദ്ദേഹത്തിനു 'പ്രായം' ആയിരുന്നില്ല. ജീവിതം പണത്തെ ചുറ്റിയുള്ളതല്ല എന്നു വൈല്‍ഡ് മനസ്സിലാക്കിയിരുന്നു.
പണം താല്ക്കാലികമാണ്; അതും വരികയും പോകുകയും ചെയ്യും. അതിനാല്‍ ജീവിതം പണത്തെക്കാളും അതുകൊണ്ടു വാങ്ങാന്‍ കഴിയുന്നവയെക്കാളുമുപരി ഒന്നാണ്. തന്റെ തലമുറയിലെ ജനത്തെ - ധനവാന്മാരെയും ദരിദ്രരെയും ഒരുപോലെ - മൂല്യ സംവിധാനത്തെ അഴിച്ചുപണിയാന്‍ യേശു വെല്ലുവിളിച്ചു. ലൂക്കൊസ് 12:15 ല്‍ യേശു പറഞ്ഞു, 'സകല ദ്രവ്യാഗ്രഹവും സൂക്ഷിച്ച് ഒഴിഞ്ഞുകൊള്‍വിന്‍; ഒരുത്തനു സമൃദ്ധി ഉണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവന് ആധാരമായിരിക്കുന്നത്.' നമ്മുടെ സംസ്കാരത്തില്‍, എവിടെ കൂടുതല്‍, പുതിയത്, മികച്ചത് എന്നിവയുടെമേല്‍ ശ്രദ്ധ വയ്ക്കുന്നുവോ, അവിടെ, സംതൃപ്തി സംബന്ധിച്ചും പണവും സമ്പാദ്യങ്ങളും സംബന്ധിച്ചുമുള്ള നമ്മുടെ കാഴ്ചപ്പാടു സംബന്ധിച്ചു ചിലതു പറയേണ്ടിയിരിക്കുന്നു.
യേശുവിനെ കണ്ടുമുട്ടിയ ഒരു ധനിക പ്രമാണി ദുഃഖിച്ചു മടങ്ങിപ്പോയി, കാരണം അവന്റെ സമ്പത്ത് നഷ്ടപ്പെടുത്താന്‍ അവനു മനസ്സില്ലായിരുന്നു (ലൂക്കൊസ് 18:18-25 കാണുക). എന്നാല്‍ ചുങ്കം പിരിവുകാരനായ സക്കായി തന്റെ ജീവിതകാലം മുഴുവനും ചിലവഴിച്ചു സമ്പാദിച്ച ധനത്തിന്റെ ഏറിയ പങ്കും നഷ്ടപ്പെടുത്താന്‍ തയ്യാറായി (ലൂക്കൊസ് 19:8). ക്രിസ്തുവിന്റെ മനസ്സിനെ ആശ്ലേഷിക്കുന്നതിലാണ് വ്യത്യാസം നിലകൊള്ളുന്നത്. അവന്റെ കൃപയില്‍ നമുക്ക് നമ്മുടെ സമ്പത്തിനെ സംബന്ധിച്ച് ആരോഗ്യകരമായ ഒരു കാഴ്ചപ്പാട് നിലനിര്‍ത്താന്‍ കഴിയും - അവ നമ്മെ കീഴ്പ്പെടുത്തുന്ന വസ്തുക്കളായി മാറുകയില്ല.
