‘സന്തോഷത്താല്‍ ആശ്ചര്യാധീനനാകുക’ (സര്‍പ്രൈസ്ഡ് ബൈ ജോയ്) എന്ന തന്റെ ഗ്രന്ഥത്തില്‍ സി. എസ്. ലൂയിസ്, താന്‍ പതിമൂന്നാമത്തെ വയസ്സില്‍ ക്രിസ്ത്യാനിത്വത്തിലേക്കു വന്നത്, ‘കൈകാലിട്ടടിച്ചും എതിര്‍ത്തും നീരസപ്പെട്ടും രക്ഷപ്പെടാനുള്ള അവസരത്തിനായി എല്ലാം ദിശയിലേക്കും കണ്ണെറിഞ്ഞും” കൊണ്ടാണെന്ന് ഏറ്റുപറഞ്ഞിട്ടുണ്ട്. ലൂയിസിന്റെ വ്യക്തിപരമായ ഏതിര്‍ത്തുനില്‍പ്പും പരാജയങ്ങളും നേരിട്ട തടസ്സങ്ങളും ഉണ്ടായിട്ടും കര്‍ത്താവ് അദ്ദേഹത്തെ വിശ്വാസത്തിന്റെ ധീരനും ക്രിയാത്മകവുമായ സംരക്ഷകനാക്കി രൂപാന്തരപ്പെടുത്തി. അദ്ദേഹത്തിന്റെ മരണത്തിന് അമ്പത്തഞ്ചിലധികം വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴും അനേകര്‍ വായിക്കുകയും പഠിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന ലേഖനങ്ങളിലൂടെയും നോവലുകളിലൂടെയും ലൂയിസ് ദൈവിക സത്യവും സ്നേഹവും വിളംബരം ചെയ്തു. ഒരു വ്യക്തി ‘ഒരു പുതിയ ലക്ഷ്യം വയ്ക്കുന്നതിനോ ഒരു പുതിയ സ്വപ്നം കാണുന്നതിനോ കഴിയാത്തവിധം ഒരിക്കലും വൃദ്ധനാകുന്നില്ല’ എന്ന തന്റെ വിശ്വാസം അദ്ദേഹം തന്റെ ജീവിതത്തിലുടെ പ്രദര്‍ശിപ്പിച്ചു.

നാം പദ്ധതികള്‍ തയ്യാറാക്കുകയും സ്വപ്നങ്ങളെ പിന്തുടരുകയും ചെയ്യുമ്പോള്‍, നമ്മുടെ താല്പര്യങ്ങളെ ശുദ്ധീകരിക്കുവാനും നാം ചെയ്യുന്ന കാര്യങ്ങളെ അവനുവേണ്ടിയുള്ളതാക്കുവാനും ദൈവത്തിനു കഴിയും (സദൃ. 16:1-3). ഏറ്റവും സാധാരണമായ പ്രവൃത്തികള്‍ മുതല്‍ ഏറ്റവും വലിയ വെല്ലുവിളികള്‍ വരെ, ‘സകലത്തെയും തന്റെ ഉദ്ദേശ്യത്തിനായി ഉണ്ടാക്കിയിരിക്കുന്ന’ (വാ. 4) നമ്മുടെ സര്‍വ്വശക്തനായ സ്രഷ്ടാവിന്റെ മഹത്വത്തിനായി ജീവിക്കാന്‍ നമുക്കു കഴിയും. അവന്‍ നമ്മെ കാത്തു പാലിക്കുമ്പോള്‍ നമ്മുടെ ഓരോ പ്രവൃത്തിയും ഓരോ വാക്കും ഓരോ ചിന്തയും പോലും ഹൃദയംഗമായ ആരാധനയുടെയും നമ്മുടെ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്ന ത്യാഗോജ്വല യാഗത്തിന്റെയും പ്രകടനമായി മാറും (വാ. 7).

നമ്മുടെ പരിമിതികൊണ്ടും നമ്മുടെ വൈമനസ്യം കൊണ്ടും അല്ലെങ്കില്‍ ചെറിയ സ്വപ്നങ്ങള്‍ കാണുന്നതിനോ ഉള്ളതുകൊണ്ടു തൃപ്തിപ്പെടുന്നതിനോ ഉള്ള നമ്മുടെ പ്രവണത കൊണ്ടും ദൈവം പരിമിതപ്പെട്ടുപോകുന്നില്ല. നാം അവനുവേണ്ടി ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍-അവനുവേണ്ടി സമര്‍പ്പിതരും അവനില്‍ ആശ്രയിക്കുന്നവരും- നമുക്കുവേണ്ടിയുള്ള തന്റെ പദ്ധതികള്‍ അവന്‍ നടപ്പിലാക്കും. നാം ചെയ്യുന്നതെല്ലാം അവനോടൊപ്പവും അവനുവേണ്ടിയും അവന്‍ കാരണം മാത്രവും നാം ചെയ്യും.