തോമസ് എഡിസണ്‍ ആദ്യത്തെ പ്രായോഗികമായ വൈദ്യുത ബള്‍ബ് നിര്‍മ്മിച്ചു. ജോനാസ് സാള്‍ക്ക് ഫലപ്രദമായ പോളിയോ വാക്സിന്‍ വികസിപ്പിച്ചു. എമി കാര്‍മൈക്കിള്‍ നാം ആരാധനയില്‍ പാടുന്ന നിരവധി പാട്ടുകള്‍ എഴുതി. എന്നാല്‍ നിങ്ങള്‍ എന്തു ചെയ്തു? നിങ്ങളെ എന്തിനാണു ഭൂമിയില്‍ ആക്കിയിരിക്കുന്നത്? നിങ്ങളുടെ ജീവിതത്തെ നിങ്ങള്‍ എങ്ങനെ നിക്ഷേപിക്കും?

ഹവ്വാ ‘ഗര്‍ഭം ധരിച്ചു കയീനെ പ്രസവിച്ചു’ എന്ന് ഉല്പത്തി 4 ല്‍ നാം വായിക്കുന്നു. കയീനെ ആദ്യമായി കൈകളില്‍ എടുത്തുകൊണ്ട്, ഹവ്വാ പ്രഖ്യാപിച്ചു, ‘യഹോവയാല്‍ എനിക്ക് ഒരു പുരുഷപ്രജ ലഭിച്ചു’ (ഉല്പത്തി 4:1). ഏറ്റവും ആദ്യത്തെ ജനനത്തിന്റെ അതിശയകരമായ അനുഭവം വിവരിക്കുവാനുള്ള ശ്രമത്തില്‍, ദൈവത്തിന്റെ പരമാധികാര സഹായത്തിലുള്ള ആശ്രയം ധ്വനിക്കുന്ന ഒരു പ്രയോഗമാണ് ഹവ്വാ നടത്തിയത്, ‘യഹോവയുടെ സഹായത്താല്‍.’ പിന്നീട്, ഹവ്വായുടെ സന്തതിയിലൂടെ, ദൈവം തന്റെ ജനത്തിന് മറ്റൊരു മകനിലൂടെ രക്ഷ ഒരുക്കി (യോഹ. 3:16). എത്ര അതിശയകരമായ പൈതൃകം!

ആളുകള്‍ ലോകത്തിന് നിലനില്ക്കുന്ന പൈതൃകം സമ്മാനിക്കുന്ന നിരവധി മാര്‍ഗ്ഗങ്ങളിലൊന്നാണ് മാതൃത്വവും പിതൃത്വവും. ഒരു പക്ഷേ നിങ്ങള്‍ എഴുതുകയോ, തയ്ക്കുകയോ, ചിത്രം വരയ്ക്കുകയോ ചെയ്യുന്ന മുറിയില്‍നിന്നാകാം നിങ്ങളുടെ സംഭാവന പുറത്തുവരുന്നത്. ദൈവിക സ്വാധീനത്തെ നിഷേധിക്കപ്പെട്ട ഒരുവന്് നിങ്ങള്‍ ഒരു മാതൃകയായിത്തീര്‍ന്നേക്കാം. അല്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത നിലയില്‍ നിങ്ങളുടെ മരണശേഷമായിരിക്കാം നിങ്ങളുടെ സംഭാവന പുറത്തുവരുന്നത്. അതൊരുപക്ഷേ നിങ്ങള്‍ ചെയ്തിട്ടുപോയ പ്രവൃത്തിയായിരിക്കാം അല്ലെങ്കില്‍ നിങ്ങളുടെ ബിസിനസ്സില്‍ നിങ്ങള്‍ പുലര്‍ത്തിയിരുന്ന സത്യസന്ധതയാകാം. ഏതു വിധത്തിലായാലും, നിങ്ങളുടെ വാക്കുകള്‍ ദൈവത്തിലുള്ള ആശ്രയത്തെക്കുറിച്ചു ഹവ്വാ പറഞ്ഞ വാക്കുകളെ പ്രതിധ്വനിപ്പിക്കുന്നുണ്ടോ? ദൈവത്തിന്റെ സഹായത്താല്‍ അവന്റെ മഹത്വത്തിനായി നിങ്ങള്‍ എന്തു ചെയ്യും?