മലഞ്ചരിവിലൂടെ താഴേക്കുള്ള സ്‌കീയിംഗ് പലപ്പോഴും അടയാളപ്പെടുത്തുന്നത് മഞ്ഞില്‍ നീല പെയിന്റ് സ്പ്രേ ചെയ്തുണ്ടാക്കുന്ന രേഖകളിലൂടെയാണ്. പരുക്കന്‍ വളവുകള്‍ കാഴ്ചക്കാരുടെ ശ്രദ്ധ തിരിച്ചുകളയുമെങ്കിലും മത്സരാര്‍ത്ഥികളെ സംബന്ധിച്ച് അവരുടെ വിജയത്തിനും സുരക്ഷിതത്വത്തിനും അവ നിര്‍ണ്ണായകമാണ്. ഏറ്റവും വേഗത്തില്‍ മലയടിവാരത്തിലെത്തുന്നതിനുള്ള മാര്‍ഗ്ഗം കാണിച്ചുകൊടുക്കാന്‍ ഈ പെയിന്റ് പ്രയോജനപ്പെടുന്നു. കൂടാതെ, മഞ്ഞിന്റെ പശ്ചാത്തലത്തിലുള്ള പെയിന്റ് മത്സരാര്‍ത്ഥികള്‍ക്ക് ആഴമായ ഉള്‍ക്കാഴ്ച നല്‍കുന്നു – അതിവേഗതയില്‍ സഞ്ചരിക്കുന്ന അവര്‍ക്ക് ആ ഉള്‍ക്കാഴ്ച അത്യാവശ്യമാണ്.

ജീവിതത്തിന്റെ ഓട്ടത്തില്‍ തന്റെ പുത്രന്മാര്‍ സുരക്ഷിതരായിരിക്കണം എന്ന പ്രതീക്ഷയില്‍ അവര്‍ ജ്ഞാനം അന്വേഷിക്കുവാന്‍ ശലോമോന്‍ തന്റെ പുത്രന്മാരോട് അപേക്ഷിക്കുന്നു. നീല രേഖകള്‍ പോലെ, ജ്ഞാനം ‘നേരെയുള്ള പാതയില്‍’ അവരെ നടത്തുകയും ഇടറാതെ അവരെ സൂക്ഷിക്കുകയും ചെയ്യും (സദൃശവാക്യങ്ങള്‍ 4:1-12). പിതാവെന്ന നിലയിലുള്ള അവന്റെ ആഴമായ പ്രതീക്ഷ തന്റെ പുത്രന്മാര്‍ ദൈവിക ജ്ഞാനത്തില്‍നിന്നകലുന്നതുകൊണ്ടു സംഭവിക്കുന്ന തകര്‍ച്ചകളെ ഒഴിവാക്കി സമ്പന്നമായ ജീവിതം നയിക്കണമെന്നതാകുന്നു.

നമ്മുടെ സ്നേഹസമ്പന്നനായ പിതാവായ ദൈവം, വേദപുസ്തകത്തില്‍ ഒരു ‘നീല-രേഖ’ സഹായി നല്‍കിയിരിക്കുന്നു. നമുക്കിഷ്ടമുള്ളിടത്ത് ‘സ്‌കീയിംഗ്’ നടത്തുവാന്‍ അവന്‍ നമുക്കു സ്വാതന്ത്ര്യം നല്‍കിയിരിക്കുമ്പോള്‍ തന്നേ, തിരുവെഴുത്തില്‍ അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്ന ജ്ഞാനം ‘അവയെ കിട്ടുന്നവര്‍ക്ക് അവ ജീവന്‍’ ആകുന്നു (വാ. 22). നാം തിന്മകളെ വെടിഞ്ഞ് പകരം അവനോടൊപ്പം നടക്കുമ്പോള്‍, നമ്മുടെ പാതകള്‍ അവന്റെ നീതിയാല്‍ പ്രകാശിതമാകുകയും നമ്മുടെ കാലുകള്‍ ഇടറാതെ ഓരോ ദിവസവും നമ്മെ വഴിനടത്തുകയും ചെയ്യും (വാ. 12, 18).