എന്റെ സൂപ്പര്‍വൈസര്‍ ഒരു കോളജ് ബാസ്‌കറ്റ്ബോള്‍ ടീമിന്റെ കടുത്ത ആരാധകനാണ്. ഈ വര്‍ഷം അവര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് നേടി, അതിനാല്‍ മറ്റൊരു സഹപ്രവര്‍ത്തകന്‍ അദ്ദേഹത്തിന് ആശംസകള്‍ ടെക്സ്റ്റ് ചെയ്തു. ഏക പ്രശ്നം എന്റെ ബോസിന് ഫൈനല്‍ കളി കാണാന്‍ അവസരം ലഭിച്ചില്ല എന്നതാണ്. അദ്ദേഹം ആകെ അസ്വസ്ഥനായി, എങ്കിലും ഫലം എന്തായിരിക്കുമെന്ന് മുന്നമേ അറിയാമായിരുന്നു എന്നദ്ദേഹം പറഞ്ഞു. എങ്കിലും, പിന്നീട് കളി കണ്ടുകൊണ്ടിരുന്നപ്പോള്‍, അവസാനം വരെ സ്‌കോര്‍ അടുത്തടുത്തു നിന്നിട്ടും താന്‍ അസ്വസ്ഥനായില്ല എന്ന് അദ്ദേഹം പറഞ്ഞു. ആരാണ് ജയിച്ചതെന്ന് അദ്ദേഹത്തിനറിയാമായിരുന്നു!

നാളെ എന്താണു സംഭവിക്കുക എന്നു നമുക്കറിയില്ല. ചില ദിവസങ്ങള്‍ മുഷിപ്പനും വിരസവുമായിരിക്കും, മറ്റു ചില ദിവസങ്ങള്‍ സന്തോഷത്താല്‍ നിറഞ്ഞതായിരിക്കും. ചിലപ്പോഴാകട്ടെ കഠിനമായതും നീണ്ട കാലം വേദന നിറഞ്ഞതും ആയിരിക്കും.

എങ്കിലും ജീവിതത്തിന്റെ പ്രവചനാതീതമായ ഉയര്‍ച്ച താഴ്ചകള്‍ക്കു നടുവിലും, നമുക്കു ദൈവത്തിന്റെ സമാധാനത്തില്‍ സുരക്ഷിതമായി അടിയുറച്ചു നില്‍ക്കാന്‍ കഴിയും. കാരണം എന്റെ സൂപ്പര്‍വൈസറെപ്പോലെ, കഥയുടെ അന്ത്യം നമുക്കറിയാം. ആരു ‘ജയിക്കും’ എന്നു നമുക്കറിയാം.

ബൈബിളിലെ അവസാന പുസ്തകമായ വെളിപ്പാട് മഹത്തായ ഫിനാലെയിലേക്ക് തിരശ്ശീല ഉയര്‍ത്തുന്നു. മരണത്തിന്റെയും തിന്മയുടെയും അന്ത്യ പരാജയത്തിനുശേഷം (20:10, 14) മനോഹരമായ ഒരു വിജയ രംഗം യോഹന്നാന്‍ വിവരിക്കുന്നു (21:1-3). അവിടെ ദൈവം തന്റെ ജനത്തിന്റെ ഇടയില്‍ വസിക്കുകയും (വാ. 3) ‘അവരുടെ കണ്ണില്‍നിന്നു കണ്ണുനീര്‍ എല്ലാം തുടച്ചുകളയുകയും’ ചെയ്യും. അവിടെ ‘മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല’ (വാ. 4).

പ്രയാസകരമായ ദിനങ്ങളില്‍, നമുക്ക് ഈ വാഗ്ദത്തത്തില്‍ ആശ്രയിക്കുവാന്‍ കഴിയും. ഇനിമേല്‍ ‘എങ്കില്‍-എന്ത്’ കളോ തകര്‍ന്ന ഹൃയങ്ങളോ ഇല്ല. പകരം, നാം നമ്മുടെ രക്ഷകനോടൊത്ത് നിത്യത ചിലവഴിക്കും. എന്തൊരു മഹത്വകരമായ ആഘോഷമായിരിക്കും അത്!