അവളുടെ പേര് സരളിന് എന്നായിരുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ എനിക്കവളോട് ഒരു ആകര്‍ഷണം തോന്നിയിരുന്നു. ഏറ്റവും സുന്ദരമായ ചിരി അവള്‍ക്കുണ്ടായിരുന്നു. എന്റെ താല്പര്യത്തെക്കുറിച്ച് അവള്‍ക്കറിയാമോ എന്നെനിക്കുറപ്പില്ലായിരുന്നു, അവള്‍ക്കറിയാമെന്നു ഞാന്‍ സംശയിച്ചിരുന്നു. ഗ്രാജുവേഷനുശേഷം അവളെക്കുറിച്ചു പിന്നെ അറിവില്ലാതായി. ജീവിതത്തില്‍ സാധാരണ സംഭവിക്കുന്നതുപോലെ ഞങ്ങളുടെ ജീവിതം വ്യത്യസ്ത ദിശകളിലേക്കു മാറിപ്പോയി.
ചില ഓണ്‍ലൈന്‍ ഫോറത്തിലൂടെ ഞാന്‍ എന്റെ സഹപാഠികളുമായുള്ള ബന്ധം തുടര്‍ന്നു, അങ്ങനെയാണ് സരളിന് മരിച്ചു എന്ന വാര്‍ത്ത ഞാനറിഞ്ഞത്. അതെന്നെ വളരെ ദുഃഖിപ്പിച്ചു. അവളുടെ ജീവിതം മുന്നോട്ടു പോയ വഴിത്തിരിവിനെക്കുറിച്ച് വര്‍ഷങ്ങളോളം ഞാന്‍ അത്ഭുതപ്പെട്ടുകൊണ്ടിരുന്നു. എനിക്കു പ്രായമാകുന്തോറും സ്നേഹിതരെയും കുടുംബാംഗങ്ങളെയും നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. എന്നാല്‍ നമ്മില്‍ പലരും ഇതിനെക്കുറിച്ചു സംസാരിക്കുന്നത് ഒഴിവാക്കാറാണു പതിവ്.
നാം ദുഃഖിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ, അപ്പൊസ്തലനായ പൗലൊസ് പറയുന്നത് മരണത്തിന്റേതല്ല അന്തിമ വാക്ക് എന്നാണ് (1 കൊരിന്ത്യര്‍ 15:54-55). അതിനെത്തുടര്‍ന്ന് മറ്റൊരു വാക്കുണ്ട്: പുനരുത്ഥാനം. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ യാഥാര്‍ത്ഥ്യത്തിലാണ് പൗലൊസ് ആ പ്രത്യാശ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് (വാ. 12). അവന് പറയുന്നു, ‘ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥം; നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം’ (വാ. 14). വിശ്വാസികള്‍ എന്ന നിലയില്‍ നമ്മുടെ പ്രത്യാശ ഈ ലോകത്തില്‍ മാത്രം പരിമിതപ്പെട്ടിരിക്കുന്നുവെങ്കില്‍, അത് അത്യന്തം ദയനീയമാണ് (വാ. 19). ‘ക്രിസ്തുവില്‍ നിദ്രകൊണ്ടവരെ’ – മുത്തച്ഛന്മാരെയും മുത്തശ്ശിമാരെയും, അപ്പനമ്മമാരെയും, സ്നേഹിതരെയും അയല്‍ക്കാരെയും, നമ്മുടെ പഴയ സഹപാഠികളെപ്പോലും – നാം വീണ്ടും ഒരു ദിവസം കാണും (വാ. 18).
മരണത്തിന്റേതല്ല അവസാന വാക്ക്, പുനരുത്ഥാനത്തിന്റേതാണ്.
യേശുവേ, അങ്ങയുടെ പുനരുത്ഥാനത്തിന്റെ ശക്തി എന്റെ ജീവിതത്തില്‍ കൂടുതല്‍ കൂടുതല്‍ വെളിപ്പെടട്ടെ. അതെന്റെ വാക്കുകളിലും പ്രവൃത്തികളിലും വ്യക്തമാകട്ടെ, അങ്ങയെ അറിയാത്ത ആളുകളുമായി ഞാന്‍ ഇടപെടുമ്പോള്‍ പ്രത്യേകിച്ചും.