ഡേവിഡ് ലീനിന്റെ ലോറന്‍സ് ഓഫ് അറേബ്യയെ എക്കാലത്തെയും ഏറ്റവും മികച്ച സിനിമകളിലൊന്നായി അനേക സിനിമാ നിരൂപകരും കരുതുന്നുണ്ട്. അതിലെ അന്തമില്ലാത്ത അറേബ്യന്‍ മരുഭൂമിയുടെ കാഴ്ചയിലൂടെ അത് അക്കാദമി അവാര്‍ഡ് ജേതാവായ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ഉള്‍പ്പെടെ സിനിമാ നിര്‍മ്മാതാക്കളുടെ ഒരു തലമുറയെ സ്വാധീനിച്ചു. ‘ഞാന്‍ ലോറന്‍സ് ആദ്യമായി കണ്ടപ്പോള്‍ അതെന്നെ പ്രചോദിപ്പിച്ചു,’ സ്പില്‍ബര്‍ഗ് പറഞ്ഞു. ‘അതെന്നെ ഞാന്‍ ചെറുതാണെന്നു തോന്നിപ്പിച്ചു. അതിപ്പോഴും എന്നെ ചെറുതാണെന്നു തോന്നിപ്പിക്കുന്നു. അതാണ് അതിന്റെ മഹത്വത്തിന്റെ ഒരു അളവ്.’

എന്നെ ചെറുതാണെന്നു തോന്നിപ്പിക്കുന്നത് സൃഷ്ടിയുടെ വിശാലതയാണ്-ഞാന്‍ സമുദ്രത്തെ നോക്കുമ്പോള്‍, കോടാനുകോടി നക്ഷത്രങ്ങള്‍ മിന്നുന്ന രാത്രിയിലെ ആകാശത്തെ നോക്കുമ്പോള്‍. സൃഷ്ടിക്കപ്പെട്ട പ്രപഞ്ചം ഇത്ര വിശാലമാണെങ്കില്‍, ഉണ്ടാകട്ടെ എന്നു പറഞ്ഞ് അവയെ ഉണ്ടാക്കിയ സ്രഷ്ടാവ് എത്രയധികം വലിയവനായിരിക്കും!

ദൈവത്തിന്റെ വലിപ്പവും നമ്മുടെ നിസ്സാരത്വവും ദാവീദിന്റെ വാക്കുകളില്‍ പ്രതിധ്വനിക്കുന്നു, ‘മര്‍ത്യനെ നീ ഓര്‍ക്കേണ്ടതിന് അവവന്‍ എന്ത്? മനുഷ്യപുത്രനെ സന്ദര്‍ശിക്കേണ്ടതിന് അവന്‍ എന്തു മാത്രം?’ (സങ്കീര്‍ത്തനം 8:4). എന്നാല്‍ യേശു നമ്മെ ഉറപ്പിക്കുന്നത്, ‘ആകാശത്തിലെ പറവകളെ നോക്കുവിന്‍; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല; കളപ്പുരയില്‍ കൂട്ടിവയ്ക്കുന്നതുമില്ല; എങ്കിലും സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലര്‍ത്തുന്നു; അവയെക്കാള്‍ നിങ്ങള്‍ ഏറ്റവും വിശേഷതയുള്ളവരല്ലയോ?’ (മത്തായി 6:26).

ഞാന്‍ ചെറുതും നിസ്സാരനും എന്നെനിക്കു തോന്നിയേക്കാം, പക്ഷേ എന്റെ പിതാവിന്റെ കണ്ണില്‍ എനിക്ക് വലിയ വിലയുണ്ട്-ഞാന്‍ ക്രൂശിലേക്ക് ഓരോ പ്രാവശ്യവും നോക്കുമ്പോള്‍ തെളിയിക്കപ്പെടുന്ന ഒരു വില. അവനുമായുള്ള കൂട്ടായ്മയിലേക്ക് യഥാസ്ഥാനപ്പെടുത്തുന്നതിന് അവന്‍ കൊടുക്കുവാന്‍ തയ്യാറായ വില, അവന്‍ എന്നെ എത്രമാത്രം വിലമതിക്കുന്നു എന്നതിന്റെ തെളിവാണ്.