1957 ല്‍, വെള്ളക്കാര്‍ മാത്രം പഠിച്ചിരുന്ന അര്‍ക്കന്‍സാസിലെ ലിറ്റില്‍ റോക്കിലുള്ള സെന്‍ട്രല്‍ ഹൈസ്‌കൂളിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഒന്‍പത് ആഫ്രിക്കന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികളിലൊരുവളായിരുന്നു മെല്‍ബാ പാറ്റിലോ ബീല്‍സ്. ഐ വില്‍ നോട്ട് ഫീയര്‍: മൈ സ്റ്റോറി ഓഫ് എ ലൈഫ്ടൈം ഓഫ് ബില്‍ഡിംഗ് ഫെയ്ത്ത് അണ്ടര്‍ ഫയര്‍ (ഞാന്‍ ഭയപ്പെടുകയില്ല: ഒരു ജീവിതകാലം മുഴവനും അഗ്‌നിയില്‍ വിശ്വാസം പടുത്തുയര്‍ത്തിയ എന്റെ ജീവിതകഥ) എന്ന അവളുടെ 2018 ലെ സ്മരണികയില്‍, പതിനഞ്ചു വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിയെന്ന നിലയില്‍ ഓരോ ദിവസവും താന്‍ ധൈര്യപൂര്‍വ്വം നേരിടേണ്ടിവന്ന അനീതികളെയും പീഡനങ്ങളെയും കുറിച്ചുള്ള ഹൃദയസ്പൃക്കായ വിവരണം നല്‍കുന്നുണ്ട്.

അതോടൊപ്പം ദൈവത്തിലുള്ള തന്റെ ആഴമായ വിശ്വാസത്തെക്കുറിച്ചും അവള്‍ പറയുന്നു. അവളുടെ ജീവിതത്തിലെ അന്ധകാരമയമായ സമയങ്ങളില്‍, ഭയം അവളെ കീഴ്പ്പെടുത്തിയെന്നു തോന്നിയ സമയങ്ങളില്‍, കുഞ്ഞു പ്രായത്തില്‍ തന്റെ മുത്തശ്ശി അവളെ പഠിപ്പിച്ച ബൈബിള്‍ വാക്യങ്ങള്‍ അവള്‍ ഉരുവിടുമായിരുന്നു. അവള്‍ അവ ആവര്‍ത്തിക്കുമ്പോള്‍, ദൈവസാന്നിധ്യം തന്നോടുകൂടെയുണ്ടെന്നവള്‍ക്കനുഭവപ്പെടുകയും, സഹിക്കാനുള്ള കൃപ ദൈവവചനം അവള്‍ക്കു നല്‍കുകയും ചെയ്യുമായിരുന്നു.

ബീല്‍സ് കൂടെക്കൂടെ ഉരുവിടുന്ന ഭാഗമായിരുന്നു 23-ാം സങ്കീര്‍ത്തനത്തിലെ ‘കൂരിരുള്‍ താഴ്വരയില്‍ക്കൂടി നടന്നാലും ഞാന്‍ ഒരു അനര്‍ത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ’ (വാ. 4) എന്ന വാക്യം. ദൈവം നിന്റെ ത്വക്കുപോലെ നിന്നോടു ചേര്‍ന്നിരിക്കുന്നു, സഹായത്തിനായി നീ അവനെ വിളിക്കേണ്ട കാര്യമേയുള്ളു’ എന്ന അവളുടെ മുത്തശ്ശിയുടെ പ്രോത്സാഹനം അവളുടെ കാതുകളില്‍ മുഴങ്ങുമായിരുന്നു.

നമ്മുടെ പ്രത്യേകമായ സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നേക്കാം. നാമെല്ലാം നമ്മെ പെട്ടെന്നു ഭയചികതരാക്കുന്ന പ്രയാസകരമായ പോരാട്ടങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും സഹിക്കേണ്ടിവന്നേക്കാം. ആ നിമിഷങ്ങളില്‍, ദൈവത്തിന്റെ ശക്തമായ സാന്നിധ്യം എല്ലായ്പ്പോഴും നമ്മോടുകൂടെയുണ്ട് എന്ന സത്യത്തില്‍ നിങ്ങളുടെ ഹൃദയം ധൈര്യം കണ്ടെത്തട്ടെ.