ഒരു നീണ്ട പകലിനുശേഷം ഷേര്‍ലി ചാരുകസേരയില്‍ ചാഞ്ഞു കിടന്നു. അവള്‍ ജനലിലൂടെ നോക്കിയപ്പോള്‍ ഒരു വൃദ്ധ ദമ്പതികള്‍, ‘സൗജന്യം’ എന്നെഴുതി ഒരു പറമ്പില്‍ ഇട്ടിരുന്ന ഒരു പഴയ വേലിയുടെ ഒരു ഭാഗം വലിച്ചുകൊണ്ടുവരുവാന്‍ പാടുപെടുന്നതു കണ്ടു. ഷേര്‍ലി ഭര്‍ത്താവിന്റെ കൈക്കു പിടിച്ചു, സഹായിക്കാനായി അവരുടെയടുത്തേക്കു ചെന്നു. നാലുപേരും ചേര്‍ന്ന് വളരെ വിഷമിച്ച് വേലിയുടെ ഭാഗം ഒരു ഉന്തുവണ്ടിയില്‍ കയറ്റി നഗരവീഥിയിലൂടെ തള്ളി, ഒരു മൂലയിലൂടെ കടന്ന് ദമ്പതികളുടെ വീട്ടിലെത്തിച്ചു. കാഴ്ചകണ്ട് ആളുകള്‍ ശ്രദ്ധിക്കുന്നതു കണ്ട് വഴിയിലുടനീളം ചിരിച്ചുകൊണ്ടായിരുന്നു അവരുടെ യാത്ര. വേലിയുടെ മറ്റെ ഭാഗം എടുക്കുവാനായി വീണ്ടും പോകുമ്പോള്‍ ആ സ്ത്രീ ഷേര്‍ലിയോടു ചോദിച്ചു, ‘എന്റെ സ്നേഹിത ആകാമോ?’ ‘ശരി, ഞാന്‍ ആകാം’ അവള്‍ മറുപടി നല്‍കി. തന്റെ പുതിയ വിയറ്റ്നാം സ്നേഹിതയ്ക്ക് കാര്യമായി ഇംഗ്ലീഷ് അറിയില്ല എന്നും അവരുടെ പ്രായപൂര്‍ത്തിയായ മക്കള്‍ ദൂരേയ്ക്കു താമസം മാറ്റിയതിനാല്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരാണെന്നും ഷേര്‍ലി പിന്നീടു മനസ്സിലാക്കി.

ലേവ്യാപുസ്തകത്തില്‍, പരദേശികളായിരിക്കുന്നതിന്റെ വിഷമതകള്‍ അനുഭവിച്ചരാണ് യിസ്രായേല്‍ എന്നു ദൈവം അവരെ ഓര്‍പ്പിക്കുകയും (19:34) അതിനാല്‍ പരദേശികളോട് എങ്ങനെ പെരുമാറണം എന്ന നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു (വാ. 9-18). തന്റെ സ്വന്തജനം ആയിരിക്കുവാന്‍ ദൈവം അവരെ വേര്‍തിരിച്ചു, അതിനു പകരമായി അവര്‍ തങ്ങളുടെ ‘അയല്‍ക്കാരെ’ തങ്ങളെപ്പോലെ തന്നേ സ്നേഹിച്ച് അനുഗ്രഹിക്കണം. രാജ്യങ്ങള്‍ക്കുള്ള ദൈവത്തിന്റെ ഏറ്റവും മഹത്തായ അനുഗ്രഹമായ യേശു പില്‍ക്കാലത്ത് തന്റെ പിതാവിന്റെ പ്രസ്താവനയെ പുനരുദ്ധരിച്ച് നമുക്കെല്ലാം ബാധകമാക്കി: ‘നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടുംകൂടെ സ്നേഹിക്കണം…കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കണം’ (മത്തായി 22:37-39).

നമ്മില്‍ വസിക്കുന്ന ക്രിസ്തുവിന്‍ ആത്മാവിലൂടെ, നമുക്കു ദൈവത്തെയും മറ്റുള്ളവരെയും സ്നേഹിക്കുവാന്‍ കഴിയും കാരണം അവന്‍ നമ്മെ ആദ്യം സ്നേഹിച്ചു (ഗലാത്യര്‍ 5:22-23; 1 യോഹന്നാന്‍ 4:19).
‘ശരി, ഞാന്‍ ചെയ്യാം’ എന്നു ഷേര്‍ലിയെപ്പോലെ നമുക്കും പറയാന്‍ കഴിയുമോ?