മാലിന്യത്തില്‍ നിന്നു മാണിക്യത്തിലേക്ക്
ബൊഗോട്ടയിലെ ദരിദ്ര മേഖലയില്‍ കുത്തനെയുള്ള തെരുവിന്റെ മുകളിലായിട്ടാണ് മാലിന്യം നീക്കം ചെയ്യുന്നയാളിന്റെ വീട് സ്ഥിതിചെയ്തിരുന്നത്. അത് ഒരു തരത്തിലും പ്രത്യേകതയുള്ളതായിരുന്നില്ല. എങ്കിലും കൊളംബിയയുടെ തലസ്ഥാനത്തുള്ള ആ വീട് 25,000 പുസ്തകങ്ങളുള്ള ഒരു ഗ്രന്ഥശാലയുടെ ആസ്ഥാനമായിരുന്നു-തന്റെ സമൂഹത്തിലെ ദരിദ്രരായ കുട്ടികള്‍ക്കുവേണ്ടി ജോസ് ആല്‍ബര്‍ട്ടോ ഗുട്ടിയറസ് ശേഖരിച്ച, മറ്റുള്ളവര്‍ എറിഞ്ഞുകളഞ്ഞ സാഹിത്യകൃതികളായിരുന്നു അവ.
വാരാന്ത്യത്തിലെ 'ലൈബ്രറി സമയ'ത്ത് കുട്ടികള്‍ ആ വീട്ടിലേക്ക് ഇരച്ചു കയറി. പുസ്തകങ്ങള്‍ കൊണ്ടു നിറഞ്ഞ ഓരോ മുറിയിലും കയറിയിറങ്ങുന്ന കുട്ടികളെ സംബന്ധിച്ച് അതു കേവലം സെനോര്‍ ജോസിന്റെ വീടായിരുന്നില്ല-വിലതീരാത്ത നിധിയായിരുന്നു.
ക്രിസ്തുവിന്റെ ഓരോ ശിഷ്യനെ സംബന്ധിച്ചും ഇതേ കാര്യം സത്യമാണ്. നാം വിലയില്ലാത്ത കളിമണ്ണുകൊണ്ടു നിര്‍മ്മിക്കപ്പെട്ടവരാണ്-പൊട്ടലുകള്‍കൊണ്ട് അലങ്കോലപ്പെട്ടവരും പെട്ടെന്നു തകരുന്നവരും. എങ്കിലും ദൈവം തന്റെ ശക്തിപ്പെടുത്തുന്ന പരിശുദ്ധാത്മാവിനെ നമ്മില്‍ പകര്‍ന്നിരിക്കുന്നു. ക്രിസ്തുവിന്റെ സുവാര്‍ത്ത, മുറിവേറ്റതും തകര്‍ന്നതുമായ ലോകത്തിന് എത്തിച്ചുകൊടുക്കുന്നതിനായി നമ്മെ ശക്തീകരിക്കുന്നു. സാധാരണക്കാരും ദുര്‍ബ്ബലരുമായ ആളുകളെ സംബന്ധിച്ച് അതൊരു വലിയ ജോലിയാണ്.
'എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന് ഈ നിക്ഷേപം ഞങ്ങള്‍ക്കു മണ്പാത്രങ്ങളില് ആകുന്നു ഉള്ളത്' (2 കൊരിന്ത്യര്‍ 4:7) പുരാതന നഗരമായ കൊരിന്തിലുള്ള തന്റെ സഭയോട് അപ്പൊസ്തലനായ പൗലൊസ് പറഞ്ഞു. ഈ പ്രദേശത്തിനപ്പുറത്തുള്ള ജനത്തിന്റെ ഒരു പരിച്ഛേദമാണവര്‍, അതിനാല്‍ ചുറ്റുപാടുകളില്‍ പോയി 'തങ്ങളെത്തന്നേ' പ്രസംഗിക്കുവാന്‍ അവര്‍ പരീക്ഷിക്കപ്പെട്ടിരുന്നു (വാ. 5)
അതിനു പകരം, പൗലൊസ് പറയുന്നു, നമ്മുടെ ഉള്ളില്‍ വസിക്കുന്ന വിലമതിക്കാനാവാത്ത ക്രിസ്തുവിനെക്കുറിച്ചു പ്രസംഗിക്കുക. അവനിലും അവന്റെ അത്യന്ത ശക്തിയിലുമാണ് നമ്മുടെ സാധാരണമായ ജീവിതങ്ങള്‍ വിലമതിക്കാനാവാത്ത നിക്ഷേപമായി മാറുന്നത്.