അനേക കഴിവുകളുള്ള ഞങ്ങളുടെ ആരാധനാ ശുശ്രൂഷകന് ഒരു ബോട്ട് അപകടത്തില്‍ മുപ്പത്തൊന്നാം വയസ്സില്‍ മരണമടഞ്ഞപ്പോള്‍ ഞങ്ങളുടെ സഭ ദുഃഖകരമായ അനുഭവത്തിലൂടെ കടന്നുപോയി. പോളിനും ഭാര്യ ഡുറോന്റയ്ക്കും വേദന അപരിചിതമായിരുന്നില്ല; അകാലത്തില്‍ കടന്നുപോയ നിരവധി കുഞ്ഞുങ്ങളെ അവര്‍ അടക്കിയിട്ടുണ്ട്; ഇപ്പോഴിതാ ആ കൊച്ചു കുഴിമാടങ്ങള്‍ക്കരികെ മറ്റൊരു കുഴിമാടം കൂടി. ഈ കുടുംബം അനുഭവിച്ച, ജീവിതത്തെ തകര്‍ത്തുടച്ച പ്രതിസന്ധികള്‍ അവരെ സ്നേഹിച്ചവരെയെല്ലാം തലക്കേറ്റ ആഘാതം പോലെ ഉലച്ചു.
വ്യക്തിപരവും കുടുംബപരവുമായ പ്രതിസന്ധികള്‍ ദാവീദിന് അന്യമായിരുന്നില്ല. സങ്കീര്‍ത്തനം 3 ല്‍ തന്റെ മകന് അബ്ശാലോമിന്റെ മത്സരം നിമിത്തം ദാവീദ് തകര്‍ന്നുപോയി. കൊട്ടാരത്തില്‍ താമസിച്ചു യുദ്ധം ചെയ്യുന്നതിനുപകരം, അവന് തന്റെ ഭവനവും സിംഹാസനവും വിട്ട് ഓടിപ്പോയി (2 ശമുവേല്‍ 15:13-23). അവന് ദൈവത്താല്‍ കൈവിടപ്പെട്ടു എന്ന് ‘അനേകര്‍’ കരുതിയെങ്കിലും (സങ്കീര്‍ത്തനം 3:2), ദാവീദിന് സത്യം അറിയാമായിരുന്നു, കാരണം അവന് യഹോവയെ തന്റെ ശരണമാക്കിയിരുന്നു (വാ. 3),അതനുസരിച്ച് അവന് യഹോവയെ വിളിച്ചപേക്ഷിച്ചു (വാ. 4). അതുതന്നെയാണ് ഡുറോന്റ ചെയ്തതും. തന്റെ ഭര്‍ത്താവിനെ സ്മരിക്കുവാന് നൂറുകണക്കിനാളുകള്‍ കൂടിവന്നപ്പോള്‍, അവള് തന്റെ അതിദുഃഖത്തിന്റെ നടുവിലും തന്റെ ശാന്തവും മൃദുവുമായ ശബ്ദത്തില്‍ ദൈവത്തിലുള്ള ഉറപ്പ് പ്രഖ്യാപിക്കുന്ന ഒരു പാട്ടു പാടി.
ഡോക്ടറുടെ റിപ്പോര്‍ട്ട് പ്രോത്സാഹജനകമല്ലാതിരിക്കുമ്പോള്‍, സാമ്പത്തിക ഞെരുക്കത്തിന് അയവു വരാതിരിക്കുമ്പോള്‍, ബന്ധങ്ങള്‍ നിരപ്പാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുമ്പോള്‍, നമ്മുടെ സ്നേഹഭാജനങ്ങളെ മരണം തട്ടിയെടുക്കുമ്പോള്‍- ‘നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയര്‍ത്തുന്നവനും ആകുന്നു’ (വാ. 3) എന്ന് പറയാന്‍ നമുക്കും ശക്തി ലഭിക്കട്ടെ.
സ്വര്‍ഗ്ഗീയ പിതാവേ, ജീവിതം സുഖകരമല്ലെങ്കിലും അങ്ങയില്‍ ആശ്വാസം കണ്ടെത്തുവാന്‍ എനിക്കു കഴിയും എന്നു മനസ്സിലാക്കുവാന്‍ എന്നെ സഹായിക്കണമേ.