‘വെസ്റ്റ് വിത്ത് ദി നൈറ്റ്’ എന്ന ഗ്രന്ഥത്തില്‍ എഴുത്തുകാരിയായ ബെറില്‍ മര്‍ഖാം തന്റെ ഭയങ്കരനായ കുതിര കാമിസ്‌കാനെ മെരുക്കുന്നതിനായുള്ള തന്റെ ശ്രമത്തെക്കുറിച്ചു വിവരിച്ചിട്ടുണ്ട്. കാമിസ്‌കാനുമായി തന്റെ പൊരുത്തം അവള്‍ കണ്ടെത്തി. എങ്കിലും ഏതെല്ലാം തന്ത്രങ്ങള്‍ അവള്‍ നടപ്പാക്കിയിട്ടും, അഭിമാനിയായ കുതിരയെ ഒരിക്കലും പൂര്‍ണ്ണമായി മെരുക്കാന്‍ കഴിഞ്ഞില്ല, അവന്റെ ശാഠ്യ ഇച്ഛയുടെമേല്‍ ശ്രദ്ധേയമായ ഒരു വിജയം മാത്രമേ നേടാനായുള്ളു.

നമ്മില്‍ എത്രപേര്‍ക്ക് നാവിനെ മെരുക്കാനുള്ള പോരാട്ടത്തില്‍ ഇങ്ങനെ അനുഭവപ്പെടാറുണ്ട്? നാവിനെ കുതിരയുടെ വായിലെ കടിഞ്ഞാണിനോടോ അല്ലെങ്കില്‍ കപ്പലിന്റെ ചുക്കാനോടോ ഉപമിച്ചുകൊണ്ട് (യാക്കോബ് 3:3-5) യാക്കോബ് വിലപിക്കുന്നത് ‘ഒരു വായില്‍നിന്നു തന്നേ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ
ആയിരിക്കുന്നതു യോഗ്യമല്ല” (വാ. 10).

എങ്കില്‍ എങ്ങനെ നമുക്ക് നാവിന്മേലുള്ള പോരാട്ടത്തില്‍ ജയം പ്രാപിക്കാനാവും? നാവിനെ മെരുക്കാനുള്ള വഴി അപ്പൊസ്തലനായ പൗലൊസ് ഉപദേശിക്കുന്നു. ഒന്നാമത്, സത്യം മാത്രം സംസാരിക്കുക (എഫെസ്യര്‍ 4:25). എന്നിരുന്നാലും ബുദ്ധിശൂന്യമായി സംസാരിക്കാനുള്ള അനുമതിയല്ല ഇത്. ‘കേള്‍ക്കുന്നവര്‍ക്കു കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവര്‍ദ്ധനയ്ക്കായി നല്ല വാക്കല്ലാതെ ആകാത്തത് ഒന്നും നിങ്ങളുടെ വായില്‍ നിന്നു പുറപ്പെടരുത്’ (വാ. 29) എന്നു പൗലൊസ് പുറകെ പറയുന്നു. പ്രയോജനരഹിതമായവ നാം മാറ്റിക്കളയണം: ‘എല്ലാ കയ്പ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകല ദുര്‍ഗ്ഗുണവുമായി നിങ്ങളെ വിട്ട് ഒഴിഞ്ഞുപോകട്ടെ’ (വാ. 31). ഇതെളുപ്പമാണോ? നമ്മുടെ സ്വന്ത കഴിവില്‍ അതിനു ശ്രമിച്ചാല്‍ അതെളുപ്പമല്ല. നാം അവനില്‍ ആശ്രയിക്കുമ്പോള്‍ നമ്മെ സഹായിക്കാന്‍ സന്നദ്ധനായ പരിശുദ്ധാത്മാവു നമുക്കുള്ളതിനു നന്ദി.

മര്‍ഖാം പഠിച്ചതുപോലെ, കാമിസ്‌കാന്റെ മുമ്പില്‍ സ്ഥിരോത്സാഹിയായിരിക്കുക എന്നതാണ് ഇച്ഛകളുടെ പോരാട്ടത്തില്‍ അനിവാര്യമായിരിക്കുന്നത്. നാവിനെ മെരുക്കുന്ന കാര്യത്തിലും അതു തന്നെയാണ് വേണ്ടത്.