1932 ല്‍ ആറു വയസ്സുകാരി ഫ്ളാനറി ഒ’കോണറിനെ അവളുടെ കുടുംബ ഫാമില്‍വെച്ച് ചിത്രീകരിച്ച ബ്രിട്ടീഷ് ന്യൂസ്റീല്‍ ക്രൂവില്‍ നിന്നുള്ള ദൃശ്യഭാഗത്ത് ഞാന്‍ സംശയിച്ചുനിന്നു. പില്‍ക്കാലത്ത് പ്രസിദ്ധ അമേരിക്കന്‍ എഴുത്തുകാരിയായി മാറിയ ഫ്ളാനറി ഫിലിം ക്രൂവിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണം അവള്‍ ഒരു കോഴിക്കുഞ്ഞിനെ പുറകോട്ടു നടക്കാന്‍ പഠിപ്പിച്ചു എന്നതാണ്. ആ ശ്രമത്തിന്റെ പുതുമയ്ക്കപ്പുറത്തായി, ചരിത്രത്തിന്റെ ഈ കാഴ്ച മികച്ച ഒരു രൂപകമായി തോന്നി. തന്റെ സാഹിത്യവാസനയും ആത്മീയ ബോധ്യങ്ങളും കാരണം ഫ്ളാനറി തന്റെ 39 വര്‍ഷങ്ങള്‍ പുറകോട്ടു നടക്കുകയായിരുന്നു-അതായത് സംസ്‌കാരത്തിന് എതിരായി ചിന്തിക്കുകയും എഴുതുകയും ചെയ്തു. അവളുടെ വേദപുസ്തക രചനാ വിഷയങ്ങള്‍ എങ്ങനെ അവര്‍ പ്രതീക്ഷിച്ച മതപരമായ വീക്ഷണങ്ങള്‍ക്കെതിരായി നില്‍ക്കുന്നു എന്നതില്‍ പ്രസാധകരും വായനക്കാരും സ്തബ്ധരായി.

യേശുവിനെ യഥാര്‍ത്ഥമായി അനുകരിക്കുന്നവര്‍ക്ക് പ്രമാണങ്ങള്‍ക്കെതിരായി നീങ്ങുന്ന ഒരു ജീവിതം അനിവാര്യമാണ്. ദൈവരൂപത്തില്‍ ഇരുന്ന യേശുവില്‍ നിന്ന് നാം പ്രതീക്ഷിക്കുന്ന തരത്തിലല്ല മുന്നോട്ടു പോയതെന്ന് ഫിലിപ്പിയര്‍ നമ്മോടു പറയുന്നു (2:7). അവന്‍ തന്റെ അധികാരം ‘തന്റെ സ്വന്ത ഗുണത്തിന്’ ഉപയോഗിച്ചില്ല, മറിച്ച് ഒരു ദാസന്റെ രൂപം സ്വീകരിച്ചുകൊണ്ട് തന്നെത്താന്‍ ശുന്യനാക്കി (വാ. 7-8). സൃഷ്ടിയുടെ കര്‍ത്താവായ ക്രിസ്തു, സ്നേഹം നിമിത്തം മരണത്തിനു കീഴടങ്ങി. അവന്‍ പദവി മുറുകെപ്പിടിക്കാതെ താഴ്മ ധരിച്ചു. അവന്‍ അധികാരം കൈയാളിയില്ല, മറിച്ച് നിയന്ത്രണം കൈവിട്ടു. ചുരുക്കത്തില്‍, യേശു, ലോകത്തിന്റെ അധികാരത്താല്‍ നയിക്കപ്പെടുന്ന മാര്‍ഗ്ഗങ്ങള്‍ക്കെതിരായി പുറകോട്ടു നടന്നു.

നാമും അങ്ങനെ തന്നെ ചെയ്യണമെന്നു ബൈബിള്‍ പറയുന്നു (വാ. 5). യേശുവിനെപ്പോലെ, നാം അധികാരം നടത്തുന്നതിനു പകരം ശുശ്രൂഷിക്കണം. ഔന്നത്യത്തിലേക്കു നടക്കുന്നതിനു പകരം നാം താഴ്മയിലേക്കു നടക്കണം. വാങ്ങുന്നതിനു പകരം കൊടുക്കണം. യേശുവിന്റെ ശക്തിയാല്‍ നാം പുറകോട്ടു നടക്കണം.